മധുര : സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബി എത്തും. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗം ബേബിയുടെ പേരിന് അംഗീകാരം നൽകി. മധുരയിൽ നടക്കുന്ന പാർ...
മധുര : സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബി എത്തും. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗം ബേബിയുടെ പേരിന് അംഗീകാരം നൽകി.
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നതിനുശേഷമായിരിക്കും ബേബിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ബേബി ജനറൽ സെക്രട്ടറി ആകുന്നതിനെ ബംഗാൾ ഘടകം എതിർത്തിരുന്നു. എന്നാൽ, സമവായ ചർച്ചകൾക്കൊടുവിൽ ബംഗാൾ ഘടകം എതിർപ്പ് പിൻവലിച്ചിരുന്നു.
ഇഎംഎസിന് ശേഷം കേരളത്തിൽനിന്ന് പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽ എത്തുന്ന നേതാവാണ് ബേബി. പാർട്ടി സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് പ്രകാശ് കാരാട്ട് ഓർഡിനേറ്റർ ചുമതല വഹിക്കുകയായിരുന്നു. കാരാട്ടാണ് ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.
മറ്റു പേരുകൾ ഒന്നും തന്നെ കാരാട്ട് മുന്നോട്ടു വച്ചതുമില്ല. ബംഗാളിൽ നിന്നുള്ള നീലോല്പൽ ബസു, മുഹമ്മദ് സലിം, സൂര്യകാന്ത മിശ്ര, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെ എന്നിവർ ബേബിയെ ജനറൽ സെക്രട്ടറി ആക്കുന്നത് എതിർത്തിരുന്നു.
മലയാളിയായ വിജു കൃഷ്ണൻ, മറിയം ധാവ് ളെ, ജിതേൻ ചൗധരി, അംറാ റാം, ശ്രീദീപ് ഭട്ടാചാര്യ, യു വാസുകി എന്നിവർ പുതുതായി പിബിയിൽ എത്തും.
പ്രായത്തിൽ ഇളവ് നൽകി പിണറായി വിജയൻ തുടരുന്നതിനും തീരുമാനമായി. മുഹമ്മദ് യൂസഫ്, മലയാളിയായ പി കെ ശ്രീമതി എന്നിവർക്കും പ്രായത്തിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ അനുമതി നൽകുമെന്നാണ് അറിയുന്നത്.
പിബിയിൽ നിന്ന് വിരമിക്കുന്ന പ്രകാശ് കാരാട്ട്, മണിക്ക് സർക്കാർ, വൃന്ദാ കാരാട്ട് എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കാനും തീരുമാനമുണ്ട്.
COMMENTS