Pakistan shaken after India destroyed air defense system in Lahore, followed by Pakistan army borrowing Hamas style
അഭിനന്ദ്
ന്യൂഡല്‍ഹി : ലാഹോര്‍ നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തത് പാകിസ്ഥാന് ഏറ്റ് ഏറ്റവും കനത്ത അടിയായി. ഇതോടെയാണ് പാകിസ്ഥാന്‍ ഹമാസ് ശൈലിയില്‍ ജമ്മു മേഖലയിലേക്ക് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും തുടരെ തൊടുക്കാന്‍ തുടങ്ങിയത്. ഇങ്ങനെ വന്നാല്‍ ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തെ നിര്‍വീര്യമാക്കാമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.
'ഇന്ന് രാവിലെ, ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യം വച്ചു. പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അതേ തീവ്രതയോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായി വിശ്വസനീയമായി അറിയാന്‍ കഴിഞ്ഞു,' പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ വടക്കും പടിഞ്ഞാറുമായി നിരവധി സൈനിക ലക്ഷ്യങ്ങളില്‍ പാകിസ്ഥാന്‍ മിസൈല്‍ ആക്രമണം നടത്താന്‍ ശ്രമിച്ചു. ഇവ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ നിര്‍വീര്യമാക്കി.
ശത്രു വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സംവിധാനങ്ങളാണ് വ്യോമ പ്രതിരോധ സംവിധാനം.
ഒരു വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും സാധാരണയായി അറിയപ്പെടുന്ന ഘടകം ഭൂതല-വായു മിസൈല്‍ സംവിധാനമാണ്. ഇത് ശത്രു മിസൈലിനെയോ വിമാനത്തെയോ തടയുന്നതിനായി ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്നു. ഇതു മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഘടകം മാത്രമാണ്. സിസ്റ്റം എത്ര പാളികളുള്ളതാണെന്നത് ഒരു രാജ്യത്തിന്റെ സൈനിക കഴിവുകളെ ആശ്രയിച്ചിരിക്കുന്നു.
ഒരു വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ശത്രു മിസൈലിനെ തിരിച്ചറിയുക, ട്രാക്ക് ചെയ്യുക, തുടര്‍ന്ന് അതിനെ ഇടിച്ചു തകര്‍ക്കുക എന്നിവയാണ്. റഡാറുകള്‍, ജാമറുകള്‍, എയര്‍ സൈറണുകള്‍ എന്നിവയെല്ലാം ഒരു വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങളാണ്.
റഡാര്‍ റേഡിയോ തരംഗങ്ങള്‍ വഴി ശത്രുവിന്റെ വിമാനമോ മിസൈലോ കണ്ടെത്തുന്നു. റഡാര്‍ അപായ സൂചന തന്നാല്‍ അതു പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ അതിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കുന്നു. വരുന്ന ഭീഷണി എത്ര വലുതാണെന്നും, ഏത് ആയുധ സംവിധാനമാണ് അതിനെ നേരിടാന്‍ വിന്യസിക്കേണ്ടതെന്നും ഉടനടി തീരുമാനമെടുക്കുന്നു.
ഒരു വ്യേമ പ്രതിരോധ സംവിധാനത്തിനു വ്യത്യസ്ത ആക്രമണ ശ്രേണികളുണ്ടാകാം. ശത്രുവിമാനങ്ങളെയോ അതില്‍ നിന്നു വിക്ഷേപിക്കുന്ന മിസൈലുകളെയോ വീഴ്ത്താന്‍ ഇത് വിക്ഷേപിക്കാം. മിസൈല്‍, ബോംബ്, ഡ്രോണ്‍ തുടങ്ങിയവയുടെ ഭാഗങ്ങള്‍ ഭൂമിയില്‍ കഴിയുന്നത്ര പതിക്കാതെ തന്നെ ആകാശത്തു വച്ചു തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വ്യോമ പ്രതിരോധ സംവിധാനം.
മിസൈലും ബോംബും തമ്മിലും വ്യത്യാസമുണ്ട്. മിസൈലിന് അതിന്റേതായ എഞ്ചിന്‍ ഉണ്ട്. അത് ഒരു ഗൈഡഡ് പാത പിന്തുടര്‍ന്നാണ് ലക്ഷ്യത്തിലെത്തുന്നത്. ഇതേസമയം ബോംബ് താഴേക്ക് വീഴുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നത് ഗുരുത്വാകര്‍ഷണത്തെ ആശ്രയിച്ചാണ്.
ഒരു നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കുന്നത് സാധാരണയായി നഗരത്തില്‍ ബോംബിടുന്നതിനോ നഗരത്തിനുള്ളിലെ ചില സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനോ ഉള്ള ഒരുക്കമായിട്ടാണ് ചെയ്യുന്നത്.
പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍, അടുത്ത കാലത്ത് തുര്‍ക്കി, ചൈന എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ ആയുധങ്ങളും അമേരിക്കയില്‍ നിന്നുള്ള ചില പഴയ ആയുധ സംവിധാനങ്ങളും സോവിയറ്റ് കാലഘട്ടത്തിലെ ചില ആയുധങ്ങളുമാണുള്ളത്. വന്‍ ശക്തികളൊന്നും പാകിസ്ഥാന് ഇപ്പോള്‍ ആയുധങ്ങള്‍ കൊടുക്കുന്നില്ല. അതു വാങ്ങാനുള്ള ശേഷിയും പാകിസ്ഥാനില്ല.
ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തതോടെ അവിടേയ്ക്ക് ഇന്ത്യയുടെ ശക്തമായ ആക്രമണത്തിനു സാദ്ധ്യത കൂടിയിരിക്കുകയാണ്. പാകിസ്ഥാന്റെ സൈനിക സന്നാഹങ്ങളുടെ വലിയൊരു കേന്ദ്രമാണ് ലാഹോര്‍.
Summary: Pakistan shaken after India destroyed air defense system in Lahore, followed by Pakistan army borrowing Hamas style, India unshaken. With India destroying the air defense system in Lahore, the possibility of a strong attack by India has increased there. Lahore is a major center of Pakistan's military installations.
COMMENTS