Pakistan continues to fire rockets and missiles Hamas-style, India defends and retaliates, Pakistan shoots down F-16s
അഭിനന്ദ്
ന്യൂഡല്‍ഹി : ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ ഉന്നമിട്ട് പാകിസ്ഥാന്‍ ഹമാസ് ശൈലിയില്‍ മിസൈലുകളും റോക്കറ്റുകളും തുടരെ തൊടുത്തതോടെ യുദ്ധസമാനമായ സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറുകയാണ്.
ജമ്മു കശ്മീര്‍ ആകാശ മേഖലയില്‍ വ്യാപകമായി ഡ്രോണ്‍ ആക്രമണം തുടരുകയാണ്. പാക് ഡ്രോണുകള്‍ ആകാശത്തില്‍ വച്ച് തന്നെ ഇന്ത്യന്‍ സേന നിര്‍വീര്യമാക്കുന്നുണ്ട്.
പാക് യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവച്ചിട്ടു. എ16,ജെഎഫ്17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടത്. പാക്കിസ്ഥാനെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നുണ്ടാകുന്നത്. കനത്ത തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുത്തിട്ടുണ്ട്.
15 ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള പാക് മിസൈല്‍ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം പാകിസ്ഥാന്‍ ജമ്മു കശ്മീരിലെ ചില ഭാഗങ്ങളില്‍ വന്‍തോതില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമായി ആര്‍എസ് പുര, അര്‍നിയ, സാംബ, ഹിരാനഗര്‍ എന്നിവിടങ്ങളില്‍ കനത്ത ഷെല്ലാക്രമണം പാകിസ്ഥാന്‍ നടത്തിയതിനു പിന്നാലെയായിരുന്നു ജമ്മു മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.
പ്രധാന സൈനിക താവളങ്ങളുള്ള ആര്‍എസ് പുര, അര്‍ണിയ, സാംബ, ഹിരാനഗര്‍ എന്നീ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ എട്ട് മിസൈലുകള്‍ തൊടുത്തുവിട്ടു. ഇവയെല്ലാം ഇന്ത്യയുടെ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തകര്‍ത്തു.
രാത്രി ഒന്‍പതു മണിയോടെ ജമ്മുവില്‍ നിന്ന് വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങി. പിന്നാലെ വൈദ്യുതി വിച്ഛേദിച്ചു. പ്രദേശവാസികള്‍ അയച്ച സെല്‍ഫോണ്‍ വീഡിയോകളില്‍ ആകാശത്ത് ലൈറ്റുകള്‍ തെളിയുന്നത് കാണാം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും ആകാശത്തു തന്നെ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
വ്യോമ പ്രതിരോധ സംവിധാനം സജീവമായതോടെ, ആകാശം ഓരോ മിനിറ്റിലും പ്രകാശപൂരിതമായിക്കൊണ്ടിരിക്കുകയാണ്. ജമ്മു നഗരത്തിന്റെ ചില ഭാഗങ്ങളില്‍ സെല്‍ഫോണ്‍ സേവനങ്ങള്‍ തകരാറിലാണ്്.
ഇതിനിടെ, പാകിസ്ഥാനിലെ സര്‍ഗോധ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-16 സൂപ്പര്‍സോണിക് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ പത്താന്‍കോട്ടും പാകിസ്ഥാനില്‍ നിന്ന് കനത്ത പീരങ്കി ആക്രമണമുണ്ടായി. തന്ത്രപരമായ ഒരു മേഖലയായ പത്താന്‍കോട്ട് ജമ്മുവിലേക്കുള്ള പ്രവേശന കവാടമാണ്.
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഇരുട്ടിലാണ്. പഞ്ചാബിലെ ചണ്ഡീഗഡ്, ഫിറോസ്പുര്‍, മൊഹാലി, ഗുരുദാസ്പുര്‍ എന്നിവിടങ്ങളിലും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാന്റെ ചില ഭാഗങ്ങളിലും വൈദ്യുതി നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ധര്‍മ്മശാലയില്‍ നടന്നുകൊണ്ടിരുന്ന ഐപിഎല്‍ ക്രിക്കറ്റ് മത്സരം റദ്ദാക്കുകയും സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്തു.
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ വന്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണങ്ങള്‍.
ലാഹോര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെ പാകിസ്ഥാന്‍ വ്യോമ പ്രതിരോധ റഡാറുകളും ഇന്ത്യ തിരിച്ചടിച്ചിരുന്നു.
പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളുടെ അതേ മേഖലയില്‍ അതേ തീവ്രതയിലാണ് ഇന്ത്യന്‍ തിരിച്ചടി.
Summary: Pakistan continues to fire rockets and missiles Hamas-style, India defends and retaliates, India shoots down Pak F-16s, conflict teeters on the brink of war
COMMENTS