Noted journalist S Jayachandran Nair has passed away. The news of his death came unexpectedly. This departure also marks the end of an era inMalayalam
എസ്. ജഗദീഷ് ബാബു
വിഖ്യാത പത്രപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ വിടപറഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വന്നത്. മലയാള പത്രപ്രവര്‍ത്തനത്തിലെ ഒരു കാലഘട്ടത്തിന്റെ അന്ത്യം കൂടിയാണ് ഈ വിടവാങ്ങലിലൂടെ സംഭവിക്കുന്നത്.
ജയന്‍ സാറിനെ ഓര്‍ക്കുമ്പോള്‍ വിശുദ്ധമായൊരു ബിംബമാണ് ഓര്‍മവരിക. വെള്ള തലമുടി, വെളുത്ത താടി, തൂവെള്ള വസ്ത്രം, സൗമ്യമായ പതിഞ്ഞ ശബ്ദം, എന്നാല്‍ നിലപാടിലും എഴുത്തിലും കല്ലിന്റെ ഉറപ്പ്. ഇതായിരുന്നു ജനചന്ദ്രന്‍ നായര്‍ എന്ന പത്രപ്രവര്‍ത്തകനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തോന്നുക.
ആരായിരുന്നു മലയാള പത്രപ്രവര്‍ത്തനത്തിന് ജയചന്ദ്രന്‍ നായര്‍? അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചു പറയുമ്പോള്‍ മറ്റു രണ്ടു പേരുകള്‍ കൂടി ഓര്‍ക്കാതെ വയ്യ. എം എസ് മണി, എന്‍ ആര്‍ എസ് ബാബു എന്നീ പേരുകള്‍ കൂടി ചേര്‍ത്തു വയ്ക്കുമ്പോഴാണ് ആ കാലം പൂര്‍ണമാവുന്നത്.പത്രപ്രവര്‍ത്തനം വെറും ഫാക്ച്വല്‍ റിപ്പോര്‍ട്ടിംഗ് ആയിരുന്ന കാലത്ത് അതില്‍ ഭാഷയെ എങ്ങനെ സാര്‍ത്ഥകമായി ഉപയോഗിക്കാമെന്നു പരീക്ഷിക്കുകയായിരുന്നു ഈ ത്രിമൂര്‍ത്തികള്‍. അതില്‍, മേല്‍പറഞ്ഞ കാര്യത്തില്‍ ജയചന്ദ്രന്‍ നായര്‍ വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. ഏതാണ്ട് റൊമാന്റിക് എന്നു തന്നെ പറയാവുന്ന ശൈലിയില്‍ അദ്ദേഹം പത്രഭാഷയെ മാറ്റിയെടുത്തു. കെ ബാലകൃഷ്ണനും പി കെ ബാലകൃഷ്ണനുമൊക്കെ നല്കിയ സംഭാവനകള്‍ മറന്നുകൊണ്ടല്ല ഇതു പറയുന്നതും.
എന്‍ ആര്‍ എസ് എപ്പോഴും വിജ്ഞാനപ്രദവും അതേസമയം, പിച്ചാത്തി വായ്ത്തലയോളം മൂര്‍ച്ചയുള്ളതുമായ ഭാഷയില്‍ ഇടപെടലുകള്‍ നടത്തിയപ്പോള്‍ ജയചന്ദ്രന്‍ നായര്‍ ഭാഷയുടെ ഭാവുകത്വത്തിന്റെ സാദ്ധ്യതകള്‍ തിരയുകയായിരുന്നു.
70കളുടെ മദ്ധ്യത്തില്‍ സാമൂഹ്യരംഗത്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കലാകൗമുദി വാരികയ്ക്കു കഴിഞ്ഞു. അതിന്റെ അമരത്ത് ഉണ്ടായിരുന്നത് ജയചന്ദ്രന്‍ നായരും. മണിസാറും എന്‍ ആര്‍ എസും അമരക്കാര്‍ തന്നെയെങ്കിലും മുന്നണിയിലേക്ക് നിറുത്തിയിരുന്നത് ജയചന്ദ്രന്‍ നായരെയായിരുന്നു. റിപ്പോര്‍ട്ടിംഗിനപ്പുറം സാമൂഹ്യ ഇടപെടലിന് മാദ്ധ്യമത്തിന് എങ്ങനെ കഴിയുമെന്ന് അന്നത്തെ കലാകൗമുദിയുടെ ഓരോ ലക്കവും തെളിയിച്ചുകൊണ്ടിരുന്നു. കെ ബാലകൃഷ്ണന്‍ കൗമുദി വാരികയിലൂടെ തുടങ്ങിവച്ചതിന്റെ തുടര്‍ച്ചയായിരുന്നു കലാകൗമുദിയെന്നു പറയാം.
പത്രാധിപര്‍ കെ സുകുമാരന്റെ ഇടംവലം നില്ക്കുന്ന യുവതുര്‍ക്കികളായിട്ടാണ് എംഎസ് മണി, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു എന്നിവര്‍ പത്രപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചത്. മലയാളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു തുടക്കമിട്ടത് ഇവരായിരുന്നു. എഴുപതുകളുടെ മധ്യത്തില്‍ മൂന്നുപേരും ഒന്നിച്ച് ഇടുക്കിയിലും പറമ്പിക്കുളത്തും കാടുകളിലൂടെ നടത്തിയ യാത്രയുടെ ഫലമായിരുന്നു 'കാട്ടുകള്ളന്‍മാര്‍' എന്ന കേരളത്തെ ഞെട്ടിച്ച പരമ്പര. പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും കേരളം അന്നു ചിന്തിച്ചുതുടങ്ങിയിട്ടു പോലുമില്ല. അക്കാലത്താണ് ഫോട്ടോഗ്രാഫര്‍ എന്‍ എല്‍ ബാലകൃഷ്ണനുമൊന്നിച്ച് സാഹസികമായ യാത്ര നടത്തി ആദ്യത്തെ വനംകൊള്ള സ്റ്റോറി ഇവര്‍ പുറത്തുകൊണ്ടുവന്നത്.
വനംമന്ത്രിയായിരുന്ന ഡോ. കെ ജി അടിയോടിയുടെ രാജിയില്‍ കലാശിച്ച പരമ്പരയായിരുന്നു കാട്ടുകള്ളന്‍മാര്‍. വാര്‍ത്ത വന്ന് പിറ്റേദിവസം എഡിറ്ററായിരുന്ന എംഎസ് മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്യെഴുത്ത് പ്രതികള്‍ കേരള കൗമുദിയില്‍ നിന്ന് കണ്ടുകെട്ടി. എസ് ജയചന്ദ്രന്‍ നായരെയും എന്‍ ആര്‍ എസിനെയും പേട്ട പൊലീസ് പിന്നാലെ കസ്റ്റഡിയിലെടുത്തു. കെ കരുണാകരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കേരള കൗമുദിക്കെതിരെ ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. ഇന്നും ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഒരു കേസാണ് കേരള കൗമുദി വേഴ്സസ് കേരള ഗവണ്‍മെന്റ് എന്ന പ്രമാദമായ മാനനഷ്ടക്കേസ്. സര്‍ക്കാരിനെയും കേരള രാഷ്ട്രീയത്തെയും പിടിച്ചുലച്ച വാര്‍ത്ത അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും തിളക്കത്തോടെ നില്ക്കുന്നു.കൗമുദി ബാലകൃഷ്ണനും പി.കെ ബാലകൃഷ്ണനും എന്‍ രാമചന്ദ്രനും ഗോവിന്ദപ്പിള്ളയും കെ വിജയരാഘവനും അടക്കമുള്ള പ്രഗല്ഭരായിരുന്നു അന്ന് കേരള കൗമുദിയുടെ പത്രാധിപ സമിതി അംഗങ്ങള്‍. അവിടേക്കാണ് ചെറുപ്പക്കാരായ ജി വേണുഗോപാലും യദുകുലകുമാറും എത്തുന്നത്. പത്രാധിപരുടെ ചുറ്റും പ്രഗത്ഭരായ ഒരു സംഘം സഹപത്രാധിപന്‍മാര്‍ ഉണ്ടായിരുന്ന കാലത്ത് മൂത്ത മകന്‍ എംഎസ് മണിയും എസ് ജയചന്ദ്രന്‍ നായരും എന്‍ആര്‍എസും രംഗത്തു വന്നതോടെ കേരള കൗമുദിക്ക് കൂടുതല്‍ യുവത്വം കൈവരികയായിരുന്നു.
കേരള കൗമുദിയുടെ ഡല്‍ഹി ലേഖകനായിരുന്ന കാലത്ത് എം എസ് മണിക്ക് ഒ വി വിജയന്‍, എടത്തട്ട നാരായണന്‍, സിപി രാമചന്ദ്രന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ ഒരു ഇടതു രാഷ്ട്രീയ സ്വഭാവം അദ്ദേഹത്തിനു കൈവന്നു. അത് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു. മറുവശത്ത് പത്രാധിപരാവട്ടെ ഉള്ളുകൊണ്ട് ഒരു കോണ്‍ഗ്രസ് മനോഭാവക്കാരനായിരുന്നു. ആര്‍ എസ് പിയേയും ഇടതു പ്രസ്ഥാനങ്ങളെയും പിന്തുണച്ചിരുന്നപ്പോഴും പത്രാധിപരില്‍ ഒരു കോണ്‍ഗ്രസ് മനോഭാവമുണ്ടാിയിരുന്നു. അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ എം എസ് മധുസൂദനന് കുറച്ചുകൂടി കോണ്‍ഗ്രസ് ബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ മധുസൂദനന്‍ സര്‍വാത്മനാ പിന്തുണച്ചപ്പോള്‍ എം എസ് മണി അതിനെ നഖശിഖാന്തം എതിര്‍ത്തു. അടിയന്തരാവസ്ഥ കാലത്ത് ശക്തനായിരുന്ന സഞ്ജയ് ഗാന്ധിയുമായുള്ള അഭിമുഖം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്ന എംഎസ് മധുസൂദനന്‍ നടത്തി. അച്ചടിച്ചു വന്ന പത്രക്കെട്ടുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കാതെ ഗോഡൗണിലിട്ട് പൂട്ടി എം എസ് മണി വിപ്ലവം സൃഷ്ടിച്ചു. അതിന്റെ കൂടി പരിണിത ഫലമായാണ് കേരള കൗമുദി വിട്ട് അവര്‍ക്ക് കലാകൗമുദി തുടങ്ങേണ്ടിവന്നത്. ചീഫ് എഡിറ്ററായി എംഎസ് മണിയും എഡിറ്റര്‍മാരായി എസ്. ജയചന്ദ്രന്‍ നായരും എന്‍ആര്‍എസും എത്തി. പേട്ടയിലെ കേരള കൗമുദി ഓഫീസിന് പിന്നിലുള്ള ചെറിയ കെട്ടിടത്തില്‍ നിന്നാണ് കലാകൗമുദി വാരിക ആരംഭിച്ചത്. എഴുത്തുകാരായിരുന്ന എം ഗോവിന്ദന്‍, എം.പി നാരായണപിള്ള, ശില്‍പിയായിരുന്ന എം വി ദേവന്‍ എന്നിവരായിരുന്നു കലാകൗമുദിയുടെ പിന്നണിയിലെ ധിഷണാകേന്ദ്രങ്ങള്‍. ഇവരിലൂടെ പുതിയ എഴുത്തുകാരും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും കലാകൗമുദിയിലേക്ക് വന്നു.രാഷ്ട്രീയം, സമൂഹ്യം, മാനുഷികം തുടങ്ങി മനുഷ്യജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായി കലാകൗമുദി മാറി. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെല്ലാം കലാകൗമുദി സ്റ്റാറ്റസ് സിംബലായി മാറിയ ഒരു കാലമുണ്ടായിരുന്നു.
പുതിയ എത്രയെത്ര എഴുത്തുകാര്‍ കലാകൗമുദിയിലൂടെ പുറത്തേയ്ക്കു വന്നു. എം എസ് മണിയും എന്‍ ആര്‍ എസും ഇടതു രാഷ്ട്രീയ വഴികളിലൂടെ മുന്നേട്ടു പോയപ്പോള്‍ ജയചന്ദ്രന്‍ നായര്‍ സാഹിത്യം, സിനിമ തുടങ്ങിയ മേഖകലളില്‍ ശ്രദ്ധയൂന്നി. അയ്യപ്പപ്പണിക്കരും സുഗത കുമാരിയും ഒരേ പ്രാധാന്യത്തോടെ കലാകൗമുദിയില്‍ കാവ്യവെളിച്ചമായപ്പോള്‍ ആധുനികോത്തര വഴികളിലൂടെ സഞ്ചരിച്ച കടമ്മനിട്ടയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഡി വിനയചന്ദ്രനും എ അയ്യപ്പനുമെല്ലാം കലാകൗമുദി അര്‍ഹിക്കുന്ന പ്രാമുഖ്യം നല്കി.
സിനിമയിലാകട്ടെ, അടൂര്‍, അരവിന്ദന്‍ തുടങ്ങി നസീറും സത്യനും വരെ കലാകൗമുദിയുടെ തുടര്‍ച്ചയായ ഫിലിം മാഗസിനിലൂടെ മലയാളിയുടെ മുന്നില്‍ സജീവ ചര്‍ച്ചയ്ക്കു പാത്രങ്ങളായി. സിനിമാ ജേര്‍ണലിസത്തെ ഗോസിപ്പുകളുടെ അഴുക്കുചാലിലിടാതെ, ഗൗരവപൂര്‍ണമായ ചര്‍ച്ചയ്ക്കു ഉതകും വിധം ജയചന്ദ്രന്‍ നായര്‍ മലയാളിയുടെ മുന്നിലേക്കു വച്ചു. കലാകൗമുദിയുടെയും ഫിലിം മാഗസിന്റെയും പഴയ കോപ്പികള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്ന എത്രയോ പേരുണ്ട്. കഥയ്ക്കു മാത്രമായി ഒരു മാഗസിന്‍ എന്ന ആശയും ജയചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മനോഹരമായി നടപ്പാക്കിയിരുന്നു. അതിലൂടെ എഴുതിത്തെളിഞ്ഞ എത്രയോ കഥാകൃത്തുക്കളുണ്ട്.വിമോചന സമരനാന്തരം എ കെ ആന്റണി, വയലാര്‍ രവി തുടങ്ങി രാഷ്ട്രീയത്തിലെ പുതിയ നക്ഷത്രങ്ങളെ മലയാളിയുടെ മുന്നിലേക്കു പിടിച്ചുനിറുത്തുന്നതിലും കലാകൗമുദി വഹിച്ച പങ്ക് മറക്കാവതല്ല. ഇതേ കാലത്തു തന്നെ എ കെ ജി, ഇ എം എസ്, ടി വി തോമസ്, ഗൗരി അമ്മ തുടങ്ങിയവരുമായും കലാകൗമുദി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇടതു സ്വതന്ത്ര നിലപാടായിരുന്നു കലാകൗമുദി പിന്തുടര്‍ന്നിരുന്നത്. അതു പക്ഷേ, ഇവിടുത്തെ ഇടതു പ്രസ്ഥാനങ്ങള്‍ തിരിച്ചറിയാതെ പോയി എന്നതാണ് സത്യം.
പത്രപ്രവര്‍ത്തകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെയും സിനിമയുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ജയചന്ദ്രന്‍ നായര്‍ക്ക് കഴിഞ്ഞു. എഴുപതുകളില്‍ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യത്തിലൂടെയാണ് അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. മലയാളരാജ്യം പ്രതിസന്ധിയിലായപ്പോഴാണ് കേരള കൗമുദിയിലേക്ക് ജയചന്ദ്രന്‍ നായര്‍ എത്തുന്നത്. മനോഹരമായ ഭാഷയും ഭാവനയും ഉണ്ടായിരുന്ന ആ യുവാവിന് പത്രാധിപരുടെ മനസ്സില്‍ കയറിക്കൂടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അതോടെ കേരള കൗമുദി ഞായറാഴ്ച പതിപ്പിന്റെ ചുമതല ജയചന്ദ്രന്‍ നായര്‍ക്ക് പത്രാധിപര്‍ നല്‍കി.
അക്കാലം മുതല്‍ മലയാളത്തിലെ എല്ലാ എഴുത്തുകാരുമായും സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറും ഉറൂബും എസ്.കെ പൊറ്റെക്കാടും പൊന്‍കുന്നം വര്‍ക്കിയും തകഴിയും അടക്കമുള്ള എല്ലാ പ്രശസ്തരും അന്ന് കേരള കൗമുദിയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കൗമുദി ബാലകൃഷ്ണനും പി കെ ബാലകൃഷ്ണനും ഈ സാഹിത്യകാരന്‍മാരോട് ഉണ്ടായിരുന്ന സൗഹൃദം കൂടിയായപ്പോള്‍ അവരുടെ പല കഥകളും നോവലുകളും ആദ്യമായി അച്ചടിച്ചത് കേരള കൗമുദി ഓണപതിപ്പുകളിലും പിന്നീട് കലാകൗമുദി വാരികയിലുമാണ്.ഒ.വി വിജയനും വികെഎന്നും എം.ടി വാസുദേവന്‍ നായരും ഉള്‍പ്പെടെയുള്ള എഴുത്തുകാരെല്ലാം അവരുടെ പ്രധാനപ്പെട്ട സൃഷ്ടികള്‍ കലാകൗമുദിക്ക് നല്‍കി. എംടിയുടെ രണ്ടാമൂഴവും വരാണസിയും എല്ലാം എംടിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയത് കലാകൗമുദിയുടെയും മലയാളം വാരികയുടെയും പത്രാധിപരായിരുന്ന എസ് ജയചന്ദ്രന്‍ നായരാണ്. ഒ.വി വിജയന്റെയും എം.ടിയുടെയും നമ്പൂതിരിയുടെയും സ്ഥിരം പംക്തികള്‍ കലാകൗമുദിക്ക് വലിയ പ്രചാരമാണ് നല്‍കിയത്. പ്രൊഫസര്‍ എം കൃഷ്ണന്‍ നായരുടെ വാരഫലം കൂടിയായപ്പോള്‍ കലാകൗമുദിയുടെ പ്രചാരം ഭാരതപ്പുഴയ്ക്ക് അപ്പുറത്തേയ്ക്കുമെത്തി.
ഒരുകാലത്ത് മാതൃഭൂമി വാരികക്കായിരുന്നു പ്രചാരമെങ്കില്‍ മാതൃഭൂമി വിട്ടുവന്ന എംടിയുടെ രണ്ടാമൂഴം പ്രസിദ്ധപ്പെടുത്തിയതിലൂടെ കലാകൗമുദി കേരളത്തിലെ വാരികകളില്‍ ഒന്നാം സ്ഥാനത്തു തന്നെ എത്തി. ആ സന്ദര്‍ഭത്തിലാണ് എസ്.ജയചന്ദ്രന്‍ നായരും അതിന് പിന്നാലെ നമ്പൂതിരിയും എം കൃഷ്ണന്‍ നായരും അടക്കമുള്ളവര്‍ കലാകൗമുദി വിട്ട് ഇന്ത്യന്‍ എക്സ്പ്രസിന്റെ നേതൃത്വത്തില്‍ മലയാളം വാരിക ആരംഭിച്ചത്. എസ് ജയചന്ദ്രന്‍ നായരുടെയും നമ്പൂതിരിയുടെയും കൃഷ്ണന്‍ നായരുടെയും അഭാവം കലാകൗമുദിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഇവര്‍ മൂന്നുപേരും പോയെങ്കിലും കലാകൗമുദിയുടെ വിശ്വാസ്യതയും പ്രചാരവും പിടിച്ചുനിര്‍ത്താന്‍ എംഎസ് മണിക്കും എന്‍ആര്‍എസ് ബാബുവിനും കഴിഞ്ഞു. എസ് ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ വിട പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് മലയാറ്റൂരിന്റെ 'അഞ്ചുസെന്റ്' എന്ന നോവലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ ഗുരുവായിരുന്ന നോവലിലെ രാമേട്ടന്‍ ശിഷ്യനായ മുഖ്യമന്ത്രിക്ക് അഞ്ചുസെന്റ് ലഭിക്കാനുള്ള അപേക്ഷ നല്‍കുകയാണ്. സുഹൃത്തായ മുഖ്യമന്ത്രി തനിക്കൊരു കിടപ്പാടം അനുവദിക്കുമെന്ന് മോഹിച്ച സഖാവ് ഒടുവില്‍ ആ ആഗ്രഹം സഫലമാകാതെ യാത്രയാകുകയാണ്.മാധ്യമ രംഗത്തിനും സാഹിത്യത്തിനും എസ് ജയചന്ദ്രന്‍ നായരുടെ വേര്‍പാട് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു കണ്ടു. പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ എസ് ജയചന്ദ്രന്‍ നായര്‍ അപേക്ഷ നല്‍കിയിരുന്നു. ഒന്നാം
പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ആ അപേക്ഷ എട്ടുകൊല്ലം കഴിഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ പരിഗണിച്ചില്ല. മലയാറ്റൂരിന്റെ അഞ്ചുസെന്റിലെ സഖാവ് രാമേട്ടനെ പോലെ പെന്‍ഷന്‍ ആനുകൂല്യം പോലും ലഭിക്കാതെയാണ് കേരളം കണ്ട ഏറ്റവും വലിയ പത്രാധിപരില്‍ ഒരാളായ എസ് ജയചന്ദ്രന്‍ നായര്‍ വിട പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഉദ്ധരണി ഒന്നുകൂടി കടമെടുത്തോട്ടേ, അദ്ദേഹത്തിന്റെ വേര്‍പാട് മാധ്യമ രംഗത്തിനും സിനിമാ മേഖലക്കും സാഹിത്യത്തിനും മഹാനഷ്ടമാണ്.Summary: Noted journalist S Jayachandran Nair has passed away. The news of his death came unexpectedly. This departure also marks the end of an era in Malayalam journalism.
COMMENTS