അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ 90 ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയ്ക്കെതിരായ ഭ...
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ 90 ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്ന പാക് അധീന കശ്മീരിലെ (പിഒകെ) അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ത്യ തകര്‍ത്തിരിക്കുന്നത്.
പാകിസ്ഥാന്‍ പ്രദേശത്തിനുള്ളില്‍ വ്യോമാക്രമണത്തിനായി ഉപയോഗിച്ചത് ആഴത്തിലുള്ള ആക്രമണങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത സ്‌കാല്‍പ് ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച റാഫേല്‍ യുദ്ധവിമാനങ്ങളും, വായുവില്‍ നിന്ന് ഭൂമിയിലേക്ക് പ്രയോഗക്ഷമമായ കൃത്യതയുള്ള ഹാമര്‍ ബോംബുകളുമാണ്.
ആകാശത്ത് ജെറ്റുകള്‍ പറക്കുന്നത് കേട്ടതായി മുസാഫറാബാദിലെ നിവാസികള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുസാഫറാബാദിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്ത് ലഷ്‌കര്‍-ഇ-തൊയ്ബ ഉപയോഗിച്ചിരുന്ന ഒരു സ്ഥലം ആക്രമിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.
പ്രകോപിതരായ പാകിസ്ഥാന്‍ ആക്രമണത്തെ 'യുദ്ധപ്രവൃത്തി' എന്ന് വിശേഷിപ്പിച്ചു. പാകിസ്ഥാനില്‍ സൈനിക ആക്രമണം നടത്തിയെന്നതിന്റെ ആദ്യ സൂചന ഇന്ത്യന്‍ സേന അഞ്ച് വാക്കുകളുള്ള ഒരു പോസ്റ്റിലൂടെയാണ് ലോകത്തിനു നല്‍കിയത്. 'നീതി നടപ്പായി. ജയ് ഹിന്ദ്!' എന്നായിരുന്നു പോസ്റ്റ്. അതേസമയം, 'പ്രഹരിക്കാന്‍ തയ്യാറാണ്, വിജയിക്കാന്‍ പരിശീലനം നേടി' എന്ന തലക്കെട്ടോടെ സൈന്യം സൈനിക അഭ്യാസങ്ങള്‍ നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോയും പിന്നാലെ പുറത്തുവിട്ടു.
മിനിറ്റുകള്‍ക്ക് ശേഷം, പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഒരു ചെറിയ പ്രസ്താവന പുറത്തിറക്കി. 'ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുള്ളതും, അളക്കപ്പെട്ടതും, സ്വഭാവത്തില്‍ വ്യാപനം ഉണ്ടാക്കാത്തതുമാണ്. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ സംയമനം പാലിച്ചു,' പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണം, പൂഞ്ച്-രജൗരി മേഖലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ പീരങ്കി വെടിവയ്പ്പില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ 13-ാം ദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ഇന്ത്യന്‍ ആക്രമണങ്ങളെ ഒരു 'യുദ്ധപ്രവൃത്തി' എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉചിതമായ മറുപടി നല്‍കുമെന്ന് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്.
ആക്രമണങ്ങളെത്തുടര്‍ന്ന്, യുഎസ്, റഷ്യ, യുകെ, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ രാജ്യങ്ങളെ ഇന്ത്യ വിവരങ്ങള്‍ അറിയിച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ഇത് ഇവിടം കൊണ്ട് ആവസാനിക്കുമെന്നു കരുതുന്നുവെന്നും തന്റെ ആദ്യ അഭിപ്രായത്തില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Summary: According to unofficial reports, more than 90 terrorists were killed in India's retaliatory attack. Air strikes inside Pakistani territory were carried out by Rafale fighter jets equipped with SCALP cruise missiles designed for deep strikes and Hammer precision air-to-ground bombs.
COMMENTS