കൊച്ചി : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദശാബ്ദം എസ് എൻ ഡി പിയുടെ നേതൃത...
കൊച്ചി : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
മൂന്ന് ദശാബ്ദം എസ് എൻ ഡി പിയുടെ നേതൃത്വത്തിൽ ഇരിക്കുക എന്നത് അപൂർവതയുള്ള കാര്യമാണ്. സമൂഹത്തിൽ അപൂർവ്വം ചില വ്യക്തികൾക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ദൗർബല്യങ്ങൾ ഉണ്ടാക്കാതെ സംഘടനയെ വളർച്ചയിലേക്ക് നയിച്ചു. വെള്ളാപ്പള്ളിക്ക് നൽകുന്നത് ഉചിതമായ സ്വീകരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് നിർവ്വഹിച്ചത്. തുടർച്ചയായി വിശ്വാസം നേടിയെടുക്കാനും, നിലനിർത്തുവാനും വെളളാപ്പള്ളി നടേശന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളുമായി സമുന്വയിപ്പിക്കാൻ വെള്ളാപ്പള്ളിക്ക് സാധിച്ചു. ഇനിയും അത്തരത്തിലുള്ള നേതൃത്വം ഉണ്ടാകണം. ആ നേതൃത്വത്തിലാണ് യോഗവും ട്രസ്റ്റും വളർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷത്തിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
വെള്ളാപ്പള്ളിക്ക് കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാൻ അറിയാം. സരസ്വതി വിലാസം അദ്ദേഹത്തിന് നാവിനുണ്ട്. എല്ലാ ഘട്ടത്തിലും വെള്ളാപ്പള്ളി മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാകാലവും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും ഒരു മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമില്ല. പ്രസംഗത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ പുറത്തുവന്നു. അതാണ് നമ്മുടെ നാട് എന്ന് മനസ്സിലാക്കണം. പ്രസംഗത്തിൽ കൂടുതൽ ശ്രദ്ധ വെള്ളാപ്പള്ളി പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഏതിനേയും തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് ചിലർ. മുസ്ലിം ലീഗിനെതിരെ പറഞ്ഞത് ഒരു പ്രത്യേക വിരോധമോ മമതയോ വെച്ചുകൊണ്ടല്ല. യാഥാർത്ഥ്യം വെച്ചുകൊണ്ടാണ് രാഷ്ട്രീയപ്പാർട്ടിക്കെതിരെ പറഞ്ഞത്. ആ പാർട്ടിയെ സംരക്ഷിക്കാൻ താല്പര്യമുള്ളവർ അതിനെതിരെ വന്നു. അതാണ് സംഭവിച്ചത്. അത് മനസ്സിൽ വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Key words: Pinarayi Vijayan, Vellaplly Natesan, SNDP
COMMENTS