തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത...
തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച് 23ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 3 മണി വരെയാണെന്ന് സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലാണ് പത്രിക നല്‍കേണ്ടത്. വൈകുന്നേരം നാലുമണിക്ക് സൂക്ഷ്മ പരിശോധന നടക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നടക്കും.
കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദ്ദേശാനുസരണം പുറപ്പെടുവിക്കുന്ന വിജ്ഞാപനമാണിതെന്ന് വരണാധികാരി അഡ്വ നാരായണന്‍ നമ്പൂതിരി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ രാവിലെ ബിജെപി കോര്‍ കമ്മറ്റി യോഗം ചേരും. പുതിയ ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ് അടക്കമുള്ള സംഘടനാ നടപടിക്രമങ്ങളുടെ ഭാഗമായി താഴേത്തട്ടുമുതലുള്ള തെരഞ്ഞെടുപ്പ് ബിജെപിയില്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇതുവരെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്റുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തില്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്.
കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കാണ് കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല.
Key Words: BJP, Kerala BJP Election
COMMENTS