മാവേലിക്കര: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.പി ജയരാജനും കൂട്ടുനിന്നുവെന്ന സോളാര്‍ പീഡനപരാതിക്കാരിയുടെ അഡ്വ. ഫെനി ബാലകൃഷ്ണന്റെ...
മാവേലിക്കര: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.പി ജയരാജനും കൂട്ടുനിന്നുവെന്ന സോളാര്‍ പീഡനപരാതിക്കാരിയുടെ അഡ്വ. ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് ഇ.പി ജയരാജന് പ്രതികരിച്ചത് തനിക്ക് ഫെനിയെ അറിയില്ലെന്നായിരുന്നു. എന്നാല്‍ ഇ.പി ജയരാജനെ കണ്ടെന്നത് പുതിയ വെളിപ്പെടുത്തലല്ലെന്നും കൊല്ലത്തെ ഗസ്റ്റ് ഹൗസിലാണ് ഇ പി ജയരാജനെ കണ്ടതെന്നും ഉറപ്പിച്ച് ഇ.പിക്ക് മറുപടിയുമായി ഫെനി.
നങ്ങ്യാര്‍കുളങ്ങരയില്‍ നിന്നാണ് ഇ പിയുടെ കാറില്‍ കയറിയത്. പിന്നീട് ഫോണിലും പല തവണ ബന്ധപ്പെട്ടിരുന്നു. പരാതിക്കാരി തന്നെ ഇ പി ജയരാജനെ കണ്ടെന്ന് പറഞ്ഞതാണ് എന്നും ഫെനി ബാലകൃഷ്ണന് മാവേലിക്കരയില്‍ പ്രതികരിച്ചു.
ഇ.പി ജയരാജന് തന്നെ കാറില്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ കൊണ്ട് പോയി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായം തേടി എന്നാണ് ഫെനി ബാലകൃഷ്ണന് ഇന്നലെ പറഞ്ഞത്. ഇ.പി ജയരാജന്റെ കാറില്‍ തന്നെ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാല്‍ ചെയ്യാമെന്നും പറഞ്ഞിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ചു നിര്‍ത്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യമെന്നായിരുന്നു ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍, ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങളെ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. ഫെനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് ഇ.പി ജയരാജന് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ ഫെനി എത്തിയിരിക്കുന്നത്.
COMMENTS