Search

ഇതൊക്കെ തന്നെയല്ലേ കഴിഞ്ഞ ജാമ്യ ഹര്‍ജിയിലും പറഞ്ഞിരുന്ന കാര്യങ്ങള്‍, അഭിഭാഷകര്‍ക്കു പിഴച്ചോ, ദിലീപിനു മുന്നില്‍ വാതിലുകള്‍ അടയുകയാണോ...

റോയ് പി തോമസ്

കൊച്ചി: നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷയുമായി പോയപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയായതായി വിലയിരുത്തല്‍.

അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഇന്നലെ ദിലീപിനു ജാമ്യം നിഷേധിച്ചിരുന്നു. അവിടെ നിരത്തിയ അതേ കാരണങ്ങളും കാര്യങ്ങളും തന്നെയായിരുന്നു ഇന്നു ഹൈക്കോടതിക്കു മുന്നിലും നിരത്തിയത്. ഇതില്‍ മിക്ക കാര്യങ്ങളും നേരത്തേ രണ്ടു ജാമ്യ ഹര്‍ജിയിലും പറഞ്ഞിരുന്നവ തന്നെ.

എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും അടുപ്പക്കാരാണ്, ആ അടുപ്പം വച്ചു തന്നെ വേട്ടയാടാന്‍ നോക്കുന്നു, മഞ്ജുവിന്റെ സുഹൃത്തും പരസ്യ സംവിധായകനുമായ ശ്രീകുമാര്‍ മേനോന്‍ ദിലീപിനോടു പൂര്‍വ വൈരാഗ്യം തീര്‍ക്കുന്നു, അമ്പതു കോടിയോളം രൂപയുടെ സിനിമാ പ്രോജക്ടുകള്‍ മുടങ്ങിക്കിടക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ജാമ്യ ഹര്‍ജിയില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയിരുന്നത്.

ഇതൊക്കെ തന്നെയല്ലേ കഴിഞ്ഞ ജാമ്യ ഹര്‍ജിയിലും പറഞ്ഞിരുന്ന കാര്യങ്ങളെന്നു കോടതി ചോദിച്ചു. ഇതു തന്നെയാണ് ഹര്‍ജി പരിഗണിക്കാതെ മാറ്റിവയ്ക്കാന്‍ ഇടയാക്കിയതും. ഇത് അഭിഭാഷകരുട പക്ഷത്തുനിന്നു വന്ന വലിയ വീഴ്ചയായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.പുതിയ കാര്യങ്ങളെന്തെങ്കിലും കോടതിക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനു പകരം പറഞ്ഞ കഥകള്‍ തന്നെ വീണ്ടും പറഞ്ഞത് കോടതിയുടെ വിലപ്പെട്ട സമയം കളയുന്നതിനു തുല്യമായ പ്രവൃത്തിയായി മാറുകയും ചെയ്തു. കോടതിക്ക് കേസിനോടുള്ള സമീപനമെന്തെന്നും അടിവരയിട്ടു വ്യക്തമാവുകയും ചെയ്തു.

സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ അതേ നിലപാടും നയവും തന്നെയാണ് ഹൈക്കോടതിക്കുമുള്ളത്. ഇതാണ് ദിലീപിനു വിനയായി മാറിയിരിക്കുന്നത്.

ഇത്തവണയും ജാമ്യം നിഷേധിക്കപ്പെട്ടാല്‍ നടനു മുന്നില്‍ തത്കാലത്തേയ്ക്ക് വാതിലുകളെല്ലാം അടയുകയാണ്. പിന്നെ, അന്വേഷക സംഘം കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം കോടതിയെ സമീപിച്ചു സോപാധിക ജാമ്യത്തിനു വേണ്ടി ശ്രമിക്കാം. അതു പക്ഷേ, കുറ്റപത്രത്തില്‍ ദിലീപിനു മേലുള്ള കുറ്റാരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

ഇപ്പോള്‍ തന്നെ ദിലീപിനെതിരേ, പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു ഹൈക്കോടതി തന്നെ പറഞ്ഞിരിക്കെ, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലും പുറത്തിറങ്ങുക അത്ര എളുപ്പമാവില്ല. പിന്നെ വിചാരണ കഴിയും വരെ കാത്തിരിക്കണം. വിചാരണ കഴിഞ്ഞു കോടതി ശിക്ഷ വിധിച്ചാല്‍ അത്രയും കാലം പിന്നെയും ജയിലില്‍ കിടക്കണം. അപ്പീല്‍ പോയാലും ജയിലില്‍ കിടന്നുകൊണ്ടു തന്നെ അപ്പീല്‍ കാലം കഴിക്കേണ്ടിവരും.

ഇത്തരം കേസുകളില്‍ എന്നു വിചാരണ കഴിയുമെന്നു പോലും പറയുവാനുമാവില്ല. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ അതിവേഗത്തില്‍ ഇത്തരം കേസുകള്‍ കോടതികള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ വിചാരണ എളുപ്പം നടക്കുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, 25 വര്‍ഷമായിട്ടും അഭയ കേസും മറ്റും ഇപ്പോഴും വഴിയിലിഴയുന്നു എന്നതും സത്യമാണ്.

Keywords: Dileep, Jail, Court

CINEMA
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇതൊക്കെ തന്നെയല്ലേ കഴിഞ്ഞ ജാമ്യ ഹര്‍ജിയിലും പറഞ്ഞിരുന്ന കാര്യങ്ങള്‍, അഭിഭാഷകര്‍ക്കു പിഴച്ചോ, ദിലീപിനു മുന്നില്‍ വാതിലുകള്‍ അടയുകയാണോ...