BREAKING NEWS
Search

ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളെന്നു കോടതി


എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്ന് കോടതി. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിധി പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

20 വര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ സ്വാപാധിക ജാമ്യം അനുവദിക്കാനാവില്ല.

90 ദിവസത്തിനുള്ളില്‍ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ ജാമ്യത്തിന് അര്‍ഹതയുള്ളൂ. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും വിധി പകര്‍പ്പിലുണ്ട്.

ദിലീപ് സമര്‍പ്പിച്ച നാലാമത്തെ ജാമ്യഹര്‍ജിയാണ് വിചാരണ കോടതി തള്ളിയത്. ഇതു രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കുന്നത്. രണ്ടു തവണ  ഹൈക്കോടതിയും ദിലീപിനു ജാമ്യം നിഷേധിച്ചിരുന്നു.

പ്രോസിക്യൂഷന്‍ തനിക്കെതിരെ ഉന്നയിക്കുന്നത് നടിയുടെ അശ്ലീല ചിത്രം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റം മാത്രമാണെന്നായിരുന്നു ദിലീപിന്റെ വാദം. ഇതു പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ വാദം.

എന്നാല്‍, പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്കെതിരെ കൂട്ടമാനഭംഗകുറ്റമാണ് ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതു ദിലീപിനും ബാധകമാണ്. അതിനാല്‍ 90 ദിവസം വരെ കുറ്റപത്രം നല്‍കാന്‍ സമയമുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.


Tags: Dileep, Actress, Molestation, Case, Actor, Kerala, Police, Court




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളെന്നു കോടതി