Governor Arif Muhammad Khan, who is in open war with the government, has revealed that letters and videos against the Chief Minister will be released
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാരുമായി തുറന്ന പോരിനുറച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രിക്കെതിരായ കത്തുകളും വീഡിയോകളും നാളെ പുറത്തുവിടുമെന്നു വെളിപ്പെടുത്തി.
മൂന്നു വര്‍ഷം മുന്‍പ് കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വച്ചു തനിക്കു നേരേയുണ്ടായ വധശ്രമത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ഇതിന്റെ വിവരങ്ങളാണ് പുറത്തുവിടുന്നതെന്നും ഗവര്‍ണര്‍ ആലുവനായില്‍ പറഞ്ഞു.
ഗവര്‍ണറെ ആക്രമിച്ചാല്‍ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാടു ഭരിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
എന്നെ ഭയപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനും മുഖ്യമന്ത്രി എല്ലാ കളിയും കളിക്കുകയാണ്. എനിക്കെതിരായ വധശ്രമത്തില്‍ ഗൂഢാലോചനയുണ്ട്. അതില്‍ അധികാര കേന്ദ്രങ്ങള്‍ക്കും പങ്കുണ്ട്.
മുഖ്യമന്ത്രി എന്നില്‍നിന്ന് പല ആനുകൂല്യങ്ങളും പറ്റിയിട്ടുണ്ട്. അക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കെ, അതു ഭരണഘടനാ പ്രതിസന്ധിക്കു പോലും കാരണമായേക്കാവുന്ന സ്ഥിതിയാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിക്കെതിരേ, സര്‍ക്കാരിന്റെ ഭരണ തലവനായ ഗവര്‍ണര്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.
യാത്രയിലായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. സര്‍ക്കാരിനെതിരായ തന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
ഇതിനിടെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തൃശൂര്‍ അവണിശ്ശേരിയില്‍ ആര്‍എസ്എസ് നേതാവ് മണികണ്ഠന്റെ വീട്ടില്‍ വച്ചായിരുന്നു അരമണിക്കൂര്‍ നീണ്ട കൂടികാഴ്ച്ച.
ഇതേസമയം, ചരിത്ര കോണ്‍ഗ്രസ് വിഷയത്തില്‍ ഗവര്‍ണര്‍ അസംബന്ധമാണ് പറയുന്നതെന്നും എന്തും പറയാനുള്ളതല്ല ഗവര്‍ണര്‍ പദവിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടല്‍ ഗവര്‍ണര്‍ നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ആരോപണം ഉന്നയിച്ചിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ പൊലീസിനെ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ പറയുകയും ചെയ്തു. ഫലത്തില്‍ ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതിനു പകരം സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടലാണ് കുറേ നാളായി സംസ്ഥാനത്ത് നടക്കുന്നത്. സുപ്രധാനമായ പല ബില്ലുകളും ഗവര്‍ണറുടെ അനുമതിക്കായി വയ്ക്കാനാവാത്ത നിലയിലുമാണ് സര്‍ക്കാര്‍.
COMMENTS