Health Minister Veena George has warned people living with home isolation affected by Covid not to interact with family members for any reason
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും വീട്ടിലുള്ളവരുമായി ഇടപഴകരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓര്‍മിപ്പിച്ചു.
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം കേരളത്തില്‍ പിടിമുറുക്കുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് മന്ത്രി പറയുന്നു.
മറ്റ് രോഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് ആയവര്‍ക്കാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍. ഗുരുതരാവസ്ഥയുണ്ടായാല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ട്.
ഹോം ഐസൊലേഷന്‍
വായു സഞ്ചാരമുള്ളതും ബാത്ത് അറ്റാച്ച്ഡുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. സൗകര്യമില്ലാത്തവര്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്കു പോകണം. എ.സി.യുള്ള മുറി ഒഴിവാക്കുക. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കുക. ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങരുത്. മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കണം.
സാധനങ്ങള്‍ കൈമാറരുത്
ടിവി റിമോട്ട്, ഫോണ്‍, ആഹാര സാധനങ്ങള്‍ മുതലായവ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കരുത്. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകാന്‍ ശ്രദ്ധിക്കുക. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീ സ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കണം.
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലത്. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
പള്‍സ് ഓക്സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നല്ലത്
വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നല്ലത്. പള്‍സ് ഓക്സി മീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച് വയ്ക്കുക.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കും. പള്‍സ് ഓക്സിമീറ്റര്‍ കൊണ്ട് നിത്യവും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആറു മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തെയുള്ളതില്‍ നിന്ന് മൂന്നു ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇ സഞ്ജീവനി വഴിയും ചികിത്സ തേടാം.
നെഞ്ചുവേദന, ശ്വാസം മുട്ടല്‍, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം, കടുത്ത പനി, ബോധക്ഷയം, മോഹാലസ്യം തുടങ്ങിയവ അപായ സൂചനകളാണ്. ബുദ്ധിമുട്ടുകളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലന്‍സ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കണം.
Summary: Health Minister Veena George has warned people living with home isolation affected by Covid not to interact with family members for any reason. The Minister said that extreme caution is needed as the Delta variety, which has the potential to spread, is gripping Kerala.
COMMENTS