ബംഗളൂരു : രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. ഇടയ്‌ക്കൊന്നു പതറിയെങ്കിലും ഗ്‌ളെന്‍ മാക്‌സ് വെല്...
ബംഗളൂരു : രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി.
ഇടയ്‌ക്കൊന്നു പതറിയെങ്കിലും ഗ്‌ളെന്‍ മാക്‌സ് വെല്‍ 113 (55) ഒറ്റയാന്‍ പോരാട്ടത്തിലൂടെ കളി ഇന്ത്യയില്‍ നിന്നു പിടിച്ചെടുക്കുകയായിരുന്നു.
ചിന്നസ്വാമിയില്‍ റണ്‍ മഴ തന്നെയായിരുന്നു. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അതേ നാണയത്തില്‍ തിരിച്ചടിച്ചു പിടിക്കുകയായിരുന്നു. 55 പന്തില്‍ ഒന്‍പതു സിക്‌സും ഏഴു ബൗണ്ടറിയുമായാണ് മാക്‌സ് വെല്‍ ആടിത്തിമിര്‍ത്തത്.
ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് 40 (28), മാര്‍ക്കസ് സ്‌റ്റോയിസ് 7 (11) ആരോണ്‍ ഫിഞ്ച് 8 (7) എന്നിവര്‍ പുറത്തായതോടെ ഓസ്‌ട്രേലിയ പരാജയം മണത്തിരുന്നു. പക്ഷേ, ഒരറ്റത്തു നിലയുറപ്പിച്ച മാക്‌സ് വെല്‍ ആടിത്തിമിര്‍ത്തതോടെ ഇന്ത്യയ്ക്കു കളി കൈവിട്ടു. 18 പന്തില്‍ 20 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് മാക്‌സ് വെലിനു പിന്തുണ നല്കി.
രണ്ടു വിക്കറ്റിന് 22 എന്ന നിലയില്‍ പതറിയേടത്തു നിന്നാണ് കങ്കാരുക്കള്‍ വിജയത്തിലേക്കു കുതിച്ചത്.
ഇന്ത്യന്‍ ബോളര്‍മാര്‍ക്കു കിട്ടിയത് കനത്ത ശിക്ഷയായിരുന്നു. ജസ്പ്രീത് ബുംറയാണ് തമ്മില്‍ ഭേദം. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് ബുംറ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വിജയ് ശങ്കര്‍ രണ്ടു വിക്കറ്റി വീഴ്ത്തി. 38 റണ്‍സ് വിട്ടുകൊടുത്തു. ചഹല്‍ നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തു. ക്രുനാല്‍ പാണ്ഡ്യ 33 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ സിദ്ധാര്‍ത്ഥ് കൗള്‍ 3.4 ഓവറില്‍ വിട്ടുകൊടുത്തത് 45 റണ്‍സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കുകയായിരുന്നു. രോഹിത് ശര്‍മയ്ക്കു പകരമെത്തിയ ശിഖര്‍ ധവാന്‍ (14) തുടക്കത്തിലേ വീണു. പിന്നീട് കെ.എല്‍ രാഹുല്‍ (47) തകര്‍ത്തടിച്ച് സ്‌കോര്‍ ബോഡിനു ജീവന്‍ വയ്പ്പിച്ചു. ധവാനും രാഹുലും ചേര്‍ന്ന് 61 റണ്‍സ് നേടി. ഇതില്‍ ധവാന്റെ സംഭാവന 11 റണ്‍സ് മാത്രം.
രാഹുലും ധവാനും പുറത്തായതോടെ സ്‌കോറിംഗ് കുറഞ്ഞു. ഋഷഭ് പന്ത് (1) നാലാമതറിങ്ങിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. തുടര്‍ന്ന് വിരാട് കോലിക്ക് കൂട്ടായി ധോണിയെത്തിയതോടെ കളി മാറി.
ക്യാപ്റ്റനും മുന്‍ ക്യാപ്റ്റനും ചേര്‍ന്ന് 50 പന്തില്‍ 100 റണ്‍സെടുത്തു. പക്ഷേ, അതൊന്നും കങ്കാരുക്കളെ വീഴ്ത്താന്‍ പോന്നതായില്ലെന്നു മാത്രം.
COMMENTS