Pakistan attack on four airbases confirmed, no major damage, India destroys six Pak airbases, Pak troops move towards border
അഭിനന്ദ്
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഇന്നലെ രാത്രിയില്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തെത്തുടര്‍ന്ന്, ഇന്ത്യന്‍ വ്യോമസേനയുടെ നാല് പ്രധാന താവളങ്ങളായ ഉധംപൂര്‍, പത്താന്‍കോട്ട്, ആദംപൂര്‍, ഭുജ് എന്നിവയ്ക്ക് പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
പാകിസ്ഥാന്‍ സൈന്യം മുന്നണിയിലേക്കു വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിയന്ത്രണ രേഖയിലുടനീളം (എല്‍ഒസി) ഒന്നിലധികം വ്യോമാതിര്‍ത്തി ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, അഖ്നൂര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത പീരങ്കി ഷെല്ലാക്രമണവും ഉണ്ടായി. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി, പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങളുണ്ട്.
തിരിച്ചടിയില്‍, ഇന്ത്യന്‍ സായുധ സേന ആറ് പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ കൃത്യമായ ആക്രമണം നടത്തി. റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയ എന്നീ പാക് താവളങ്ങളാണ് ഇന്ത്യ തര്‍ത്തത്. ആക്രമണങ്ങള്‍ സൈനിക അടിസ്ഥാന സൗകര്യങ്ങളെ മാത്രമേ ലക്ഷ്യം വച്ചിട്ടുള്ളുവെന്നും സിവിലിയന്‍ നാശനഷ്ടം കുറയ്ക്കുകയാണ് ഇന്ത്യ ചെയ്തതെന്നും സൈനിക വക്താവ് പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍, വ്യോമതാവളങ്ങളും ഗതാഗത കേന്ദ്രങ്ങളും ഉള്‍പ്പെടെ 26 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ രാത്രി മുഴുവന്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
പുലര്‍ച്ചെ 1.40 ന് പഞ്ചാബിലെ ഒരു വ്യോമതാവളത്തിലേക്ക് അതിവേഗ മിസൈല്‍ വിക്ഷേപിച്ചു. ഇതേസമയം ശ്രീനഗര്‍, അവന്തിപോര, ഉദംപൂര്‍ വ്യോമതാവളങ്ങള്‍ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററുകളിലും സ്‌കൂള്‍ പരിസരങ്ങളിലും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി.
ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, ദീര്‍ഘദൂര പീരങ്കികള്‍ എന്നിവ ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ മുന്നണിയില്‍ നിരന്തരം ആക്രമണം നടത്തിയിരുന്നുവെന്ന് കേണല്‍ ഖുറേഷി പറഞ്ഞു. സംയമനം പാലിച്ചുകൊണ്ട്, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 'മുന്‍കൂട്ടി തിരിച്ചറിഞ്ഞ സൈനിക ലക്ഷ്യങ്ങള്‍'ക്കെതിരെ മാത്രമേ ഇന്ത്യന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടുള്ളൂ.
'ഇന്ത്യന്‍ സായുധ സേന എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി ചെറുക്കുകയും ആനുപാതികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിംഗ് കമാന്‍ഡര്‍ വ്യോമികാ സിംഗ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
'ഇന്ത്യന്‍ എസ്-400 സംവിധാനം നശിപ്പിച്ചെന്നും സിര്‍സ, സൂറത്ത്ഗഡ് വ്യോമതാവളങ്ങള്‍, നഗ്രോട്ട ബ്രഹ്മോസ് താവളം, പീരങ്കി കേന്ദ്രങ്ങള്‍, വെടിമരുന്ന് ഡിപ്പോകള്‍ എന്നിവ നശിപ്പിച്ചെന്നിങ്ങനെയുള്ള പാക് അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റും കെട്ടിച്ചമച്ചതുമാണ്,' അവര്‍ പറഞ്ഞു. ഈ അവകാശവാദങ്ങള്‍ നിരാകരിക്കുന്നതിനായി കേടുപാടുകള്‍ സംഭവിക്കാത്ത ഇന്ത്യന്‍ വ്യോമതാവളങ്ങളുടെ സമയബന്ധിതമായ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.
അഡിഷണല്‍ ജില്ലാ വികസന കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയുടെ മരണത്തിനും മറ്റ് സാധാരണക്കാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും കാരണമായ രജൗരിയിലെ ഷെല്ലാക്രമണത്തെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അപലപിച്ചു.
Summary: Pakistan attack on four airbases confirmed, no major damage, India destroys six Pak airbases, Pak troops move towards border
COMMENTS