Pakistan Military Spokesperson Indirectly Admits That Pakistan has Launched Military Action Against India In The Name Of Banyan Marzoos
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ ബന്യാന്‍ മര്‍സൂസ് എന്ന രഹസ്യനാമത്തില്‍ സൈനിക നടപടി ആരംഭിച്ചതായി പാകിസ്ഥാന്‍. ഇക്കാര്യം പാക് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 'ഈയം കൊണ്ട് നിര്‍മ്മിച്ച ഘടന' എന്ന് അര്‍ത്ഥം വരുന്ന ഒരു അറബി പദമാണ് ബന്യാന്‍ മര്‍സൂസ്.
പാകിസ്ഥാന്റെ നാലു വ്യോമ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തതിനു പിന്നാലെയാണ് സൈനിക നടപടിയെന്നു പാകിസ്ഥാന്‍ പറയുന്നത്. രാജ്യത്തെ ജനങ്ങളെ യുദ്ധ ജ്വരത്തിലേക്ക് എത്തിച്ച് തങ്ങളുടെ സേനയുടെ പരാജയം മറയ്ക്കാനാണ് പാകിസ്ഥാന്‍ ഇപ്പോള്‍ സൈനിക നടപടിയെന്നു പറഞ്ഞു രംഗത്തുവന്നിരിക്കുന്നതെന്നാണ് സൂചന.
ഇതിനിടെ, രാജ്യത്തിന്റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങള്‍ എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക ബോഡിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതായി പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
'ഇന്ത്യന്‍ ആക്രമണത്തിനെതിരെ' പാകിസ്ഥാന്‍ ഔദ്യോഗികമായി തിരിച്ചടിച്ചതായി സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പറയുന്നുണ്ട്. പക്ഷേ, തിരിച്ചടിക്കു തെളിവുകളൊന്നും നല്കാന്‍ പാകിസ്ഥാന്റെ പക്കലില്ല.
ഇന്ത്യന്‍ നഗരമായ ഉധംപൂരിലെ വ്യോമതാവളവും പത്താന്‍കോട്ടിലെ ഒരു വ്യോമതാവളവും പാകിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും ഇവ രണ്ടും നശിപ്പിച്ചുവെന്നുമാണ് ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സിന്റെ അവകാശവാദം. പഞ്ചാബ് പ്രവിശ്യയിലെ ബിയാസിലുള്ള ബ്രഹ്മോസ് മിസൈലിന്റെ സംഭരണ കേന്ദ്രം തകര്‍ത്തുവെന്നാണ് മറ്റൊരു അകവകാശവാദം.
പക്ഷേ, ഇന്ത്യയിലേക്കു വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാല്‍, പാകിസ്ഥാനിലെ വ്യോമ താവളങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് പാക് സൈനിക വക്താവ് അഹ്മദ് ഷെരീഫ് ടെലിവിഷന്‍ പ്രസംഗത്തില്‍ പറയുന്നത്.
കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഗാരിസണ്‍ സിറ്റിയായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളം, ചക്വാള്‍ നഗരത്തിലെ മുരിദ് എയര്‍ബേസ്, ജാങ് ജില്ലയിലെ റഫീഖി എയര്‍ബേസ് എന്നിവ ഇന്ത്യ ലക്ഷ്യമിട്ടതായി അഹ്മദ് ഷെരീഫ് സമ്മതിക്കുന്നുണ്ട്.
Summary: Pakistan Military Spokesperson Indirectly Admits That Pakistan has Launched Military Action Against India In The Name Of Banyan Marzoos, Pak Air Bases Have Been Destroyed
COMMENTS