Search

എന്നെ കൊന്നോളൂ, പക്ഷേ, മരണം വരെയും ഞാനെഴുതും, ഇന്ത്യാ വിഭജനം ചരിത്രത്തിലെ തെറ്റ്, ഇന്ത്യന്‍ ഇടതുപക്ഷം മുസ് ലിം പ്രീണനത്തിനു ശ്രമിക്കുന്നു: തസ് ലിമാ നസ്രീന്‍

തസ് ലിമാ നസ്രീന്‍

അഭിമുഖം
തസ് ലിമാ നസ്രീന്‍ / അജയ് മുത്താന

നസ്രീന്‍ എന്നാല്‍ പൂക്കളുടെ റാണിയെന്നാണ് അര്‍ത്ഥം. തസ്‌ളിമ എന്നാല്‍ അഭിവാദ്യമെന്നും. പക്ഷേ, തസഌമാ നസ്രീന്‍ എന്ന വനിത പൂക്കളെപ്പോലെ ക്ഷണമാത്രയില്‍ വാടിപ്പോകുന്നവളല്ല. പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഒരു വന്മതിലാണ് തസഌമയെന്നു കാലം തെളിയിച്ചതാണ്.

22 വര്‍ഷമായി പലായനത്തിലാണ് തസ് ലിമ. മതമൗലികവാദികള്‍ ജീവനെടുക്കാന്‍ പിന്നാലെ വരുമ്പോഴും തസ്‌ളിമ പതറുന്നില്ല, ഭയപ്പെടുന്നില്ല. അവര്‍ പറയാനുള്ളതെല്ലാം മൈതാനമദ്ധ്യത്തു വന്നുനിന്നു വിളിച്ചുപറയുന്നു.

അനീതികള്‍ക്കെതിരായ ശബ്ദമായി തസ്‌ളിമ മാറുന്നുണ്ട് പലപ്പോഴും. ലജ്ജ എന്ന വിവാദ പുസ്തകത്തിന്റെ പേരിലായിരുന്നു അവര്‍ക്കെതിരേ ഫത്‌വ പുറപ്പെടുവിക്കപ്പെട്ടത്. അന്നു മുതല്‍ അവരുടെ ജീവന്‍ അപകടത്തിലാണ്. എങ്കിലും തസ്ലിമ ഭയപ്പെടുന്നില്ല. പറയാനുള്ളത് ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ട്. അതിനാലാവാം തസ്‌ളിമ എന്ന എഴുത്തുകാരിയെക്കാള്‍ അവരിലെ സാമൂഹ്യപ്രവര്‍ത്തക ചര്‍ച്ചകളില്‍ അധികവും കയറിവരുന്നത്.

1994ല്‍ ബംഗ് ളാദേശില്‍ നിന്നു പലായനം ചെയ്ത തസ്ലിമ പത്തു വര്‍ഷത്തോളം യൂറോപ്പിലും അമേരിക്കയിലും കഴിച്ചുകൂട്ടി. ബംഗ് ളാദേശ് അവരുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചപ്പോള്‍ സ്വീഡനാണ് അവര്‍ക്കു പൗരത്വം കൊടുത്തത്. ജര്‍മനി അവരെ അഭയാര്‍ത്ഥിയായി സ്വീകരിച്ചു.

മരണാസന്നരായി കിടന്ന മാതാപിതാക്കളെ കാണാന്‍ പോലും ആവാതെയായിരുന്നു പലായനം. 2004 ല്‍ ഇന്ത്യ അവര്‍ക്ക് താത്കാലിക താമസസൗകര്യം നല്കി. ബംഗഌദേശിന്റെ മറുകഷണമായ പശ്ചിമ ബംഗാളിലായിരുന്നു താമസം. അവരുടെ തല വെട്ടുന്നവര്‍ക്ക് ആള്‍ ഇന്ത്യ പേഴ്‌സണല്‍ മുസ്ലിം ബോര്‍ഡ് 500,000 രൂപ ഇനാം വാഗ്ദാനം ചെയ്തു. അതോടെ റിസ്‌ക് എടുക്കാന്‍ വയ്യെന്നു പറഞ്ഞ്, ബംഗാളിലെ ഇടതു ഭരണകൂടം അവരെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിന്നെ കുറേ കാലം തസ്ലിമ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ ഒളിസങ്കേതത്തിലായിരുന്നു.

വീണ്ടും സ്വീഡനിലേകക്കു പറിച്ചുമാറ്റപ്പെട്ട തസ്ലിമ താന്‍ മരിച്ചാല്‍ മൃതദേഹം ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനാവശ്യത്തിനു വിട്ടുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു ചുമതലപ്പെടുത്തിയിരിക്കുന്നത് കൊല്‍ക്കത്തിയിലെ സന്നദ്ധ സംഘടനയായ ഗാനദര്‍പ്പണിനെയും.

ഇപ്പോള്‍ അമേരിക്കയിലും പിന്നെ ന്യൂഡല്‍ഹിയിലുമായി ദി സെന്റര്‍ ഒഫ് ഇന്‍ക്വയറി എന്ന സംഘടനയുടെ കാരുണ്യത്തില്‍ തസ്ലിമ കഴിയുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന പലായനത്തിന്റെ ദുരിതത്തിലും ജീവന്‍ അപകടമുനമ്പിലായിട്ടും തന്റെ വാക്കുകളില്‍ അടിയുറച്ചു നില്‍ക്കുന്ന എന്നതാണ് തസ്ലിമയുടെ പ്രസക്തി എന്നും വര്‍ദ്ധിപ്പിക്കുന്നത്.

'എക്‌സൈല്‍: എ മെമ്മയര്‍' എന്ന തന്റെ ആത്മകഥാപരമായ പുസ്തകത്തിന്റെ പ്രചാരണാര്‍ഥം തിരുവനന്തപുരത്ത് എത്തിയ വേളയിലാണ് ചെറിയൊരു ഇടവേളയില്‍ തത്സിമ ഒട്ടേറെ കാര്യങ്ങള്‍ എക്‌സ്‌കളൂസീവുമായി പങ്കുവച്ചത്. സാഹിത്യത്തെക്കാള്‍ സാമൂഹ്യ വിഷയങ്ങള്‍ സംസാരിക്കാനാണ് അവര്‍ ഏറെയിഷ്ടപ്പെട്ടത്.

? എക്‌സൈല്‍: എ മെമ്മയറില്‍ നിന്നു തന്നെ തുടങ്ങാം


* എന്റെ നിരന്തരമായ പലായനത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്‌കതം. ഒരര്‍ത്ഥത്തില്‍ ആത്മകഥാപരമാണ് ഇതും. ഇതില്‍ പറയുന്നതെല്ലാം എന്റെ ജീവിതാനുഭവങ്ങള്‍ മാത്രമല്ല. പശ്ചിമേഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാമായി അസ്തിത്വം പോലുമില്ലാതെ അലയേണ്ടിവരുന്ന അഭയാര്‍ത്ഥികളുടെ ജീവിതമാണ്. ഞാന്‍ സെലിബ്രിറ്റി സ്റ്റാറ്റസ് കുറച്ചെങ്കിലുമുള്ള വ്യക്തിയായതിനാല്‍ എനിക്ക് പിന്തുണയും സഹായവും കുറച്ചേറെ കിട്ടുന്നുണ്ട്. പലസ്തീനില്‍നിന്നോ ഇറാക്കില്‍ നിന്നോ സിറിയയില്‍ നിന്നോ പറിച്ചുമാറ്റപ്പെടുന്നവന്റെ ഗതി അതല്ല. അവര്‍ക്കു വേണ്ടി കൂടിയാണ് ഈ പുസ്തകം.

? മതവിരുദ്ധയായാണല്ലോ താങ്കള്‍ എന്നും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അതില്‍ യാഥാര്‍ത്ഥ്യമുണ്ടോ.


* ഞാന്‍ മത വിരോധിയല്ല. മതനിരാസം എന്റെ അജന്‍ഡയിലില്ല. എന്നെ മതവിരുദ്ധയായി ചിത്രീകരിക്കേണ്ടത് ചിലരുടെ ആവശ്യമാണ്. അവര്‍ അതു ചെയ്യുന്നു. എന്റെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചു മറ്റുള്ളവരോടു വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. മതത്തെ നിരോധിച്ചിട്ട് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. മതത്തിലെ നല്ല വശങ്ങള്‍ എടുക്കണമെന്നു മാത്രമാണ് എന്റെ അപേക്ഷ. മതത്തെ വിമര്‍ശിക്കാതെ സമൂഹത്തിന് മതേതരതയിലേക്കു പോകാനാവില്ല. അതുകൊണ്ടാണ് ഞാന്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നത്. അതിനെ മതനിരാസമായിട്ടാണ് സ്ഥാപിതതാത്പര്യക്കാര്‍ ചിത്രീകരിക്കുന്നത്.

മതമൗലിക വാദികളില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെങ്കില്‍ പോലും ഞാന്‍ പറയുന്നു, മതങ്ങളെ നിരോധിക്കരുത്. മതങ്ങളിലെ സ്ത്രീവിരുദ്ധ അംശങ്ങളെയാണ് ഞാന്‍ പ്രധാനമായും എതിര്‍ക്കുന്നത്. അടിവരയിട്ടു പറയട്ടെ, ഞാന്‍ മതങ്ങള്‍ക്കെതിരല്ല.

? ജിഹാദ് എന്ന പദം പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഇക്കാലത്ത് താങ്കള്‍ക്ക് എത്രമാത്രം ചെറുത്തുനില്‍ക്കാനാവും.


* ശരിയാണ് അവിശ്വാസിക്കെതിരായ പോരാട്ടമാണ് ഇസഌമില്‍ ജിഹാദ്. അതിനപ്പുറം പാപചിന്തയ്‌ക്കെതിരായി അവനവനില്‍ തന്നെ നടത്തുന്ന ആത്മീയ സമരം കൂടിയാണ് ജിഹാദ്. അങ്ങനെയും ഒരര്‍ത്ഥം ആ പദത്തിനുണ്ട്. പക്ഷേ, ഇന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ശത്രുവായി കരുതുന്നവന്റെ ഹോട്ടലിലേക്കോ എംബസിയിലേക്കോ സേനാ താവളത്തിലേക്കോ ഇടിച്ചുകയറ്റി പൊട്ടിച്ച് ക്ഷണനേരംകൊണ്ട് ഡസന്‍ കണക്കിന് ആളുകളെ കൊല്ലുന്നതാണ് ജിഹാദ്.

വിവേക ബുദ്ധിയുള്ളവരെ നിശ്ശബ്ദരാക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. ജനാധിപത്യവും ബഹുസ്വരതയും അവര്‍ ഭയക്കുന്നു. അതവരെ അസ്വസ്ഥരാക്കുന്നു. എവിടെയായാലും അവരുടെ ലക്ഷ്യം മതാധിഷ്ഠിതഭരണമാണ്. അവര്‍ക്ക് നിയമം വേണ്ട. ശരീഅത്ത് മതി. അവിടെ സ്്ത്രീസ്വാതന്ത്ര്യമില്ല. അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്ര ചിന്തപോലും അനുവദനീയമല്ല.

? താങ്കള്‍ വിട്ടുപോന്നതില്‍ പിന്നെ ബംഗ് ളാദേശില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ.


* തീര്‍ച്ചയായും. എന്റെ ഹൃദയം ഇപ്പോഴും അവിടെത്തന്നെയാണ്. അതുകൊണ്ടുതന്നെ ബംഗ് ളാദേശിലെ ഒരു ഇലയനക്കം പോലും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.
ആ രാജ്യത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകള്‍ കുറഞ്ഞുവരികയാണ്. നാലു പതിറ്റാണ്ടുകൊണ്ട് ബംഗ് ളാദേശില്‍ സംഭവിച്ച ഇസ് ലാമിക വത്കരണം വാക്കുകള്‍ക്കതീതമാണ്. ലോകത്ത് ഒരു രാജ്യവും ഇത്രയും കൂടുതല്‍ ഇസ് ലാമിക വത്കരിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.

ഇന്ന് നൂറ്റിഅന്‍പതില്‍ പരം ജിഹാദി പരിശീലനകേന്ദ്രങ്ങളുണ്ട് ബംഗ് ളാദേശില്‍. ജമാ അത്തെ ഇസഌമിയാണ് അവരുടെ രക്ഷകര്‍. ഇസഌമിക് ബാങ്ക് അവിടെ ഭീകരതയെ വളര്‍ത്താനുള്ള പണം കണ്ടെത്തിക്കൊടുക്കുന്ന പ്രസ്ഥാനമാണ്.

? മതേതര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട ബംബംഗ് ളാദേശില്‍ മാറ്റമൊന്നും വന്നില്ലെന്നാണോ...


* അതൊക്കെ പേരില്‍ മാത്രമാണ്. അവിടെ ബ്‌ളോഗര്‍മാരെയും ബുദ്ധിജീവികളെയും മുസഌങ്ങളിലെ തന്നെ പുരോഗമനവാദികളെയുമെല്ലാം മതമൗലികവാദികള്‍ കൊന്നൊടുക്കുകയാണ്. അവിടെ ഭരണത്തിന്റെ എല്ലാ രംഗങ്ങളിലും ഇസ് ലാമിസ്റ്റുകളുടെ നിയന്ത്രണം വ്യക്തമാണ്. ഭരണകൂടം പലപ്പോഴും കാഴ്ചക്കാരായി നില്‍ക്കുകയാണ്. ചിലേടങ്ങളില്‍ ഭീകരര്‍ക്ക് ഭരണകൂടത്തിന്റെ തന്നെ പിന്തുണയും കിട്ടുന്നുണ്ട്. സത്യത്തില്‍ ബംഗഌദേശ് മദ്ധ്യകാലഘട്ടത്തിലേക്ക്തിരിച്ചുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

എല്ലാ രംഗത്തും ഐഎസ് ഭീകരരുടെ സ്വാധീനം വളരെ വ്യക്തമാണ് അവിടെ. രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി ഭരണക്കാര്‍ ഇതൊക്കെ ഇല്ലെന്നു പറയുന്നു. ചിലപ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നു. പ്രധാനമന്ത്രി ഷേഖ് ഹസീന തന്നെ പറയുന്നു, ഞാനൊരു മതേതര വാദിയല്ല, മറിച്ച് കടുത്ത മതവിശ്വാസിയാണെന്ന്. അവര്‍ അവരുടെ പാര്‍ട്ടിയായ അവാമി ലീഗില്‍ ഉലമ ലീഗെന്നൊരു ഉപഘടകമുണ്ടാക്കിയിരിക്കുന്നു. അതൊരു ഭീകര ഗ്രൂപ്പ് തന്നെയാണ്. ഉലമ ലീഗുകാരും ജമാ അത്തെ ഇസഌമിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

? ബംഗ് ളാദേശില്‍ ഇതര മതവിഭാഗക്കാരുടെ സ്ഥിതിയെന്താണ്...


*അവിടെ മുസഌം ഭീകരവാദികള്‍ ഹിന്ദുക്കള ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിട്ടു നടപ്പാക്കുന്നുണ്ട്. 1947ല്‍ അവിടെ ഹിന്ദു ജനസംഖ്യ 31 ശതമാനമായിരുന്നു. ഇന്നത് എട്ടു ശതമാനമാണെന്നറിയുമ്പോള്‍ ഭീകരത വ്യക്തമാവും. അവിടെ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുംപോലെ ഇവിടെ മുസഌങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മതേതരമായൊരു ഭരണഘടനയുടെ കാവലും കരുതലും ഇന്ത്യയില്‍ എല്ലാ വിഭാഗക്കാര്‍ക്കും കിട്ടുന്നുണ്ട്. അതൊരു ചെറിയ ബലമല്ലെന്ന് ബംഗഌദേശിയായ എനിക്കു നന്നായി ബോധ്യപ്പെടും.

ഇവിടെ മതേതര ചിന്തയില്ലാത്തത് നേതൃത്വത്തിലെ ചുരുക്കം ചിലര്‍ക്കു മാത്രമാണ്. അവിടെ ഹിന്ദുക്കള്‍ക്കു തിരിച്ചടിക്കാനാവില്ല. അതിനു ശേഷിയുമില്ല. കരുത്തുമില്ല. പക്ഷേ, ഇന്ത്യയില്‍ തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മുസഌങ്ങള്‍ തിരിച്ചടിച്ച ചരിത്രം ഒരുപാടുണ്ട്. ഇതാണ് ഇന്ത്യയും ബംഗഌദേശും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയില്‍ ഇടതു പക്ഷം ഉള്‍പ്പെടെ എല്ലാ കക്ഷികളും മുസ്‌ളിം പ്രീണനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ബംഗഌദേശില്‍ ഹിന്ദു പരിഗണിക്കപ്പെടുന്നുകൂടിയില്ല. ജീവന്‍ രക്ഷിക്കാന്‍ ഹിന്ദു അവിടെനിന്നു പലായനം ചെയ്യുകയാണ്. ഇന്ത്യന്‍ മുസഌമിന് എങ്ങോട്ടും ഒളിച്ചോടേണ്ട കാര്യമില്ലല്ലോ.

ഇന്ത്യാവിഭജനം ചരിത്രത്തിലെ ഒരു തെറ്റായാണ് ഞാന്‍ കാണുന്നത്. മതേതര രാജ്യമായ ഇന്ത്യയുടെ അയലത്ത് രണ്ട് ഇഇസ് ലാമിക ഭീകര രാഷ്ട്രങ്ങള്‍ നിരന്തരം തലവേദനയുണ്ടാക്കുന്നു എന്നു പറയുന്നതാവും ശരി. അത്രയ്ക്കു ഭീകരമാണ് രണ്ടു രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ഇസഌമിക വത്കരണം.

? ജിഹാദി ആശയങ്ങളിലേക്ക് ഇന്ന് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് വിദ്യാസമ്പന്നരായ യുവാക്കളാണല്ലോ...


*വിദ്യാസമ്പന്നരായ യുവാക്കളെ ആകര്‍ഷിക്കുകയാണ് എല്ലാക്കാലത്തും എല്ലാ ഗ്രൂപ്പുകളും ചെയ്തിരുന്നത്. മാവോയിസത്തിലായാലും ചരിത്രത്തിലെ മറ്റ് ഇസങ്ങളിലായാലും വിദ്യാസമ്പന്നര്‍ ആകര്‍ഷിക്കപ്പെട്ട ചരിത്രമുണ്ട്. അതേ വഴി തന്നെയാണ് ഭീകരഗ്രൂപ്പുകളും തേടുന്നത്. അവര്‍ക്ക് വേണ്ടത് ചെറുപ്പക്കാരുടെ ബുദ്ധിശക്തിയും കരുത്തുമാണ്. മതപാഠശാലയില്‍ നിന്നാണ് യുവാക്കളെ ഭീകരര്‍ വഴിതെറ്റിച്ചുകൊണ്ടുപോകുന്നതെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം. മതപാഠശാലയില്‍ നിന്ന് വീട്ടിലേക്കെത്തുന്ന മക്കളുടെ മനസ്സു മാറിയിട്ടുണ്ടോ എന്നു മനസ്സിലാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. അല്ലാതെ നാളെ മക്കള്‍ വഴിപിഴച്ചു പോയിട്ടു സങ്കടപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

? ബംഗ് ളാദേശിലെ മാറ്റങ്ങളെ സസൂക്ഷ്മം നോക്കിക്കാണുമ്പോള്‍ തന്നെ ഇന്ത്യയില്‍ സംഭവിച്ചതും സംഭവിക്കുന്നതുമായ സാമൂഹ്യ മാറ്റങ്ങളെക്കുറിച്ച് എന്താണ് താങ്കളുടെ വിലയിരുത്തല്‍...


* ഇന്ത്യയില്‍ അടുത്തകാലത്തുണ്ടായ ബീഫ് വിവാദം പോലുള്ളവ അസ്വസ്ഥതയുണ്ടാക്കുന്നതു തന്നെയാണ്. എങ്കിലും ഒരുപാടു മതങ്ങളും സംസ്‌കാരങ്ങളും ഇന്ത്യയില്‍ ഒരുമിച്ചു നിലനില്‍ക്കുന്നുതു കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

? ഇന്ത്യ വളരെ വേഗം വളരുന്ന ഹിന്ദു സൗദിയാണെന്ന്് കുറച്ചുനാള്‍ മുന്‍പ് താങ്കള്‍ പറഞ്ഞിരുന്നല്ലോ...


* ശരിയാണ്. ആ നിലപാടില്‍ നിന്നു പിന്നോട്ടു പോയിട്ടില്ല. മുംബയില്‍ പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലി നടത്താനിരുന്ന സംഗീതപരിപാടി റദ്ദാക്കിയ വേളയിലായിരുന്നു അങ്ങനെ ട്വീറ്റ് ചെയ്തത്. ആ വിഷയത്തില്‍ അങ്ങനെ തന്നെയേ എനിക്കു പ്രതികരിക്കാനാവൂ.
ഒരു ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് ഞാനിപ്പോഴും പറയുന്നു.

അസഹിഷ്ണുതയുള്ള കുറച്ച് ആളുകള്‍ ജീവിക്കുന്ന സഹിഷ്ണുതയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്നാണ് എന്റെ നിരീക്ഷണം. അസഹിഷ്ണുക്കളായ കുറച്ചു പേരാണ് ഇന്ത്യയെ ഹിന്ദു സൗദിയാക്കാന്‍ ശ്രമിക്കുന്നത്. ബീഫ് കഴിച്ചതിന് ആളെ അടിച്ചുകൊല്ലുന്നത് ക്രിമിനല്‍ വാസനയുടെ ഭാഗമാണ്. അതിനെ മതമൗലികവാദവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. പക്ഷേ, ഇതൊക്കെ പ്രകടിപ്പിക്കുന്നത് ചില രോഗലക്ഷണങ്ങള്‍ തന്നെയാണ്.

അസഹിഷ്ണുതയുള്ള കുറച്ച് ആളുകള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. അവര്‍ പലപ്പോഴും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നു. അത് എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്, സംഭവിക്കാവുന്നതാണ്. ഹിന്ദു മൗലികവാദത്തെക്കുറിച്ചും മുസ്ലിം മൗലികവാദത്തെയും ഞാന്‍ ഒരുപോലെ എതിര്‍ക്കും. അതിനു ജീവന്റെ വില കൊടുക്കേണ്ടിവന്നാലും എനിക്കു ഭയമില്ല.

ബാബരി മസ്ജിദ് പൊളിച്ചപ്പോഴും ഞാന്‍ പ്രതികരിച്ചിരുന്നു. ബംഗ് ളാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോഴും ഞാന്‍ പ്രതികരിച്ചു. ക്രൈസ്തവര്‍ക്ക് എതിരായി അക്രമം ഉണ്ടായപ്പോള്‍ പ്രതികരിച്ചത് ക്രിസ്ത്യാനി ആയതിനാലല്ല. ബഹുസ്വരത സംരക്ഷിക്കണം.

ഗുജറാത്തിലും പലസ്തീനിലും റോഹിങ്ക്യയിലും മുസ്ലിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെതിരേയും ഞാന്‍ ശബ്ദിച്ചിരുന്നു. എവിടേക്കൊക്കെ പലായനം ചെയ്യേണ്ടിവന്നാലും മതഭ്രാന്തന്മാരോട് ഒത്തുതീര്‍പ്പിനു ഞാനില്ല. ഇത്തരം വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചയ്ക്കു സമയം കടന്നിരിക്കുന്നു. ആരെയും ഭയക്കേണ്ടതില്ല, ചര്‍ച്ചയ്ക്കു മടിക്കേണ്ടതുമില്ല.

? ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് അടുത്തിടെ സംസാരിച്ചിരുന്നല്ലോ. അതിലെ നിലപാട് എന്താണ്...


* ഏകീകൃത സിവില്‍ കോഡിനെതിരായ വിവാദം തെറ്റെന്നു ഞാന്‍ പറയും. ബംഗഌദേശിലും ഏകീകൃത സിവില്‍ കോഡിനു വേണ്ടി വാദിച്ച വ്യക്തിയാണ് ഞാന്‍. ഇവിടെയെന്നല്ല, ഏകീകൃത സിവില്‍ കോഡ് ബംഗഌദേശിലും പാകിസ്ഥാനിലും വേണം. അവിടെ ഇതര വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്, പല കാരണങ്ങളാല്‍. അതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നുകൂടിയില്ല. തുല്യതയിലേക്കുള്ള ഒരു വഴിയാണ് ഏകീകൃത സിവില്‍ കോഡ്. അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീയ്ക്കു തുല്യത ഉറപ്പു വരുത്താനും ഏകീകൃത സിവില്‍ കോഡ് ഉപകരിക്കുമെന്നാണ് എന്റെ വിശ്വാസം.

? പുരോഗമന വാദിയെന്നു പറയുമ്പോഴും താങ്കള്‍ ഇന്ത്യന്‍ ഇടതു പക്ഷത്തോട് ഒരകലം പാലിക്കുന്നുണ്ടല്ലോ...


* ഇന്ത്യയിലെ ഇടതു പാര്‍ട്ടികളും ലിബറല്‍ കക്ഷികളും മുസ്‌ളിം പ്രീണനത്തിനു മത്സരിക്കകയാണ്. അതു കാണുമ്പോള്‍ എനിക്ക് അവരോട് സഹതാപം തോന്നാറുണ്ട്. അവര്‍ ഹിന്ദു വര്‍ഗീയവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെ ഇസഌമിക വര്‍ഗീയതയോടു കണ്ണടയ്ക്കുന്നു എന്നത് പറയപ്പെടേണ്ട സത്യം തന്നെയാണെന്നു ഞാന്‍ കരുതുന്നു.

ഇന്ത്യയെ എന്റെ വീടായാണ് ഞാന്‍ കരുതിയത്. പക്ഷേ, എനിക്കു കിട്ടിയത് കയ്‌പ്പേറിയ അനുഭവങ്ങളാണ്. അതില്‍ പ്രതിഷേധമോ വിഷമമോ ഇല്ല. ബംഗഌദേശില്‍നിന്ന് അടിച്ചോടിക്കപ്പെട്ട് പശ്ചിമ ബംഗാളിലെത്തിയ എന്നോട് ഇടതു സര്‍ക്കാരാണ് അവിടം വിടാന്‍ പറഞ്ഞത്. എന്നെ അവിടെ നിന്നു തുരത്താന്‍ ബംഗാളിലെ പ്രശസ്തരായ ചില എഴുത്തുകാരും ഉണ്ടായിരുന്നു എന്നത് എന്നും മനസ്സിലെ വേദനയാണ്. എന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. തങ്ങളുടെ മാത്രം അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന അവരും മതമൗലികവാദികളും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല.

ആര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആരൊക്കെ എതിര്‍ത്താലും ഞാന്‍ മരണം വരെയും എഴുതും. മതപരമായ അടിച്ചമര്‍ത്തലുകളെ എഴുത്തിലൂടെ എതിര്‍ത്തതാണ് എനിക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം.


നാവെടുത്താല്‍രാഷ്ട്രീയ എതിരാളിയെകുത്തിവീഴ്ത്തുന്ന കേരളം


കേരളത്തില്‍ ഞാനെത്തുന്നത് ആദ്യമല്ല. കേരളം എനിക്കിഷ്ടമാണ്. ഈ നാടിന്റെ പച്ചപ്പും ഗ്രാമ്യഭംഗിയും കടിലിന്റെ അനന്തനീലിമയും എനിക്കിഷ്ടമാണ്. ബംഗാളും കേരളവും തമ്മില്‍ കാഴ്ചയില്‍ ഒരുപോലെ തോന്നിക്കാറുണ്ട്. കേരളത്തെക്കുറിച്ചു കൂടുതലും വായിച്ചിരുന്നത് നാവെടുത്താല്‍ രാഷ്ട്രീയ എതിരാളിയെ കുത്തിവീഴ്ത്തുന്ന നാടെന്നാണ്. കൊല്‍ക്കത്തയിലായിരിക്കുമ്പോള്‍ ടെലിഗ്രാഫിലും മറ്റും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ വലിയ വാര്‍ത്തകള്‍ വായിച്ചു ഞാന്‍ അമ്പരന്നിട്ടുണ്ട്. പക്ഷേ, ഇവിടെയെത്തുമ്പോള്‍ ഇന്ത്യയില്‍ മറ്റെവിടെ നില്‍ക്കുന്നതിലും സുരക്ഷിതത്വവും സമാധാനവും തോന്നുന്നു. വായിച്ചറിവുകളല്ല, നേരനുഭവമാണ് പലപ്പോഴും എന്നെ തിരുത്തിയിട്ടുള്ളത്.

I am not an anti-religious. Religious violence is not in my agenda. Someone needs me to be portrayed as anti-religion. No society can prohibit religion. My petition is only to take good sides of religion, says Taslima Nasreen in an  interview with Ajay Muthana

Anti-religious,  Religious violence, Taslima Nasreen,  interview , Ajay Muthana


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ എന്നെ കൊന്നോളൂ, പക്ഷേ, മരണം വരെയും ഞാനെഴുതും, ഇന്ത്യാ വിഭജനം ചരിത്രത്തിലെ തെറ്റ്, ഇന്ത്യന്‍ ഇടതുപക്ഷം മുസ് ലിം പ്രീണനത്തിനു ശ്രമിക്കുന്നു: തസ് ലിമാ നസ്രീന്‍