Another Iranian missile attack in Beersheba, seriously injured seven people, Israel seized Palestinian buildings in the West Bank
![]() |
ദുബായ് : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, ബീര്‍ഷെബയില്‍ വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഏഴു പേര്‍ക്കു ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇസ്രായേല്‍ വാര്‍ത്തകള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനാല്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമല്ല. ഇറാനിലും മാധ്യമ നിയന്ത്രണമുള്ളതിനാല്‍ അവിടെയും യുദ്ധക്കെടുതിയെക്കുറിച്ചു വ്യക്തമായ റിപ്പോര്‍ട്ടുകള്‍ കിട്ടുന്നത് പ്രയാസമാണ്.
പരിക്കേറ്റ എല്ലാവരെയും വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി സൊറോക്ക മെഡിക്കല്‍ സെന്റര്‍ വക്താവ് പറഞ്ഞു. മിസൈല്‍ വരുന്നതു മനസ്സിലാക്കി ഐഡിഎഫിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് നഗരത്തില്‍ റെഡ് അലര്‍ട്ട് സൈറണ്‍ മുഴക്കിയിരുന്നു.
വ്യാഴാഴ്ച സൊറോക്ക മെഡിക്കല്‍ സെന്ററില്‍ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വെള്ളിയാഴ്ച ബീര്‍ഷെബയില്‍ ആക്രമണം ഉണ്ടായത്. ഈ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും കെട്ടിടത്തിനു കാര്യമായ കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബീര്‍ഷെബയില്‍ ഇറാന്‍ ആക്രമണം നടത്തുന്നത്.
ബീര്‍ഷെബയില്‍ രണ്ടു താത്കാലിക ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായും അപകടത്തില്‍ പെട്ടവര്‍ക്കു നല്ല ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ബീര്‍ഷെബയിലെ മാഗന്‍ ഡേവിഡ് അഡോം പാരാമെഡിക്കല്‍ ഡിവിര്‍ ബെന്‍ സീവ് പറഞ്ഞു. ഇന്നത്തെ ആക്രമണത്തില്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
![]() |
ഇസ്രായേല്‍ സൈന്യം പട്ടണങ്ങളില്‍ വ്യാപക അറസ്റ്റ് നടത്തുന്നതായി പലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ കെട്ടിടങ്ങള്‍ റെയ്ഡ് ചെയ്യുകയും ഉടമകളെ പുറത്താക്കുകയും സൈനിക ബാരക്കുകളാക്കി മാറ്റുകയും ചെയ്തുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
![]() |
ഇസ്ഫഹാനിലെയും ടെഹ്റാനിലെയും നിരവധി ഇറാനിയന്‍ വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇറാനില്‍ തങ്ങളുടെ വ്യോമ മേധാവിത്വം വര്‍ദ്ധിപ്പിച്ചതായി ഐഡിഎഫ് പറയുന്നു. ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമാക്കി നിര്‍മ്മിച്ച, ഉപരിതല-വായു മിസൈല്‍ ലോഞ്ചറുകളും റഡാറുകളും ആക്രമിച്ചതായി സൈന്യം പറയുന്നു.
ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറാക്കിയ മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും വിക്ഷേപണ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഇറാനിയന്‍ സൈനിക കമാന്‍ഡറും ഇസ്രായേല്‍ വ്യോമസേനയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടതായി മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ആക്രമണ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.
ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും താല്‍ക്കാലികമായി അടച്ചു. ഗാവ്-യാം നെഗേവ് അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് പാര്‍ക്കിലെ മൈക്രോസോഫ്റ്റ് ഓഫീസിന് മിസൈല്‍ ആക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഈ ടെക് പാര്‍ക്കില്‍ റോബോട്ടിക്സ്, ഡാറ്റാ സയന്‍സസ് തുടങ്ങിയവയില്‍ ധാരാളം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബെന്‍ ഗുറിയോണ്‍ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്നാണ് ഈ പ്രദേശം. ഇസ്രായേലി സൈന്യത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ബ്രാഞ്ച് കാമ്പസിനോട് ചേര്‍ന്നാണ്. ജോലി സമയം ആരംഭിക്കുന്നതിന് മുമ്പ് മിസൈല്‍ പതിച്ചതിനാല്‍ ഓഫീസുകളില്‍ ആളില്ലായിരുന്നതും ദുരന്ത വ്യാപ്തി കുറച്ചു.
COMMENTS