Israeli missile attack on Iranian state television studio. After the missile hit, the footage of the news reader running down in terror emerged
എന്‍ പ്രഭാകരന്‍
ദുബായ് : ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തി. മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് വാര്‍ത്ത വായനക്കാരി ഭയചകിതയായി ഇറങ്ങി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബുള്ളറ്റിന്‍ പകുതിയില്‍ നിറുത്തി അവതാരക സഹര്‍ ഇമാമി എഴുന്നേറ്റ് ഓടുകയായിരുന്നു. മിസൈലിന്റെ ആഘാതത്തില്‍ സ്റ്റുഡിയോ തകര്‍ന്നു തീപിടിച്ചു.
ഇറാന്റെ മിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ച് തലസ്ഥാനമായ ടെഹ്റാനില്‍, ഇസ്രായേല്‍ മിസൈലുകള്‍ വര്‍ഷിച്ചു. ഇറാനില്‍ 'സമ്പൂര്‍ണ്ണ വ്യോമ മേധാവിത്വം' നേടിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു.
സ്റ്റുഡിയോയില്‍ ബോംബ് വീഴുമ്പോള്‍ പശ്ചാത്തലത്തില്‍ ആരോ 'അല്ലാഹു അക്ബര്‍' വിളിക്കുന്നതു കേള്‍ക്കാമായിരുന്നു. ഇമാമിയും സ്റ്റുഡിയോയിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇറാന്‍ സ്‌റ്റേറ്റ് ടിവി നുണ പ്രചരണം നടത്തുകയാണെന്നും ആക്രമിക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയിരുന്നു.
തീയും പുകയും നിറഞ്ഞ കെട്ടിടത്തിന് പുറത്ത് ഐആര്‍ഐബിയുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാമായിരുന്നു. 'ബോംബ് വര്‍ഷിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഒന്നാം നിലയിലായിരുന്നു. എന്റെ സഹപ്രവര്‍ത്തകരില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് എനിക്കറിയില്ല. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നും എനിക്കറിയില്ല,' രക്തത്തില്‍ കുളിച്ച കൈകളോടെ ലേഖകന്‍ യൂനസ് ഷാഡ്ലൗ പറഞ്ഞു. 'ഞങ്ങളോട് പോകാന്‍ പറഞ്ഞിരുന്നു, പക്ഷേ ഞങ്ങള്‍ ഭയപ്പെടുന്നില്ല, ഞങ്ങള്‍ പോകുന്നില്ല,' അദ്ദേഹം പറഞ്ഞു.
ടെഹ്‌റാനിലെ ഡിസ്ട്രിക്ട് 3ല്‍നിന്ന് ജനം ഒഴിഞ്ഞുപോകണമെന്നും ശ്ക്തമായ ആക്രമണം ഉണ്ടാകുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് പുറപ്പെടുന്ന ഹൈവേകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇസ്രായേലിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ താമസക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് അവശ്യസാധനങ്ങള്‍ ശേഖരിച്ച് ചെറിയ പട്ടണങ്ങളിലേക്കും നാട്ടുമ്പുറങ്ങളിലേക്കും പലായനം ചെയ്യുകയാണ്.
കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര കാണാമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ടെല്‍ അവീവിലും ജറുസലേമിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
'കൊലപാതകിയായ ഏകാധിപതി ഇസ്രായേല്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നോക്കുകയാണെന്നും തിരിച്ച് ഇസ്രായേല്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനാലാണ് ജനത്തിനു മുന്നറിയിപ്പ് കൊടുക്കുന്നതെന്നുമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറയുന്നത്. എങ്കിലും ടെഹ്റാന്‍ നിവാസികള്‍ സ്വേച്ഛാധിപത്യത്തിന്റെ വില നല്‍കേണ്ടിവരുമെന്നും ടെഹ്റാനിലെ ഭരണകൂട ലക്ഷ്യങ്ങളെയും സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്ന വേളയില്‍ ആവശ്യമായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കേണ്ടിവരുമെന്നും ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ സന്ദേശം 'മാനസിക യുദ്ധം' ആണെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. പൗരന്മാരോട് പരിഭ്രാന്തരാകരുതെന്ന് ഇറാന്‍ ഭരണകൂടം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ, ഇസ്രായേലിന്റെ പോര്‍ വിമാനങ്ങളെയും മിസൈലുകളെയും ഇറാന് തടുക്കാന്‍ കഴിയാത്തതിനാല്‍ ഭയചകിതരായ ജനം പരക്കംപായുകയാണ്.
ഇസ്രായേല്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ടെഹ്റാനില്‍ നിന്ന് പോകുന്നവരില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ടെഹ്റാനില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ക്വോം എന്ന നഗരത്തിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുക തന്നെയാണ്.
ആണവ ഭീഷണിയും മിസൈല്‍ ഭീഷണിയും ഇല്ലാതാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പാതയിലാണ് രാജ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ നോഫ് വ്യോമതാവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് 'സംഘര്‍ഷം അവസാനിപ്പിക്കും' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരും ദിവസങ്ങളില്‍ തങ്ങളുടെ സൈനിക നീക്കങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേലിലെ രണ്ട് വലിയ നഗരങ്ങളില്‍ ഇറാന്‍ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതിന് ശേഷമാണ് തിരിച്ചടി രൂക്ഷമാക്കിയത്. മിസൈലുകള്‍ മിക്കതും ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞെങ്കിലും, ഏഴ് ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ പതിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്ത് കുറഞ്ഞത് 100 പേര്‍ക്കെങ്കിലും പരിക്കേറ്റു.
അതേസമയം, വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് ഇസ്രായേലിനോട് അമേരിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടണമെന്ന് ഇറാന്‍ പറഞ്ഞു. സൈനിക ആക്രമണം പൂര്‍ണ്ണമായും അവസാനിപ്പിച്ചില്ലെങ്കില്‍, ഞങ്ങളുടെ പ്രതികരണങ്ങള്‍ തുടരും. നെതന്യാഹുവിനെപ്പോലുള്ള ഒരാളുടെ വായ്മൂടിക്കെട്ടാന്‍ വാഷിംഗ്ടണില്‍ നിന്നുള്ള ഒരു ഫോണ്‍ കോള്‍ മതി. അത് നയതന്ത്രത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയേക്കാം, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു.
Summary: Reporter with bloodied hand, news anchor horrified after Israeli missile attack on Iran state television headquarters. Israeli missile attack on Iranian state television studio. After the missile hit, the footage of the news reader running down in terror emerged.
COMMENTS