India beat Pakistan, shamed China, Indian jets and missiles arrived with a bang, the multi-crore air defense system bought from Beijing was in sleep
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യ അടികൊടുത്തത് പാകിസ്ഥാനാണെങ്കിലും ലോകത്തിനു മുന്നില്‍ നാണം കെട്ടിരിക്കുന്നത് ചൈനയാണ്. ഏതാണ്ട് അര മണിക്കൂറോളം തുടരെ ഇന്ത്യ മിസൈലുകള്‍ തൊടുത്തിട്ടും ഒന്നു പോലും പ്രതിരോധിക്കാന്‍ ചൈനയില്‍ നിന്നു കോടികള്‍ കൊടുത്തു വാങ്ങിയ പാകിസ്ഥാന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞില്ല.
ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഉള്ളിലെ ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ കൃത്യമായ ആക്രമണം നടത്തുകയായിരുന്നു. ഭീകര അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനപ്പുറം, ഓപ്പറേഷന്‍ സിന്ദൂര്‍ അതിലും ശക്തമായ ഒരു പ്രഹരമാണ് പാകിസ്ഥാനും ചൈനയ്ക്കും കൊടുത്തിരിക്കുന്നത്.
പാകിസ്ഥാനു ചൈന കൊടുത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിശ്വാസ്യതയ്ക്ക് ഏറ്റ കനത്ത പ്രഹരമായി ഈ ആക്രമണം. അമേരിക്കയെക്കാള്‍ വലിയ സൈനിക ശക്തിയാണെന്നു വീമ്പിളക്കുന്ന ചൈനയുടെ കഴിവുകേടാണ് ഇന്ത്യ ഒരിക്കല്‍ കൂടി തുറന്നു കാണിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേന, വളരെ സൂക്ഷ്മമായി നടത്തിയ ദൗത്യത്തില്‍, റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ തൊടുക്കുകയായിരുന്നു. ഫ്രഞ്ച് നിര്‍മിത പോര്‍വിമാനങ്ങള്‍ പാക് വ്യോമാതിര്‍ത്തിയിലൂടെ ഒരു തടസ്സവുമില്ലാതെ പറന്നു. ഒന്നിനെ പോലും തൊടാനോ കണ്ടെത്താനോ ചൈനയുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്കു കഴിഞ്ഞതുമില്ല. ഫലത്തില്‍ ഈ സൈനിക നടപടി റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാതാക്കളായ ദസാള്‍ട്ട് ഏവിയേഷനും അഭിമാനിക്കാവുന്നതായി മാറി. ശസ്ത്രക്രിയാ കൃത്യതയോടെയാണ് ഈ വിമാനങ്ങള്‍ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയെ സഹായിച്ചത്.
പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി എച്ച് ക്യൂ 9, എല്‍ വൈ80 വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പോയ രാത്രിവരെ അവിടുത്തെ ജനങ്ങള്‍ കരുതിയിരുന്നത്. വ്യോമ ഭീഷണികള്‍ക്കെതിരായ അത്യാധുനിക പരിഹാരങ്ങളായി പാകിസ്ഥാന്‍ പലപ്പോഴും പരേഡുകളില്‍ ഈ ചൈനീസ് നിര്‍മ്മിത പ്ലാറ്റ്ഫോമുകള്‍ അണിയിച്ചൊരുക്കി കൊണ്ടുനടക്കാറുണ്ട്.
റഷ്യയുടെ എസ് 300 മാതൃകയില്‍ നിര്‍മ്മിച്ച എച്ച് ക്യൂ 9, ആകാശത്ത് ഭീഷണികള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനും കഴിവുള്ളതായാണ് ചൈന അവകാശപ്പെടുന്നത്. പക്ഷേ, ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത്, ഈ സംവിധാനങ്ങള്‍ ഇന്ത്യന്‍ മിസൈലുകള്‍ വരുന്നത് അറിഞ്ഞതുപോലുമില്ല!
ഇന്ത്യയുടെ റഡാര്‍-സിഗ്നല്‍ ജാമിംഗ് സംവിധാനങ്ങള്‍ പാകിസ്ഥാനിലെ ചൈനയുടെ വ്യോമ പ്രതിരോധ ഗ്രിഡിനെ നിശ്ചലമാക്കിയെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അനുമാനം. അധിനിവേശ കശ്മീരില്‍ മാത്രമല്ല, പാകിസ്ഥാനിലും ഇന്ത്യ കയറി ആക്രമിച്ചുവെന്നുകൂടി അറിയുമ്പോഴാണ് ചൈനയുടെ സംവിധാനങ്ങള്‍ എത്ര ദുര്‍ബലമാണെന്നു വ്യക്തമാവുന്നത്.
ബഹാവല്‍പൂര്‍, മുരിദ്‌കെ, മുസാഫറാബാദ്, കോട്ലി എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ ചീറിപ്പാഞ്ഞ് എത്തിയപ്പോള്‍ പാകിസ്ഥാന്റെ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന മിസൈല്‍ കവചം മരവിച്ചുവെന്നതാണ് സത്യം. ഫലത്തില്‍ പാക് മിസൈല്‍ കവചം ഉപയോഗശൂന്യവും അന്ധവും അപമാനിതവുമായി.
പാകിസ്ഥാന്റെ ഈ പരാജയം ആദ്യത്തേതല്ല. 2011 ല്‍, യുഎസ് നേവി സീലുകള്‍ വെല്ലുവിളികളില്ലാതെ അബോട്ടാബാദില്‍ ഹെലികോപ്ടറില്‍ ചെന്ന് ബിന്‍ ലാദന്റെ വീടു വളഞ്ഞ് അയാളെ പിടികൂടി കൊണ്ടുപോയിട്ടും പാക് പ്രതിരോധ സംവിധാനങ്ങള്‍ ഉറക്കമുണര്‍ന്നിരുന്നില്ല. 2019 ല്‍, ഇന്ത്യന്‍ ജെറ്റുകള്‍ അനായാസം ബാലകോട്ടില്‍ ആക്രമണം നടത്തി. 2022 ല്‍, വഴിതെറ്റിയ ഒരു ഇന്ത്യന്‍ ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാനിലേക്ക് 120 കിലോമീറ്റര്‍ പറന്നുചെന്നു വീണിരുന്നു. അന്നെല്ലാം ചൈന കൊടുത്ത കളിപ്പാട്ടങ്ങള്‍ ഉറക്കമായിരുന്നു.
എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂര്‍ നേരത്തേ നടന്ന ആക്രമണങ്ങളെപ്പോലെ അല്ലായിരുന്നു. ഇന്ത്യ ആക്രമിക്കുമെന്നു നൂറു ശതമാനം പാകിസ്ഥാന്‍ ഉറപ്പാക്കിയിരുന്നു. 36 മണിക്കൂറില്‍ ഇന്ത്യ ആക്രമിക്കുമെന്നു പാകിസ്ഥാന്റെ മന്ത്രി തന്നെ രോദനം നടത്തിയിരുന്നു. അതായത് പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളെല്ലാം പൂര്‍ണമായി ഉണര്‍ന്നിരിക്കുമ്പോഴായിരുന്നു അനായാസം ഇന്ത്യ ദൗത്യം നടപ്പാക്കിയത്.
പാകിസ്ഥാന്‍ ഇറക്കുമതി ചെയ്ത വിശ്വസനീയമല്ലാത്ത ചൈനീസ് സാങ്കേതികവിദ്യയെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയിരിക്കുകയാണ് ഇന്ത്യ. ചൈനയെ ആശ്രയിക്കുന്നതിലെ മണ്ടത്തരവും ലോകത്തിനു വ്യക്തമാവുകയാണ്.
പാകിസ്ഥാനെ കൂടാതെ സൗദി അറേബ്യ, സെര്‍ബിയ, ഈജിപ്ത്, മൊറോക്കോ, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇപ്പോള്‍ നെഞ്ചിടിക്കുന്നുണ്ടാവണം. മെയ്ഡ് ഇന്‍ ചൈന എന്നാല്‍ ചവറ്റുകുട്ടയില്‍ തള്ളേണ്ടത് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
Summary: India beat Pakistan, shamed China. Indian jets and missiles arrived with a bang, the multi-crore air defense system bought from Beijing was in deep slumber. Operation Sindoor proved that Chinese weapons are a complete nullity.
COMMENTS