Author Salman Rushdie was put on a ventilator after he was stabbed in the neck and stomach during a literary event in New York on Friday
ന്യൂയോര്‍ക്കില്‍ നിന്ന് എം രാഖി
ന്യൂയോര്‍ക് : ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച സാഹിത്യ പരിപാടിക്കിടെ കഴുത്തിലും വയറിലും കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററിലേക്കു മാറ്റി. 75 കാരനായ റുഷ്ദിയുടെ ഒരു കണ്ണിന് നഷ്ടപ്പെടാമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂജേഴ്സിയില്‍ നിന്നുള്ള ഹാദി മതര്‍ (24) ആണ് അക്രമി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
സല്‍മാന്‍ റുഷ്ദിയുടെ കൈ ഞരമ്പുകള്‍ മുറിഞ്ഞു. കരളിനും ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രിയില്‍ നിന്നു വരുന്ന വാര്‍ത്ത നല്ലതല്ലെന്നാണ് റുദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞത്.
വേദിയിലേക്ക് പാഞ്ഞുകയറിയ ഹാദി മതര്‍ റുഷ്ദിയെ ആവര്‍ത്തിച്ച് കുത്തുകയും ആക്രമിക്കുകയും ചെയ്തു. റുഷ്ദിയെ അഭിമുഖം നടത്തിയ ഹെന്റി റീസിനും ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സദസ്സിലുണ്ടായിരുന്ന ചിലര്‍ വേദിയിലേക്ക് ഓടിക്കയറിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരിപാടിയില്‍ പങ്കെടുത്ത ഒരു സൈനികന്‍ പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി.
പരിപാടിയില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ അടിയന്തര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് റുഷ്ദിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിനടുത്തുള്ള കലാപരിപാടികള്‍ നടത്തുന്ന ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ റുഷ്ദി പ്രസംഗിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. സദസ്സില്‍ രണ്ടായിരത്തി അഞ്ഞുറോളം പേര്‍ ഉണ്ടായിരുന്നു. സദസ്യരെ പിന്നീട് ഒഴിപ്പിച്ചു.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അക്രമത്തെ അപലപിച്ചു. ''ഞങ്ങള്‍ എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു, ആളുകള്‍ക്ക് സത്യം സംസാരിക്കാനും എഴുതാനുമുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' കാത്തി പറഞ്ഞു.
1981-ല്‍ 'മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍' എന്ന തന്റെ രണ്ടാമത്തെ നോവലിലൂടെയാണ് റുഷ്ദി ലോക ശ്രദ്ധയില്‍ വരുന്നത്. അന്താരാഷ്ട്ര പ്രശംസ നേടിയ പുസ്തകം ബുക്കര്‍ സമ്മാനവും നേടി.
ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരനാണ് റുഷ്ദി. 20 വര്‍ഷമായി യുഎസിലാണ് താമസം.
1988 ല്‍ പുറത്തിറങ്ങിയ തന്റെ പുസ്തകമായ ദ സാത്താനിക് വേഴ്സാണ് റുഷ്ദിക്കു ഏറെ ശത്രുക്കളെ ഉണ്ടാക്കയത്. ഈ പുസ്തകവുമായി ബന്ധപ്പെട്ട് അദ്ദേഹം പതിറ്റാണ്ടുകളായി ഭീഷണി നേരിടുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള അനാദരവായിട്ടാണ് ഈ നോവല്‍ ചില പുരോഹിതന്മാര്‍ കണക്കാക്കിയത്.
അദ്ദേഹത്തെ വധിക്കാന്‍ ആഹ്വാനം ചെയ്ത ഇറാനിയന്‍ ഉന്നത നേതാവ് അയത്തുള്ള റുഹോള ഖൊമേനി, റുഷ്ദിയുടെ തലയ്ക്ക് 2.8 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. 1989 ഫെബ്രുവരി 14 നായിരുന്നു ഈ ഫത് വ പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഒരു പതിറ്റാണ്ടോളം റുഷ്ദി ഒളിവിലായിരുന്നു.
ആവര്‍ത്തിച്ച് വീടുകള്‍ മാറുകയും താന്‍ എവിടെയാണ് താമസിക്കുന്നതെന്ന് മക്കളോടു പോലും പറയാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. 1998-ല്‍ ഇറാന്‍ സര്‍ക്കാര്‍ ആ 'ഫത്വ' നടപ്പിലാക്കില്ലെന്ന് പറഞ്ഞതിന് ശേഷമാണ് റുഷ്ദി പുറം ലോകത്ത് എത്തിയത്.
'ഇസ്ലാമിന്റെ പവിത്രമായ മൂല്യങ്ങളെ വ്രണപ്പെടുത്താന്‍ ഇനി ആരും ധൈര്യപ്പെടില്ല' എന്ന് അന്ന് ഖൊമേനി ഫത്വയില്‍ പറഞ്ഞിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ച് കൊല്ലപ്പെടുന്ന ആരും സ്വര്‍ഗത്തിലേക്ക് പോകുന്ന 'രക്തസാക്ഷി'യായി കണക്കാക്കപ്പെടുമെന്നും ഖൊമേനി പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ജനിച്ച നിരീശ്വരവാദിയായ റുഷ്ദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉടന്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ഏകദേശം 13 വര്‍ഷത്തോളം അദ്ദേഹം ജോസഫ് ആന്റണ്‍ എന്ന പേരില്‍ വീടുകള്‍ മാറി താമസിച്ചു. ഫത് വ ന്ന് ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ 56 തവണ വീടു മാറി.
ഭാര്യ അമേരിക്കന്‍ നോവലിസ്റ്റ് മരിയാനെ വിഗ്ഗിന്‍സുമായുള്ള വേര്‍പിരിയല്‍ അദ്ദേഹത്തെ കൂടുതല്‍ ഏകാന്ത ജീവിതത്തിലേക്കു തള്ളിവിട്ടു. 'ദ സാത്താനിക് വേഴ്സ്' മരിയാനെക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
2012 ലെ തന്റെ ഓര്‍മ്മക്കുറിപ്പായ 'ജോസഫ് ആന്റണ്‍' എന്ന തന്റെ ഡയറിയില്‍ 'ഞാന്‍ വായമൂടിക്കെട്ടി തടവിലാക്കപ്പെട്ടിരിക്കുന്നു' എന്ന് അദ്ദേഹം പറയുന്നുണ്ട്.
'എനിക്ക് സംസാരിക്കാന്‍ പോലും കഴിയില്ല. എന്റെ മകനോടൊപ്പം ഒരു പാര്‍ക്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധാരണ, നിസ്സാരമായ ജീവിതം: എന്റെ അസാധ്യമായ സ്വപ്‌നം.' എന്നാണ് റുഷ്ദി പറഞ്ഞത്.Summary: Author Salman Rushdie was put on a ventilator after he was stabbed in the neck and stomach during a literary event in New York on Friday. It is reported that 75-year-old Rushdie may lose one of his eyes.
COMMENTS