സ്വന്തം ലേഖകന്‍ കൊച്ചി: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൂടി കേസിലേക്കു വലിച്ചിട്ടുകൊണ്ടാണ് നടന്‍ ദിലീപ് പുതിയ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്ക...
സ്വന്തം ലേഖകന്‍
കൊച്ചി: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൂടി കേസിലേക്കു വലിച്ചിട്ടുകൊണ്ടാണ് നടന്‍ ദിലീപ് പുതിയ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പള്‍സര്‍ സുനി തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയ ദിവസം തന്നെ ഇതിനെക്കുറിച്ച് ഡിജിപിയെ നേരിട്ടു വിളിച്ചു പറയുകയും സുനിയുടെ ശബ്ദരേഖ ബഹ്‌റയ്ക്കു വാട്‌സ് ആപ് ചെയ്യുകയും ചെയ്തുവെന്നാണ് പുതിയ ജാമ്യ ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.
ജയിലില്‍ നിന്ന് ഏപ്രില്‍ പത്തിനാണ് സുനി വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചു പറഞ്ഞു. ഡിജിപിയുടെ പേഴ്‌സണല്‍ നന്പറിലേക്കാണ് സുനിയുടെ ശബ്ദരേഖ വാട്‌സ് ആപ് ചെയ്തത്.
നാദിര്‍ഷായെയാണ് സുനി ജയിലില്‍ നിന്ന് വിളിച്ചത്. വിളിക്കുന്നത്. ബംഗളൂരുവിലേക്ക് പോകാന്‍ നെടുന്പാശേരി വിമാനത്താവളത്തിലായിരുന്നു നാദിര്‍ഷ അപ്പോള്‍. വിളി വന്ന ഫോണില്‍ റിക്കോര്‍ഡിംഗ് സൗകര്യമില്ലാതിരുന്നതിനാല്‍ നാദിര്‍ഷ സിം മാറ്റി മറ്റൊരു ഫോണിലിട്ടാണ് സുനിയുമായി സംസാരിച്ചത്. തന്നെ ഇക്കാര്യം ദിലീപിനെ നാദിര്‍ഷാ അറിയിച്ചു. ശബ്ദരേഖയും കൈമാറി. ഇതാണ് ദിലീപ് ഡിജിപിക്ക് അന്നുതന്നെ അയച്ചതായി പറയുന്നത്.
എന്നാല്‍, അന്വേഷണ സംഘം പറഞ്ഞിരുന്നത് മറ്റൊന്നാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ച വിവരത്തെക്കുറിച്ച് ഒരു മാസം കഴിഞ്ഞാണ് ദിലീപ് പരാതിപ്പെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇപ്പോള്‍ ഡിജിപിയെ എല്ലാം അറിയിച്ചിരുന്നു എന്നു കോടതിയില്‍ പറയുന്നതിലൂടെ കേസ് വീണ്ടും കുഴഞ്ഞുമറിയുകയാണ്.
സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് വാട്‌സ് ആപ്പിലൂടെ മാനേജര്‍ അപ്പുണ്ണിക്ക് അയച്ചതോടെ, കുടുങ്ങുമെന്ന് ഉറപ്പാക്കി ദിലീപ് പരാതി നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ഒരുമാസവും സുനിയുമായി ഒത്തുതീര്‍പ്പിന് ദിലീപ് ശ്രമിച്ചുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പുതിയ അഭിഭാഷകന്റെ കീഴില്‍ ദിലീപ് പുതിയ നിലപാടെടുത്തതോടെ കേസിനു പുതിയ മാനം കൈവരികയാണ്.
ഡിജിപിക്ക് സന്ദേശം അയച്ച ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തിയാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
താനും സുനിയും ഒരു ടവര്‍ ലൊക്കേഷനു കീഴില്‍ വന്നതിന്റെ പേരില്‍ കുടുക്കിയതിനെതിരേയും ദിലീപിനു വ്യക്തമായ ന്യായമുണ്ട്.
2013 ഏപ്രിലില്‍ ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കായി തയാറെടുപ്പ് നടക്കുന്‌പോള്‍ എല്ലാ താരങ്ങളും കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലുണ്ടായിരുന്നു. അതിനാല്‍ തന്നെ താനും സുനിയും ഒരേ ടവര്‍ ലൊക്കേഷന് കീഴിലുണ്ടാവുക സ്വാഭാവികമാണ്. ഇക്കാരണം കൊണ്ടു മാത്രം ഹോട്ടലിലെ തന്റെ മുറിയില്‍ ഗൂഢാലോചന നടന്നുവെന്നു പൊലീസ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
സസ്‌പെന്‍സ് ത്രില്ലര്‍ പോലെ തുടരുന്ന കഥയില്‍ പുതിയ ട്വിസ്റ്റ് വരുത്താനുള്ള ദിലീപിന്റെ ശ്രമം വിജയിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
COMMENTS