Plunging to a depth of 8,500 feet in a minute, all warning systems were disabled, and the passengers of the Indigo flight faced an ordeal in the hail
അഭിനന്ദ്
ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കു പോയ ഇന്‍ഡിഗോ വിമാനം കൊടുങ്കാറ്റിലും ആലിപ്പഴ വര്‍ഷത്തിലും ദുരന്തം മുന്നില്‍ കണ്ട വേളയില്‍ അടിയന്തര ലാന്‍ഡിംഗിനുള്ള അഭ്യര്‍ത്ഥന പാകിസ്ഥാന്‍ നിഷേധിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു മിനിറ്റുകൊണ്ട് വിമാനം 8,500 അടിയിലേക്കു താണു. മിനിറ്റില്‍ സാധാരണ 1,500 മുതല്‍ 3,000 അടി വരെയാണ് വിമാനങ്ങള്‍ താഴ്ത്താറുള്ളത്.
ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 6ഇ2142 വിമാനം തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. പൈലറ്റിന്റെ മിടുക്കായിരുന്നു വിമാനം തകരാതെ കാത്തതും.
ആലിപ്പഴം വീണ് വിമാനത്തിന്റെ മുന്‍ഭാഗത്ത് വിള്ളലുണ്ടായി. ഇതോടെ, ഈ ഭാഗത്തുണ്ടായിരുന്നു സുപ്രധാന യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. കോക് പിറ്റിലെ പ്രധാനപ്പെട്ട പല വാണിംഗ് സംവിധാനങ്ങളും കണ്ണടച്ചു.
പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 220 ലധികം യാത്രക്കാരുമായി 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള പത്താന്‍കോട്ടിനടുത്തുവച്ച് വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ടത്.
മുന്നോട്ട് തീരെ മോശം അവസ്ഥയാണെന്നു തിരിച്ചറിഞ്ഞ് ഫ്‌ലൈറ്റ് ടീം വടക്കേയ്ക്കു വിമാനം ഗതി മാറ്റി പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ ഹ്രസ്വമായി പ്രവേശിക്കുന്നതിന് ഇന്ത്യന്‍ വ്യോമ സേനയുടെ അനുമതി തേടി. എന്നാല്‍, ഇപ്പോഴത്തെ സംഘര്‍ഷം മുന്‍നിറുത്തി അതില്‍ അപകടം മണത്ത വ്യോമസേന അനുമതി നിഷേധിച്ചു.
മുന്നോട്ടു പോകുന്തോറും കാലാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നതു കണ്ട് പൈലറ്റ് നേരിട്ട് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെട്ട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി. പാകിസ്ഥാന്‍ അധികൃതരും അഭ്യര്‍ത്ഥന കൈയോടെ നിരസിച്ചു. ഇതേസമയം, ആലിപ്പഴ വര്‍ഷത്തിനും കൊടുങ്കാറ്റിനുമൊപ്പം കടുത്ത ഇടിമിന്നലും തുടങ്ങി.
ഇതോടെ, വിമാനം ഡല്‍ഹിക്കു തിരിച്ചു പറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. പക്ഷേ, വലിയ മേഘക്കൂട്ടങ്ങല്‍ കാഴ്ച മറയ്ക്കുന്ന സ്ഥിതിയായിരുന്നു പിന്നില്‍. ഇതോടെ, മുന്നിലേക്ക് ശ്രീഗറിലേക്കു തന്നെ പോകാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. കടുത്ത ആലിപ്പഴ വര്‍ഷത്തിലേക്കു പ്രവേശിച്ചതോടെ വിമാനം ആടിയുലയാന്‍ തുടങ്ങി. യാത്രക്കാര്‍ ഭയന്നു നിലവിളിച്ചു. ഇതിനൊപ്പം വിമാനത്തിലെ സുപ്രധാനമായ പല സംവിധാനങ്ങളും കണ്ണടച്ചു.
വിമാനത്തിന് ആംഗിള്‍ ഒഫ് അറ്റാക്ക് (എഒഎ) തകരാറ് സംഭവിച്ചതായാണ് ഡിജിസിഎയുടെ പ്രാഥമിക വിലയിരുത്തല്‍. കണക്കറ്റ് ആടിയുലയുകയും ലംബമായി വിമാനം 8500 അടി താഴേക്കു പതിക്കുകയും ചെയ്തതോടെ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ സംഭവിച്ച തകരാറുകളാണ് എഒഎയ്ക്കു കാരണമായത്. എയര്‍ബസ് എ321 ന്റെ ഫ്‌ലൈ-ബൈ-വയര്‍ സിസ്റ്റം ആള്‍ട്ടര്‍നേറ്റ് ലോയിലേക്ക് സ്വയം മാറിയതോടെയാണഅ ഓവര്‍സ്പീഡ് സേഫ്ഗാര്‍ഡുകള്‍ പോലുള്ള സംരക്ഷണങ്ങള്‍ പ്രവര്‍ത്തനരഹിതമായത്.
ഈ കുഴപ്പങ്ങള്‍ക്കിടയില്‍, ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമായി. ഇതോടെ, ക്രൂവിന് പൂര്‍ണ്ണ മാനുവല്‍ നിയന്ത്രണത്തിലേക്കു പോകേണ്ടിവന്നു. ഇതിനിടെ, വിമാനത്തിന്റെ വേഗം നിയന്ത്രണാതീതമായി. വിമാനം അതിന്റെ പരമാവധി വേഗത്തിലും മാക് നമ്പറിലും അടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം മുന്നറിയിപ്പ് വന്നത് ക്രൂവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കൊടുങ്കാറ്റില്‍ നിന്ന് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ രക്ഷപ്പെടുക മാത്രമായിരുന്നു അപ്പോള്‍ പൈലറ്റുമാര്‍ക്കു മുന്നിലുണ്ടായിരുന്ന വഴിയും.
പൈലറ്റുമാര്‍ ശ്രീനഗര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി. 'പാന്‍ പാന്‍' മുന്നറിയിപ്പ് നല്കിയാണ് ശ്രീനഗറിലേക്ക് വിമാനം അടുത്തത്. ഇതോടെ, വിമാനത്താവളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ശ്രീനഗര്‍ എ.ടി.സിയുടെ സഹായത്തോടെ, തകരാറുകളെയെല്ലാം അതിജീവിച്ച് അപകടങ്ങളൊന്നുമില്ലാതെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോഴാണ് യാത്രക്കാരുടെ നിലവിളികള്‍ അവസാനിച്ചത്.
ലാന്‍ഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ മുന്‍ഭാഗം ആലിപ്പഴം വീണു തകര്‍ന്നതായി കണ്ടെത്തുകയായിരുന്നു. വിമാനത്തിന്റെ കാലാവസ്ഥാ റഡാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി.
സംഭവം ഔപചാരിക അന്വേഷണത്തിലാണെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു. ഇന്‍ഡിഗോയില്‍ നിന്നും റെഗുലേറ്ററില്‍ നിന്നുമുള്ള സാങ്കേതിക സംഘങ്ങള്‍ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗുകളും വിലയിരുത്തിവരികയാണ്.
യാത്രക്കാരില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘവും ഉണ്ടായിരുന്നു. എംപിമാരായ ഡെറക് ഒബ്രയാന്‍, നദിമുല്‍ ഹഖ്, മനസ് ഭൂനിയ, മമത താക്കൂര്‍, പാര്‍ട്ടി വക്താവ് സാഗരികാ ഘോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
'അതൊരു മരണത്തോടടുത്ത അനുഭവമായിരുന്നു,' എന്നാണ് ലാന്‍ഡിംഗിന് ശേഷം സാഗരികാ ഘോഷ് പറഞ്ഞത്. 'ആളുകള്‍ നിലവിളിച്ചു, പ്രാര്‍ത്ഥിച്ചു, പരിഭ്രാന്തരായി. ഞങ്ങളെ രക്ഷപ്പെടുത്തിയ പൈലറ്റിന് അഭിനന്ദനങ്ങള്‍,' അവര്‍ പറഞ്ഞു.
വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം മാത്രമേ വിമാനം പറക്കുന്നതിന് അനുമതി നല്‍കുകയുള്ളൂവെന്ന് ഇന്‍ഡിഗോ അറിയിച്ചു.
COMMENTS