Search

നായനാര്‍ കാറ്റുമല കൊടുത്തു, കടമ്മനിട്ട കണ്ണടച്ചു, സര്‍വരും ഡെസ്‌കലടിച്ച് ആദിവാസിയെ കൊലയ്ക്കു കൊടുത്തു...

എസ് ജഗദീഷ് ബാബു

മധുവിനെ തല്ലിക്കൊന്ന മാന്യന്മാര്‍ പിടിയിലായി. അനാഥമായ കുടുംബത്തിന് 10 ലക്ഷത്തിന്റെ വാഗ്ദാനം സര്‍ക്കാര്‍ നല്‍കി. മുതലക്കണ്ണീരുമായി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അട്ടപ്പാടിയിലെ മലമടക്കുകള്‍ കയറിയിറങ്ങുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ മധുവിനോട് വന്തവാസികളായ പ്രതികള്‍ ചെയ്ത ക്രൂരതയെല്ലാം നാം മറക്കും.

ഓര്‍മ്മവരുന്നത് 1999 ഏഴാംമാസം 10ാം തീയതി അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നയനാര്‍ അട്ടപ്പാടിയിലെത്തി 475 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ മേളയാണ്. അന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ ഡോക്ടര്‍ പി.എസ്. പണിക്കര്‍ ഒറ്റയ്ക്ക് ഇത് കാപട്യമാണെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ച് അറസ്റ്റ് വരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞ പ്രൊഫ. പണിക്കര്‍ ഇന്ന്  ഉണ്ടായിരുന്നെങ്കില്‍ മധുവിന്റെ ദുരന്തസ്ഥലത്തും ഒറ്റയാള്‍ പട്ടാളമായി ഓടിയെത്തുമായിരുന്നു. അന്ന് പണിക്കര്‍ പറഞ്ഞ കാപട്യം ശരിയാണെന്ന് തെളിയാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. 2018 ലും ഈ കുറിപ്പ് എഴുതുന്ന നിമിഷം വരേയും പട്ടയം നല്‍കിയ സ്ഥലത്ത് ഒരിഞ്ച് ഭൂമി പോലും ആദിവാസിക്ക് കിട്ടിയിട്ടില്ല.നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്...

കടമ്മനിട്ട രാമകൃഷ്ണന്‍ സര്‍വാദരണീയനായ കവിയാണ്. അദ്ദേഹത്തിന്റെ കുറത്തി പോലുള്ള കവിതകള്‍ കാലാതിവര്‍ത്തികളാണ്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാനുള്ള നിയമഭേദഗതി പാസ്സാക്കിയ വേളയില്‍ കുറത്തി എഴുതിയ കവി കടമ്മനിട്ടയും ഡെസ്‌കിലടിച്ച് ആ ബില്ല് പാസാക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കവി ഉള്‍പ്പെടെ 139 എം.എല്‍.എ.മാരും ആദിവാസിയുടെ ഭൂമി തട്ടിയെടുക്കാനുള്ള നിയമം കയ്യടിച്ച് പാസ്സാക്കിയപ്പോള്‍ ഒരാള്‍ മാത്രം അതിനെതിരെ എഴുന്നേറ്റ് നിന്ന് ശക്തമായി പ്രതിഷേധിച്ചു. കേരളത്തിന്റെ അമ്മ എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന കെ.ആര്‍. ൗരി അമ്മയുടെ ഒറ്റ വോട്ട് അവഗണിച്ചുകൊണ്ട് ആ ബില്‍ പാസ്സായി.

അന്നു പ്രതിഷേധിച്ച ഗൗരി അമ്മയെ ഏതാണ്ട് എല്ലാ എംഎല്‍എമാരും അധിക്ഷേപിച്ചു ചിരിക്കുകയായിരുന്നു. ബില്‍ പാസ്സാക്കിയ ശേഷം എംഎല്‍എമാര്‍ കോഫി ഹൗസിലേക്ക് ഉച്ചഭക്ഷണത്തിനായി പായുകയായിരുന്നു. ഭക്ഷണ മേശയില്‍ ചിക്കന്‍ കാലും കടിച്ചുപിടിച്ചിരുന്ന കടമ്മനിട്ടയോട് ഒരു യുവ പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, കുറത്തി ഇന്നുമുതല്‍ റദ്ദാക്കപ്പെട്ടു അല്ലേ സര്‍? ഒപ്പമിരുന്ന എംഎല്‍എമാര്‍ക്ക് പൊരുള്‍ പിടികിട്ടിയില്ലെങ്കിലും കമടമ്മനിട്ട ഇറച്ചിക്കാല്‍ തിരിച്ചെടുക്കാന്‍ മറന്ന് കുറേ നേരം അങ്ങനെ ഇരുന്നുപോയി. താന്‍ കുറത്തി എഴുതിയ കവി കൂടിയായിരുന്നു എന്ന് കടമ്മനിട്ട ചിന്തിച്ചത് അപ്പോഴാണെന്നു തോന്നുന്നു.

1986നു ശേഷമുള്ള കയ്യേറ്റ ഭൂമികള്‍ ആദിവാസിക്ക് നല്‍കുമെന്നായിരുന്നു ആ നിയമത്തിലെ ഉറപ്പ്. 1971 ന് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാനായിരുന്നു ഈ നിയമനിര്‍മ്മാണം. എന്നിട്ടും അതിന് ശേഷമുള്ള കയ്യേറ്റ ഭൂമി പോലും ഒഴിപ്പിക്കാനോ ആദിവാസിക്ക് നല്‍കാനോ മാറി വന്ന ഒരു സര്‍ക്കാരിനും കഴിഞ്ഞില്ല.


അരിയും മഞ്ഞപ്പൊടിയും മധു മോഷ്ടിച്ചോ ഇല്ലയോ എന്നത് തര്‍ക്കവിഷയമാണ്. കാട്ടുപഴങ്ങളും മറ്റുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മധുവിന്റെ ഉദരത്തില്‍ കണ്ടെത്തിയത്. മാത്രമല്ല, ആഹാരം തീരെ കഴിക്കാതെ ആ യുവാവിന്റെ ശരീര പേശികള്‍ പോലും വൃദ്ധരുടേതിലും നന്നെ ക്ഷീണിച്ചിരുന്നു.

കാട്ടിനകത്തെ ഗുഹയില്‍ നിന്ന് പിടിച്ചുകൊണ്ടുവരുമ്പോള്‍ പഴയകാലത്ത് അടിമകളുടെ മുതുകത്ത് ഭാരം വച്ചുകൊടുത്ത് ചാട്ടവാറുകൊണ്ട് അടിക്കുന്നപോലെ അക്രമിസംഘം ചാക്ക് വച്ചുകൊടുത്ത് അടിക്കുന്നുണ്ടായിരുന്നു. അതിക്രമിച്ച് വനത്തിനകത്ത് കടന്ന അക്രമികള്‍ക്ക് അകമ്പടിയായി ഫോറസ്റ്റിന്റെ ജീപ്പും ഉണ്ടായിരുന്നു.

അരുതെന്നു വിലക്കാന്‍ പോലും വനം വകുപ്പുകാര്‍ തയ്യാറായില്ല. മുക്കാലിയിലെത്തി മധുവിനെ കെട്ടിയിട്ട് പരസ്യവിചാരണ ചെയ്യുമ്പോള്‍ ആ ചാക്ക് അപ്രത്യക്ഷമായിരുന്നു. പകരം സഞ്ചിയില്‍ അരിയും മഞ്ഞപ്പൊടിയുമായിരുന്നു തൊണ്ടി മുതലായി വിചാരണ ചെയ്തവര്‍ ജനങ്ങളെ ഉയര്‍ത്തിക്കാണിച്ചത്. അപ്പോഴും വിശക്കുന്നു എന്ന് കരഞ്ഞിരുന്ന ആദിവാസി യുവാവിനെ തല്ലരുതെന്ന് പറയാന്‍ പോലും ഒരാളുമുണ്ടായില്ല. സമൂഹമാധ്യമങ്ങളില്‍ കള്ളനെപ്പിടിച്ച കേമത്തം പരസ്യപ്പെടുത്തിയപ്പോഴാണ് സംഭവം ലോകം മുഴുവന്‍ അറിഞ്ഞതും ജനരോഷം ഉയര്‍ന്നതും. ഇപ്പോഴാകട്ടെ, സാക്ഷി പറയാന്‍ പോലും മുക്കാലിയിലെ ആള്‍ക്കൂട്ടം ഭയപ്പെടുകയാണ്.


ആദിവാസിയുടെ പെണ്ണും മണ്ണും കയ്യേറ്റക്കാര്‍ കവര്‍ന്നെടുത്തിട്ട് വര്‍ഷങ്ങളായി. ഒരു കാലത്ത് അട്ടപ്പാടി വനമാകെ ഇവര്‍ക്ക് മാത്രം സ്വന്തമായിരുന്നു. ഇപ്പോഴാകട്ടെ, അന്യം നിന്നുപോയ ആദിവാസികള്‍ ന്യൂനപക്ഷവും കുടിയേറ്റക്കാര്‍ ഭൂരിപക്ഷവും ആയി മാറി. വോട്ടിന്റെ കണക്കെടുക്കുമ്പോള്‍ കുടിയേറ്റക്കാരാണ് നിര്‍ണായക ശക്തി. ജാതിമത വ്യത്യാസമില്ലാതെ ആദിവാസികള്‍ക്കെതിരെ ഇവരെല്ലാം ഒറ്റക്കെട്ടാണ്. ആദിവാസി ഭൂനിയമം നടപ്പിലാക്കിയാല്‍ വെട്ടിപ്പിടിച്ചതും തട്ടിയെടുത്തതും എല്ലാം ഉപേക്ഷിച്ച് ഇവര്‍ക്ക് കാടിറങ്ങേണ്ടി വരും. അതുകൊണ്ടാണ് ഗൗരി അമ്മ ഒഴികെയുള്ള 139 എം.എല്‍.എ.മാരും ആദിവാസിക്കെതിരെ വോട്ട് ചെയ്ത് ഭൂനിയമം അട്ടിമറിച്ചത്.

കോട്ടത്തുറ ഷോളയൂര്‍ മലമുകളിലാണ് ഇ.കെ. നായനാരുടെ കാലത്ത് സര്‍വ്വേ നമ്പര്‍ 18,19 ല്‍ പെട്ട 307.53 ഏക്കര്‍ ഭൂമി ആദിവാസിക്ക് പതിച്ച് നല്‍കി പട്ടയമേള നടത്തിയത്. വരടി മലയിലെ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടി മലമുകളില്‍ എത്തിയ എന്നോടൊപ്പം അന്ന് ഏഷ്യാനെറ്റിന്റെ സുരേഷ് പട്ടാമ്പിയും കാമറാമാനും ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം ഗിരിജന്‍ ക്ഷേമസമിതിയുടെ ശ്രീധരനും (ഇന്ന് ജീവിച്ചിരിപ്പില്ല) ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

ദുര്‍ബലരായ ആദിവാസികള്‍ പലരും ഞങ്ങളോടൊപ്പം മല കയറി. ചീറിയടിക്കുന്ന കാറ്റില്‍ ആടിയുലയുന്ന ആദിവാസികളുടെ ചിത്രം അന്ന് ഏഷ്യാനെറ്റില്‍ കാണിച്ചത് മലയാളി മറന്നിട്ടുണ്ടാവില്ല. മരങ്ങള്‍ പോലും കടപുഴകിപ്പോകുന്ന കാറ്റ്. ആ കാറ്റുള്ള പ്രദേശമാണ് കൃഷിക്കായി ആദിവാസിക്ക് നല്‍കിയത്. ഒരു തരത്തിലുള്ള കൃഷിയും അവിടെ ചെയ്യാനാകില്ലെന്ന് അന്ന് കേരളകൗമുദിയും ഏഷ്യാനെറ്റും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് എം.പി.യായിരുന്ന എന്‍.എന്‍.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കൃഷി നടത്താനുള്ള ശ്രമങ്ങള്‍ അവിടെ പരീക്ഷിച്ചു. പക്ഷേ അതെല്ലാം കാറ്റുകൊണ്ടുപോയി.

അന്ന് നയനാര്‍ നല്‍കിയ പട്ടയം ആദിവാസികള്‍ എന്തുചെയ്‌തെന്നോ ഒന്നും പിന്നീട് ആരും അന്വേഷിച്ചില്ല. ഇന്നും പട്ടയമേളയുടെ സ്മാരകം പോലെ ഈ പ്രദേശം കാടുകയറിക്കിടക്കുന്നു. റോഡും വെള്ളവും വെളിച്ചവും കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും എത്താത്ത സ്ഥലമാണ് അവര്‍ക്ക് പതിച്ചുകൊടുത്തത്.  മുഖ്യമന്ത്രിമാര്‍ പലരും വന്നുപോയി. എന്നിട്ടും കാറ്റെടുക്കുന്ന വരടിമലയിലെ ഭൂമി ചൂണ്ടിക്കാണിച്ച് ആദിവാസി പറയും അതാണ് ഞങ്ങളെ പറ്റിച്ച ഭൂമി. എകെ ആന്റണിയും വി.എസ് അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മാറിമാറി വന്നിട്ടും ആദിവാസിക്ക് നല്‍കിയ ഈ വാഗ്ദത്ത ഭൂമി ഒരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു.

ബംഗാളെന്ന കവിതയില്‍ കെ.ജി. ശങ്കരപ്പിള്ള എഴുതിയതുപോലെ കരിയിലകളെപ്പോലെ പമ്മിപ്പമ്മിക്കിടക്കുന്ന ആദിവാസികള്‍ കാറ്റൊന്നടിച്ചാല്‍ പറന്നുയരും. ഗ്രാമങ്ങളില്‍ നിന്ന് അവര്‍ നഗരങ്ങള്‍ കയ്യടക്കും. തിരുനെറ്റിയില്‍ ചുവപ്പന്‍ നക്ഷത്രമുള്ള അവര്‍ രാജകൊട്ടാരങ്ങള്‍ വളയും. രാജാവിന്റെ തലവെട്ടി...


സഞ്ജയാ
ഇലകൊഴിച്ചിലിന്റെ ഈ കാലം
വൃക്ഷത്തടങ്ങളില്‍ കരിയില കൂടുന്ന ഈ കാലം,
ചുടുവേനല്‍,
എനിക്കിത് വല്ലാത്ത പേടിയുണ്ടാക്കുന്നു
കീഴില്‍ കുപ്പിച്ചില്ലും പാമ്പും ഇപ്പോഴും കണ്ടില്ലെന്നു വരാം
പക്ഷെ, കരിയില ,കെടുതികള്‍ പെറ്റുകൂട്ടുന്ന
വിശപ്പിന്റെ തള്ളപ്പിശാച് ആണ്
കാത്തു കിടക്കുകയാണ്
നിസ്സാരമായ ഒരു കാറ്റൂതിയാല്‍
കരിയിലകള്‍ ആര്‍ത്തുണരും
ആരും ശ്രദ്ധിക്കില്ല
പെട്ടെന്ന് സംഘടിക്കും
ഭയങ്കരമായ ചുഴലിയുണ്ടാകും
എല്ലാം അട്ടിമറിക്കും
വൃത്തികെട്ട കുഴികളില്‍
തണു തണുത്തു ചിതറിക്കിടക്കുന്ന
ഈ കിടപ്പുണ്ടല്ലോ ,അത് വിശ്വസിച്ചുകൂടാ;
ഓര്‍ക്കാപ്പുറത്ത് ചുഴലി പൊങ്ങും
വഴി തടയുന്ന കൂറ്റന്‍ പര്‍വതങ്ങളെ ഞെരിച്ചമര്‍ത്തും
എനിക്കറിയാം vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നായനാര്‍ കാറ്റുമല കൊടുത്തു, കടമ്മനിട്ട കണ്ണടച്ചു, സര്‍വരും ഡെസ്‌കലടിച്ച് ആദിവാസിയെ കൊലയ്ക്കു കൊടുത്തു...