തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് അദ്ദേഹം രാജ...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് അദ്ദേഹം രാജ്‌ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ചു. യു.ഡി.എഫ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സന്ദർശനം. സഖ്യകക്ഷി എം.എ.എൽ.എമാരുടെ പിന്തുണക്കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിക്കാൻ വി.ഡി. സതീശനെ ഗവർണർ ഔദ്യോഗികമായി ക്ഷണിച്ചു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി എന്നിവരും നിയുക്ത മുഖ്യമന്ത്രിയോടൊപ്പം രാജ്‌ഭവനിൽ എത്തിയിരുന്നു. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് നിശ്ചയിച്ചത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വി.ഡി. സതീശനൊപ്പം പുതിയ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ദേശീയ നേതാക്കളുടെ വൻ നിര സാക്ഷിയാകും. തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുന്നതിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. കൂടാതെ, കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ മറ്റ് മുൻനിര ദേശീയ നേതാക്കളും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാകാൻ എത്തും. അടുത്തിടെ തമിഴ്‌നാട്ടിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ നേതാവുമായ വിജയിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കും. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ തമിഴ്നാട് ഭരിക്കുന്ന വിജയിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്.
140 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും സുസ്ഥിരമായ ഭരണം കാഴ്ചവെക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Kerala CM. VDSatheesan, Vijay, Rahul Gandhi

COMMENTS