തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തെ നിയമസഭാ കക്ഷി നേ...
തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി പിന്തുണച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗിക കത്ത് നൽകും. എന്നാൽ, തീരുമാനത്തിലുള്ള കടുത്ത അതൃപ്തി മുൻനിർത്തി തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും കോൺഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ചില്ലെന്ന നിലപാടിലാണ് ചെന്നിത്തല. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിൽ ചെന്നിത്തല തന്റെ വിയോജിപ്പും പ്രതിഷേധവും വ്യക്തമാക്കിയതായാണ് സൂചന. ഇതിന് പിന്നാലെ, വഴുതയ്ക്കാട്ടുള്ള തന്റെ ഔദ്യോഗിക വസതിയിൽ നിന്നും മാധ്യമങ്ങളെ കാണാതെ അദ്ദേഹം ഹരിപ്പാട്ടേക്ക് തിരിക്കുകയായിരുന്നു.
പുതിയ യുഡിഎഫ് മന്ത്രിസഭയിൽ അംഗമാകാൻ തനിക്ക് താല്പര്യമില്ലെന്ന് രമേശ് ചെന്നിത്തല പാർട്ടിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഹൈക്കമാൻഡ് തീരുമാനത്തെ മറികടന്ന് പരസ്യമായ ഒരു വിമത നീക്കത്തിനും അദ്ദേഹം മുതിരില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. തീരുമാനം പുറത്തുവന്നതിന് പിന്നാലെ രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും എല്ലാവരെയും ഒന്നിച്ച് ചേർത്ത് കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകുമെന്നും നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Key Words : Ramesh Chennithala , V. D. Satheesan, Congress , Kerala CM

COMMENTS