ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി...
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പഞ്ചസാര കയറ്റുമതി കേന്ദ്ര സർക്കാർ പൂർണ്ണമായി നിരോധിച്ചു. വരും വർഷങ്ങളിലെ ഉൽപ്പാദനക്കുറവ് കൂടി കണക്കിലെടുത്ത് 2026 സെപ്റ്റംബർ 30 വരെയാണ് അടിയന്തര നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ നിയന്ത്രണങ്ങളോടെ അനുവദിച്ചിരുന്ന പഞ്ചസാര കയറ്റുമതി ഇനി മുതൽ പൂർണ്ണമായും നിരോധിത വിഭാഗത്തിലേക്ക് മാറ്റിയതായി കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ കരിമ്പ് ഉൽപ്പാദന മേഖലകളിൽ മൺസൂൺ മഴയിലുണ്ടായ വ്യതിയാനവും എൽ നിനോ പ്രതിഭാസവും കരിമ്പ് വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടാതെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ വളങ്ങളുടെ വിതരണത്തിൽ തടസ്സവും ഇന്ധനവില വർദ്ധനവും ഉണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വരും സീസണുകളിൽ രാജ്യത്ത് പഞ്ചസാരയുടെ ആഭ്യന്തര സ്റ്റോക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് (ഏകദേശം 45 ലക്ഷം ടൺ) താഴുമെന്ന റിപ്പോർട്ടുകളാണ് അടിയന്തര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.
Key Words : Central government, Sugar Export

COMMENTS