ദീപക് നമ്പ്യാര്‍ ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയുടെ ഭാര്യ സംഗീതാ സ്വര്‍ണ്ണലിംഗം, തങ്ങളുടെ 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പ...
ദീപക് നമ്പ്യാര്‍
ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയുടെ ഭാര്യ സംഗീതാ സ്വര്‍ണ്ണലിംഗം, തങ്ങളുടെ 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനായി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു.
ഏപ്രില്‍ 20ന് നേരിട്ട് ഹാജരാകാന്‍ ചെങ്കല്‍പേട്ട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് കോടതി വിജയ്ക്ക് നോട്ടീസയച്ചു. വ്യാഴാഴ്ച നടന്ന ആദ്യ വാദത്തിന് ശേഷം, കേസ് ഏപ്രില്‍ 20-ലേക്ക് മാറ്റിവെക്കുകയും അന്ന് വിജയ് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.
1999 ഓഗസ്റ്റില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
പരസംഗം, ക്രൂരത തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം തേടാന്‍ പങ്കാളിയെ അനുവദിക്കുന്ന 1954-ലെ പ്രത്യേക വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നിയമനടപടികള്‍.
ഹര്‍ജിയിലെ പ്രധാന വിവരങ്ങള്‍:
അവിഹിത ബന്ധം: വിജയിക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് 48-കാരിയായ സംഗീത ആരോപിക്കുന്നു. 2021-ലാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനല്‍കിയെങ്കിലും, യാതൊരു പശ്ചാത്താപവുമില്ലാതെ അത് തുടര്‍ന്നുവെന്ന് സംഗീത ആരോപിക്കുന്നു.
അപമാനം: വിജയ് തന്നെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയെന്നും, പ്രസ്തുത നടിയോടൊപ്പം വിദേശയാത്രകളും പൊതുപരിപാടികളും നടത്തിയെന്നും അവര്‍ പറയുന്നു. ഈ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ തനിക്കും മക്കള്‍ക്കും വലിയ അപമാനമുണ്ടാക്കിയെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക നിയന്ത്രണങ്ങള്‍: താന്‍ ആസ്വദിച്ചിരുന്ന സൗകര്യങ്ങള്‍ വിജയ് പിന്‍വലിച്ചതായും, സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സംഗീത ആരോപിച്ചു.
മാനസിക പീഡനം: ഭര്‍ത്താവിന്റെ പെരുമാറ്റം തനിക്ക് കഠിനമായ മാനസിക വിഷമമുണ്ടാക്കി. നിലവില്‍ തങ്ങള്‍ തമ്മിലുള്ള വിവാഹബന്ധം കടലാസില്‍ മാത്രമാണെന്നും അത് വീണ്ടെടുക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷന്‍ 27(1)(മ), 27(1)(റ) എന്നിവ പ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ കേസ് ജില്ലാ കോടതിയുടെ പരിഗണനയിലാണ്.
തമിഴ് വ്യവസായിയുടെ മകളായ സംഗീത, വിജയുടെ കടുത്ത ആരാധകയായിരുന്നു. തുടര്‍ന്ന് 1999 ഓഗസ്റ്റ് 25-നായിരുന്നു ഇവരുടെ വിവാഹം. 1998 ജൂലൈ 10-ന് ലണ്ടനില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതായും പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം നടന്നതായും ഹര്‍ജിയില്‍ പറയുന്നു.
തുടക്കത്തില്‍ ദാമ്പത്യം സന്തോഷകരമായിരുന്നുവെന്നും വിജയിയുടെ കരിയറിന് എല്ലാ പിന്തുണയും നല്‍കി മക്കളെ വളര്‍ത്തുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും സംഗീത വ്യക്തമാക്കി.
സംഗീതയുടെ ആവശ്യങ്ങള്‍:
വിവാഹമോചനം അനുവദിക്കുക.
സ്ഥിരമായ ജീവനാംശം നല്‍കുക.
നിലവില്‍ താമസിക്കുന്ന വീട്ടിലോ അല്ലെങ്കില്‍ സമാനമായ മറ്റൊരു വീട്ടിലോ താമസിക്കാന്‍ അനുവദിക്കുക.
സ്വകാര്യത കണക്കിലെടുത്ത് കോടതി നടപടികള്‍ രഹസ്യമായി നടത്തുക. 2025 ഡിസംബര്‍ 3-നാണ് ചെങ്കല്‍പേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.



COMMENTS