ചെന്നൈ : തന്നെയും ടി വി കെ നേതാവും നടനുമായ വിജയിനെയും ചേർത്ത് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ ആദ്യക്ഷേപം പരാമർശത്തിൽ രൂക്ഷ വിമർശനവുമാ...
ചെന്നൈ : തന്നെയും ടി വി കെ നേതാവും നടനുമായ വിജയിനെയും ചേർത്ത്
ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ ആദ്യക്ഷേപം പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടി തൃഷ.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ നൈനാർ നാഗേന്ദ്രൻ തൃഷയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
വിജയ് രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ തൃഷയുടെ വീട്ടിൽ നിന്നു പുറത്തിറങ്ങണമെന്നു' നൈനാർ നാഗേന്ദ്രൻ അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചതാണ് വിവാദമായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ഗോസിപ്പുകളെ കൂട്ടുപിടിച്ചായിരുന്നു രാഷ്ട്രീയ നേതാവിന്റെ ഈ പരസ്യ പ്രസ്താവന.
തന്റെ അഭിഭാഷകൻ നിത്യേഷ് നടരാജ് മുഖേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലൂടെയാണ് തൃഷ ഇതിനെതിരെ ശക്തമായി പ്രതികരിച്ചത്.
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ഭാവിയിൽ അതിന് ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ താൻ എപ്പോഴും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അശ്ലീലവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നു.
വ്യക്തിജീവിതം പൊതുമധ്യത്തിൽ ചർച്ചാവിഷയമാക്കരുത് എന്നത് ഒരു സാമാന്യ തത്വമാണ്. തന്നെ സംബന്ധിക്കാത്ത രാഷ്ട്രീയ വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു. രാഷ്ട്രീയ ചായ്‌വുകളുടെ പേരിലല്ല, മറിച്ച് തന്റെ കലയിലൂടെയും പ്രകടനത്തിലൂടെയും മാത്രം അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തൃഷ വ്യക്തമാക്കി.
ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും പക്വതയും പാലിക്കണമെന്നും താരം ഓർമ്മിപ്പിച്ചു. നൈനാർ നാഗേന്ദ്രന്റെ ഈ പരാമർശങ്ങൾക്കെതിരെ സിനിമാ-രാഷ്ട്രീയ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


COMMENTS