For US astronauts Sunita Williams and Butch Wilmore, who have been stuck in space for ten months, the return to Earth will not be a comfortable one
എം രാഖി
വാഷിംഗ്ടണ്‍: പത്തു മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസിനും ബുച്ച് വില്‍മോറിനും ഭൂമിയിലേക്കുള്ള മടക്കം അത്ര സുഖപ്രദമായ കാര്യമായിരിക്കില്ല.
ഉറ്റവര്‍ക്കൊപ്പം ചേരാമെന്ന സന്തോഷം ബാക്കിനില്‍ക്കുമ്പോഴും അവര്‍ നേരിടുന്ന ആരോഗ്യപരമായ വെല്ലുവിളികള്‍ വളരെ വലുതായിരിക്കും.
പത്തു ദിവസത്തെ ദൗത്യത്തിനു പോയ അവര്‍ പത്തു മാസമായി ബഹിരാകാശത്തു കുടുങ്ങിക്കിടക്കുകയാണ്. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) അവര്‍ കുടുങ്ങുകയായിരുന്നു.
നാസയുടെ ക്രൂ-10 മാര്‍ച്ച് 16ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഐഎസ്എസില്‍ ഡോക് ചെയ്തതോടെയാണ് ഇരുവരുടെയും മടക്ക യാത്ര ഉറപ്പായത്. സുനിതാ വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ 5 ന് ബോയിംഗ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിനായാണ് പുറപ്പെട്ടത്.
ബേബി ഫുട്ട്
മാസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചതിനാല്‍, ബേബി ഫുട്ട് എന്ന അവസ്ഥ ഇരുവര്‍ക്കും ഉണ്ടാവാന്‍ സാദ്ധ്യത ഏറെയാണ്. പാദങ്ങള്‍ കുഞ്ഞിന്റേതു പോലെ മൃദുവാകുന്ന അവസ്ഥയാണിത്. ഭൂമിയിലെത്തിയാല്‍ അവര്‍ക്കു ടക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും. നടന്നാല്‍, പാദങ്ങള്‍ക്കു കടുത്ത വേദനയായിരിക്കും.
ഭൂമിയില്‍ നടക്കുമ്പോള്‍, നമ്മുടെ പാദങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും ഘര്‍ഷണത്തിന്റെയും രൂപത്തില്‍ വളരെയധികം പ്രതിരോധം നേരിടുന്നു. ഇത് കാലിലെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുന്നു. ഇത് അസ്വസ്ഥതകളില്‍ നിന്നും വേദനയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാല്‍ വെള്ളയിലെ ചര്‍മത്തിന്റെ കട്ടി ഒരു സംരക്ഷണ കവചം കൂടിയാണ്. സുനിതയുടേയും ബുച് വില്‍മോറിന്റെയും പാദം പൂര്‍വ സ്ഥിതിയിലെത്താന്‍ മൂന്നു മാസം വരെ എടുക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതുവരെ അവര്‍ക്കു നടക്കാന്‍ വളരെ പ്രയാസമായിരിക്കും.
അസ്ഥി സാന്ദ്രത നഷ്ടം
ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം നിമിത്തം അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടും. അതചുപോലെ തന്നെ ശരീര പേശികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല എന്നതിനാല്‍ ദുര്‍ബലമാവുന്നു. ഈ അവസ്ഥയെ അതിജീവിക്കുകയും ഏറെ ശ്രമകരമാണ്.
രക്തത്തിന്റെ അളവ്
ഗുരുത്വാകര്‍ഷണത്തിനെതിരായി ഹൃദയം രക്തം പമ്പ് ചെയ്യേണ്ടതില്ലാത്തതിനാല്‍ ബഹിരാകാശയാത്രികന്റെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുന്നു. ശരീരത്തില്‍ രക്തം ഒഴുകുന്ന രീതിയും മാറുന്നു. ചില ഭാഗങ്ങളില്‍ ഇത് മന്ദഗതിയിലാകുന്നു, ഇത് രക്തം കട്ടപിടിക്കാന്‍ ഇടയാക്കും. ദ്രാവകങ്ങള്‍ അത്ര എളുപ്പത്തില്‍ താഴേക്ക് ഇറങ്ങുകയോ ഒഴുകുകയോ ചെയ്യുന്നില്ല എന്ന ബഹിരാകാശത്തെ അവസ്ഥ ഹൃദയത്തിലെ രക്തപ്രവാഹത്തെ എത്ര ബാധിച്ചിട്ടുണ്ടെന്ന് ഭൂമിയിലെത്തിയ ശേഷം ദീര്‍ഘ പഠനത്തിലൂടെ മാത്രമേ ഇവര്‍ക്കു മനസ്സിലാക്കാനാവൂ.
അതുപോലെ, ദ്രാവകം അടിഞ്ഞുകൂടുന്നത് കണ്‍ പോളകളുടെ ആകൃതി മാറ്റുകയും കാഴ്ചയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ബഹിരാകാശത്ത് ഭൂരിഭാഗം ബഹിരാകാശ സഞ്ചാരികളും കണ്ണട ധരിച്ച് കാണുന്നതിന്റെ ഒരു കാരണം ഇതാണ്.
റേഡിയേഷന്‍
ബഹിരാകാശത്ത് സമയം ചെലവഴിക്കുന്നതിന്റെ ഏറ്റവും അപകടകരമായ ആഘാതങ്ങളിലൊന്ന് റേഡിയേഷനാണ്. ഭൂമിയുടെ അന്തരീക്ഷവും കാന്തികക്ഷേത്രവും ഉയര്‍ന്ന തോതിലുള്ള വികിരണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുമ്പോള്‍, ബഹിരാകാശയാത്രികര്‍ക്ക് അത്തരം സംരക്ഷണം ലഭ്യമല്ല.
ബഹിരാകാശ സഞ്ചാരികള്‍ പ്രധാനമായും മൂന്ന് തരം വികിരണങ്ങള്‍ക്ക് വിധേയരാണെന്ന് നാസ പറയുന്നു. ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ കുടുങ്ങിയ കണങ്ങള്‍, സൂര്യനില്‍ നിന്നുള്ള സൗര കാന്തിക കണങ്ങള്‍, ഗാലക്‌സി കോസ്മിക് കിരണങ്ങള്‍ എന്നിവയില്‍ നിന്നാണ് റേഡിയേഷന്‍ കൂടുതലും ഏല്‍ക്കുക.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം വെള്ളിയാഴ്ച വൈകിട്ട് 7.03 മണിയോടെ (ഇന്ത്യന്‍ സമയം 4.33) പറന്നുയര്‍ന്നത്. രാവിലെ 10 മണിയോടെയാണ് ഡ്രാഗണ്‍ ഐഎസ്എസില്‍ എത്തിയത്.
ക്രൂ-10 ദൗത്യത്തിലൂടെ നാസയുടെ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയ്ന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്റെ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുടെ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ പുതുതായി എത്തിയത്.ഡ്രാഗണ്‍ പേടകം വിജയകരമായി ഡോക് ചെയ്തു, നാലു ക്രൂ അംഗങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തി, സുനിതയും വില്‍മോറും വൈകാതെ മടങ്ങും
Summary: For US astronauts Sunita Williams and Butch Wilmore, who have been stuck in space for ten months, the return to Earth will not be a comfortable one. While the joy of being with loved ones remains, the health challenges they face can be overwhelming.
COMMENTS