Four crew members of NASA's SpaceX Crew-10 mission have arrived at the space station, setting the stage for the world's long-awaited return
എം രാഖി
വാഷിംഗ്ടണ്‍: ലോകം കാത്തിരുന്ന തിരിച്ചുവരവിന് കളമൊരുക്കിക്കൊണ്ട് നാസയുടെ സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ നാല് ക്രൂ അംഗങ്ങള്‍ ബഹിരാകാശ നിലയത്തിലെത്തി. വിജയകരമായി ഡോക്കിംഗ് പൂര്‍ത്തിയായതോടെ, ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിനും ബുച്ച് വില്‍മോറിനും ഭൂമിയിലേക്കു മടങ്ങാന്‍ പശ്ചാത്തലമൊരുങ്ങി.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം വെള്ളിയാഴ്ച വൈകിട്ട് 7.03 മണിയോടെ (ഇന്ത്യന്‍ സമയം 4.33) പറന്നുയര്‍ന്നത്. രാവിലെ 10 മണിയോടെയാണ് ഡ്രാഗണ്‍ ഐഎസ്എസില്‍ എത്തിയത്.
സുനിതാ വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ 5 ന് ബോയിംഗ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിനായാണ് പുറപ്പെട്ടത്. എന്നാല്‍ ബഹിരാകാശ പേടകത്തനു ഡോക്കിംഗ് വേളയില്‍ ത്രസ്റ്റര്‍ തകരാര്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നു. ബഹിരാകാശയാത്രികരെ മടക്കിക്കൊണ്ടുവരാന്‍ കഴിയാത്തത്ര അപകടസാധ്യതയുള്ളതായി സ്റ്റാര്‍ലൈനറിനെ നാസ ഒടുവില്‍ പ്രഖ്യാപിച്ചതോടെ ഇരുവരുടെയും മടക്കം സാധ്യമാകാതെ വന്നു. പിന്നീട് സ്റ്റാര്‍ലൈനര്‍ യാത്രികരില്ലാതെ മടങ്ങി. ഇതു ബോയിംഗിനും വലിയ ക്ഷീണമായിരുന്നു. തുടര്‍ന്നു രണ്ട് ബഹിരാകാശ സഞ്ചാരികളും ഏകദേശം 10 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.
ക്രൂ-10 ദൗത്യം നാസയുടെ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയ്ന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്റെ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുടെ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ പുതുതായി എത്തിയത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശത്ത് ഒറ്റപ്പെട്ടുപോയ നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നാസയും സ്പേസ് എക്സും സംയുക്തമായാണ് പുതിയ ദൗത്യം ആരംഭിച്ചത്.
ക്രൂ-10 ക്രൂ ഭാവിയിലെ ബഹിരാകാശവാഹനങ്ങള്‍ക്കും സൗകര്യങ്ങളുടെ രൂപകല്‍പ്പനയ്ക്കും സംഭാവന നല്‍കുന്നതിനായി ജ്വലന പരിശോധനകള്‍ നടത്തുകയാണ് ക്രൂ-10 അംഗങ്ങളുടെ പ്രഥമ ദൗത്യം. അവര്‍ ഹാം റേഡിയോ വഴി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായി ഇടപഴകും. ഒരു ബാക്കപ്പ് ലൂണാര്‍ നാവിഗേഷന്‍ സൊല്യൂഷനും പരീക്ഷിക്കുന്നുണ്ട്.ഭാവിയിലെ വലിയ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിന് മനുഷ്യശരീരത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സംയോജിത പഠനവും നടത്തും.
Summary: Four crew members of NASA's SpaceX Crew-10 mission have arrived at the space station, setting the stage for the world's long-awaited return. With the successful docking completed, the scene was set for Indian-origin Sunita Williams and Butch Wilmore to return to Earth.
COMMENTS