The government has launched a face-saving investigation against actor Siddique, who resigned from the post of general secretary of Amma
ദീപക് നമ്പ്യാര്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവച്ചുവെന്ന ആക്ഷേപം മറികടക്കാന്‍ കൂടി ലക്ഷ്യമിട്ട്, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച നടന്‍ സിദ്ദീഖിനെതിരെ ശക്തമായ അന്വേഷണം നടത്തി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഒരു ഐ പി എസ് ഉദ്യോഗസ്ഥയെ കേസന്വേഷണ ചുമതല ഏല്പിക്കാന്‍ ആലോചനയുണ്ട്.
ഏതാണ്ട് സമാനമായ ആരോപണത്തിനു വിധേയനായി രാജിവച്ച ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരേ പക്ഷേ, ബംഗാളി നടി പരാതിപ്പെട്ടാല്‍ മാത്രമേ നടപടി ഉണ്ടാവൂ. രഞ്ജിത്തിനു ശിക്ഷ കിട്ടിക്കഴിഞ്ഞുവെന്നു നടി ശ്രീലേഖ മിത്ര പറഞ്ഞതിനാല്‍ ഇനി കേസിനു സാദ്ധ്യത കുറവാണ്. മാത്രമല്ല, രഞ്ജിത്ത് അതിരുവിട്ടു പെരുമാറുക മാത്രമാണ് ചെയ്തതെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. അതു തന്നെയാണ് രഞ്ജിത്തിനും സര്‍ക്കാരിനും ആശ്വാസം.
സിദ്ധീഖിനെതിരേ വകുപ്പുകള്‍ കടുക്കും. അദ്ദേഹം നടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതു നടക്കുന്ന കാലത്ത് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ചില വാര്‍ത്തകളില്‍ പറയുന്നു. അതുകൊണ്ടുതന്നെ പോക്‌സോ വകുപ്പ് നിലനില്ക്കുമോ എന്ന ആലോചനയുമുണ്ട്.
ഇതിനിടെ, സിദ്ദീഖിനെതിരേ പോക്‌സോ ചുമത്തണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ചാല്‍ ഈ പരാതിയും അവരുടെ ഓഫീസിലേക്കു മാറ്റാനാണ് സാദ്ധ്യത. ഇതിനിടെ, ലഭിച്ച പരാതിയിന്മേല്‍ എന്തു നടപടി സ്വീകരിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് ഉന്നതങ്ങളിലേക്കു ചോദിച്ചിട്ടുണ്ട്.
സിദ്ദീഖിനെതിരേ കേസ് എടുക്കുകയാണെങ്കില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുക്കേണ്ടത്. പീഡനം നടന്നതായി പറയപ്പെടുന്ന മാസ്‌കറ്റ് ഹോട്ടല്‍ മ്യൂസിയം പൊലീസിന്റെ പരിധിയിലാണ്. സിദ്ദീഖിനെതിരേ കേസിനു പോകാന്‍ ഇനി താത്പര്യമില്ലെന്നാണ് നടി കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ, മാറിയ സാഹചര്യത്തില്‍ അവര്‍ കേസുമായി മുന്നോട്ടു പോകുമോ എന്നറിയേണ്ടതുണ്ട്. നടി കേസിനു താത്പര്യം കാണിച്ചില്ലെങ്കിലും പൊലീസ് അവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കാനാണ് സാദ്ധ്യതയെന്നാണ് ലഭിക്കുന്ന വിവരം.
സിദ്ദീഖിനിതിരേ കേസെടുത്താല്‍ പലര്‍ക്കെതിരേയും കേസെടുക്കേണ്ട് സ്ഥിതിയും വരും. സിപിഎം എംഎല്‍എ ആയ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ആര്‍ക്കെല്ലാം എതിരേ ആരോപണം ഉയരുമെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്. അതില്‍ ഇടതു സഹയാത്രികര്‍ എത്ര പേര്‍ കുരുങ്ങുമെന്നതും സര്‍ക്കാരിനു തലവേദനയാണ്.
നിലവില്‍, രഞ്ജിത്ത്, സിദ്ദീഖ്, മുകേഷ്, അലന്‍സിയര്‍, റിയാസ് ഖാന്‍, സുധീഷ്, ഇടവേള ബാബു, സാജു കൊടിയന്‍, മാമുകോയ, സംവിധായകന്‍ ഹരികുമാര്‍, രാജേഷ് ടച്ച് റിവര്‍ എന്നിവര്‍ക്കെതിരേയെല്ലാം ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിലെല്ലാം കേസെടുക്കാന്‍ പോയാല്‍ സര്‍ക്കാരിന് അതിനായി ഒരു പ്രത്യേക വകുപ്പു തന്നെ തുടങ്ങേണ്ട അവസ്ഥയായിരിക്കും!
COMMENTS