പാരിസ്: പതിവ് രീതികൾ വിട്ട് നദിയിൽ വർണ്ണ വിസ്മയം തീർത്ത് പാരീസ് ഒളിമ്പിക്സിന് തുടക്കമായി. സെൻ നദിയിലാണ് 2024 ഒളിമ്പിക്സിന് വിസ്മയ തുടക്കം ...
പാരിസ്: പതിവ് രീതികൾ വിട്ട് നദിയിൽ വർണ്ണ വിസ്മയം തീർത്ത് പാരീസ് ഒളിമ്പിക്സിന് തുടക്കമായി.
സെൻ നദിയിലാണ് 2024 ഒളിമ്പിക്സിന് വിസ്മയ തുടക്കം കുറിച്ചത്. പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകൾ മൂന്നു മണിക്കൂർ നീണ്ടു.
നദിക്ക് കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രഞ്ച് ദേശീയ പതാകയുടെ നിറത്തിൽ വർണ്ണങ്ങൾ വിരിഞ്ഞത് മനോഹര കാഴ്ചയായി.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാഷും ചേർന്നാണ് ഒളിമ്പിക് ഉദ്ഘാടനം നിർവഹിച്ചത്.
നദിയിലൂടെ ബോട്ടുകളിലാണ് താരങ്ങൾ എത്തിയത്. ആദ്യം എത്തിയത് ഗ്രീക്ക് താരങ്ങളെ വഹിച്ച ബോട്ട് ആയിരുന്നു. പിന്നാലെ അഭയാർത്ഥികളെയും കൊണ്ടുള്ള ബോട്ട് എത്തി. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യയുടെ ബോട്ട് എത്തിയത്. പി വി സിന്ധുവും ശരത് കമലും ചേർന്നാണ് 78 അംഗ ഇന്ത്യൻ സംഘത്തെ നയിച്ചത്.
വിഖ്യാത ഗായിക ലേഡി ഗഗായുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നൃത്തവും ഒരുക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഉദ്ഘാടന വിസ്മയം കാണാൻ ആയിരക്കണക്കിന് പേർ എത്തിയിരുന്നു.
സെൻ നദിക്കരയിൽ ഈഫൽ ടവറിന് സമീപം ട്രൊക്കാദിറോ ഗാർഡനിലാണ് മാർച്ച് പാസ്റ്റ് അവസാനിച്ചത്.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോ ഒളിമ്പിക് ഉദ്ഘാടന പ്രഖ്യാപനം നടത്തി. തുടർന്ന് വിഖ്യാത ഫ്രഞ്ച് ഫുട്ബോൾ താരം സിനദിൻ സിദാന് ദീപശിഖ കൈമാറി. സിദാനിൽ നിന്ന് ടെന്നീസ് താരം റാഫേൽ നദാൽ ഏറ്റുവാങ്ങിയ ഒളിമ്പിക് ദീപം നദിയിലൂടെ സെറീന വില്യംസിനു കൈമാറി. തുടർന്ന് കാൾ ലൂയിസ് , നദിയ കോമനേച്ചി, അമെലി മൗറസ്മേ, ടോണി പാർക്കർ എന്നിവരുടെ കൈകളിൽ നിന്ന് ഫ്രഞ്ച് അത് ലറ്റ് മേരി ജോസഫ് പരക് , ജൂഡോ താരം ടെഡ്ഡി റിനറിൻ എന്നിവർ ഏറ്റുവാങ്ങിയ ദീപശിഖ ഏഴു മീറ്റർ വീതിയിലുള്ള ഒളിമ്പിക് ദീപത്തിലേക്ക് പകർന്നു.
അവിടെനിന്ന് എയർ ബലൂണിൽ 30 മീറ്റർ ഉയരത്തിലേക്ക് ഒളിമ്പിക് ദീപം ഉയർത്തിയപ്പോൾ 2024 ഒളിമ്പിക്സ് തുടങ്ങുകയായി.
Keywords: Paris Olympics, France, India, Greece, Olympic committee
COMMENTS