തിരുവനന്തപുരം: 'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ,' കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്...
തിരുവനന്തപുരം: 'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ,' കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെത്തി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ രൂപം
കേരളവര്‍മ്മയില്‍ ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെ.എസ്.യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ്.എഫ്.ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.
എന്ത് കാരണത്താല്‍ കെ.എസ്.യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ് .എഫ്.ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്.
ആ സമയത്ത് ഇരച്ചുകയറിയ എസ്.എഫ്.ഐ ക്രിമിനലുകള്‍ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കെ.എസ്.യുവിനെ തടയിടാന്‍ ശ്രമിച്ചവരാണ് കേരള വര്‍മ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡി.വൈ.എഫ്.ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകന്‍ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ.
ശ്രീകുട്ടന്റേയും കെ.എസ്.യുവിന്റേയും പോരാട്ടം കേരള വര്‍മ്മയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.
കെ.എസ്.യു പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.
Key words: VD Satheesan, Facebook Post, Kerala Varma College, Election sabotage
COMMENTS