In Maharashtra, 18 patients died in the last 24 hours at the Chhatrapati Shivaji Maharaj Hospital in Kalwa, Thane. Civic Commissioner Abhijit Bangar
സ്വന്തം ലേഖകന്‍
താനെ: മഹാരാഷ്ട്രയില്‍ താനെയിലെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ മരിച്ചു. 10 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന് സിവിക് കമ്മിഷണര്‍ അഭിജിത് ബംഗാര്‍ അറിയിച്ചു.
മരിച്ചവരില്‍ ആറു പേര്‍ താനെ സിറ്റിയില്‍ നിന്നുള്ളവരും, നാലു പേര്‍ കല്യാണില്‍ നിന്നും മൂന്ന് പേര്‍ സഹാപൂരില്‍ നിന്നും ഓരോരുത്തര്‍ ഭിവണ്ടി, ഉല്ലാസ്‌നഗര്‍, ഗോവണ്ടി എന്നിവിടങ്ങളിലും നിന്നുള്ളവരാണ്. ഒരാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
മരിച്ചവരില്‍ 12 പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സംസ്ഥാന ആരോഗ്യമന്ത്രി താനാജി സാവന്തും പ്രാദേശിക ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഗണേഷ് ഗാവ്ഡെയും മരണസംഖ്യ 17 ആണെന്നു പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സ്ഥിതിഗതികളെ കുറിച്ച് വിവരം ആരാഞ്ഞു. ആരോഗ്യ വകുപ്പ് കമ്മിഷണറുടെ നേതൃത്വത്തില്‍ കളക്ടര്‍, സിവില്‍ ചീഫ്, ഹെല്‍ത്ത് ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും ബംഗാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ രോഗികള്‍ക്ക് വൃക്കയിലെ കല്ല്, പക്ഷാഘാതം, അള്‍സര്‍, ന്യുമോണിയ, മണ്ണെണ്ണ വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നുവെന്ന് ബംഗാര്‍ പറഞ്ഞു.
ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് മരണകാരണമെന്ന് ചില ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവങ്ങളെ തുടര്‍ന്ന് അടിയന്തരമായി ഇവിടേക്ക് കൂടുതല്‍ ജീവനക്കാരെ മാറ്റിയിട്ടുണ്ട്. കൂടുതല്‍ നഴ്‌സിംഗ് സ്റ്റാഫിനെയും നിയമിച്ചു. മുഴുവന്‍ സമയവും പോസ്റ്റ്മോര്‍ട്ടം സൗകര്യവും ഒരുക്കി.
രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി ഡീനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.
മരണങ്ങള്‍ വിശകലനം ചെയ്തുവരികയാണെന്നും രേഖകളും മറ്റും പരിശോധിക്കുന്നതിനായി നിരവധി സിവില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലുണ്ടെന്നും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവിടെ പ്രതിദിനം ഏഴു മരണങ്ങള്‍ വരെ നടക്കാറുണ്ട്.'രോഗികളില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ് എത്തിയതെന്നും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ചിലര്‍ പ്രായമായവരായിരുന്നു. മരണസംഖ്യ കൂടുതലായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ പൊലീസ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പിടിഐയോട് സംസാരിച്ച ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഗണേഷ് ഗാവ്‌ഡെ പറഞ്ഞു,
ആശുപത്രി സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
500 പേര്‍ക്ക് കിടക്ക സൗകര്യമുള്ള ആശുപത്രിയില്‍ ഒറ്റ ദിവസം 18 പേര്‍ മരിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജന്‍ പറഞ്ഞു.
പ്രതിദിനം 650 രോഗികള്‍ വരെ എത്തുന്നുവെന്നും ഈ ഓവര്‍ ലോഡാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. സമീപത്തെ സിവില്‍ ഹോസ്പിറ്റല്‍ നവീകരിക്കുന്നതിനാല്‍ കൂടുതല്‍ രോഗികളും ഇവിടെയാണ് ഇപ്പോള്‍ എത്തുന്നത്.
ഇതേസമയം, ചില ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
Summary: In Maharashtra, 18 patients died in the last 24 hours at the Chhatrapati Shivaji Maharaj Hospital in Kalwa, Thane. Civic Commissioner Abhijit Bangar informed that 10 women and eight men died.
COMMENTS