Madhu murder case verdict
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് മണ്ണാര്‍കാട് എസ്.സി - എസ്.ടി കോടതി. കഴിഞ്ഞ ദിവസം വന്ന വിധിയുടെ ശിക്ഷ ഇന്നാണ് കോടതി വിധിച്ചത്. 16 പ്രതികളില്‍ രണ്ടുപേരെ വെറുതെ വിടുകയും 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു.
പതിനാറാം പ്രതി മുനീര്‍ ഒഴികെ പതിമൂന്ന് പേര്‍ക്കാണ് കോടതി ഏഴു വര്‍ഷം കഠിന തടവ് വിധിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴ അടയ്ക്കണം. ഈ പിഴത്തുകയുടെ അന്‍പത് ശതമാനം മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
പതിനാറാം പ്രതി മുനീറിന് നേരത്തെ ശിക്ഷ അനുഭവിച്ചതിനാല്‍ മൂന്നു മാസം തടവും 500 രൂപ പിഴയും അടച്ച് കേസില്‍ നിന്ന് മുക്തിനേടാനാകും.
മധു കൊല്ലപ്പട്ടിട്ട് അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്.
സാക്ഷികള്‍ കൂറുമാറുകയും പ്രോസിക്യൂട്ടറുമാരുടെ മാറ്റവുമുള്‍പ്പടെ വിചാരണ നീണ്ടുപോകുകയായിരുന്നു. 103 സാക്ഷികളെ വിസ്തരിച്ചതില്‍ 24 പേരാണ് കൂറുമാറിയത്. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. ഒടുവില്‍ കേസില്‍ സാക്ഷിസംരക്ഷണ നിയമം നടപ്പിലാക്കേണ്ടതായും വന്നിരുന്നു.
അതേസമയം പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടിട്ടും രണ്ടുപേരെ നിരുപാധികം വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് മധുവിന്റെ അമ്മയും സഹോദരിയും.
Keywords: Madhu murder case, Verdict, Mother, Sister
COMMENTS