Taliban militants have entered the Afghan capital, Kabul, on Sunday, and President Ashraf Ghani is expected to step down
കാബൂള്‍: താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലേക്കു ഞായറാഴ്ച പ്രവേശിച്ചതായും പ്രസിഡന്റ് അഷ്റഫ് ഗനി അധികാരമൊഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട്.
താലിബാന് നഗരത്തിലേക്കു കടന്നതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിനിടെ, അമേരിക്ക തങ്ങളുടെ എംബസിയില്‍ നിന്ന് നയതന്ത്രജ്ഞരെ ഹെലികോപ്റ്ററില്‍ ഒഴിപ്പിച്ചു.
താലിബാന് 'എല്ലാ ഭാഗത്തുനിന്നും' വരുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. കാബൂളിന് ചുറ്റുമുള്ള നിരവധി സ്ഥലങ്ങളില്‍ വെടിവയ്പ്പ് ഉയരുന്നതായും എന്നാല്‍ അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിച്ചുകൊണ്ട് സുരക്ഷാ സേന നഗരത്തിന്റെ നിയന്ത്രണം തുടരുന്നതായും അഫ്ഗാന് പ്രസിഡന്‍ഷ്യല്‍ കൊട്ടാര അക്കൗണ്ടില്‍ നിന്നുള്ള ഒരു ട്വീറ്റില്‍ പറയുന്നു.
പ്രസിഡന്റ് അഷ്റഫ് ഗനി ശനിയാഴ്ച പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര പങ്കാളികളുമായും കൂടിയാലോചന നടത്തിയിരുന്നു. ഗനി സ്ഥാനമൊഴിയാനും താലിബാന് കമാന്‍ഡര്‍ സ്ഥാനമേറ്റെടുക്കാനും വഴിയൊരുക്കാനുള്ള ചര്‍ച്ച നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
വസീര്‍ അക്ബര്‍ ഖാന് ജില്ലയിലെ എംബസിയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലേക്ക് അമേരിക്ക ഹെലികോപ്ടറില്‍ മാറ്റി. 'കോര്‍' യുഎസ് ടീം അംഗങ്ങള്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നാണ് ജോലി ചെയ്യുന്നത്. നിരവധി യൂറോപ്യന്‍ യൂണിയന് ജീവനക്കാര്‍ തലസ്ഥാനത്തെ സുരക്ഷിതമായ, വെളിപ്പെടുത്താത്ത സ്ഥലത്തേക്ക് മാറിയെന്ന് ഒരു നാറ്റോ ഉദ്യോഗസ്ഥന് പറഞ്ഞു.
താലിബാന് മിന്നല്‍ മുന്നേറ്റമാണ് നടത്തുന്നത്. കാബൂളിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രതിരോധിച്ചു നില്ക്കാനാവുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞതിനു പിന്നാലെയാണ് ഭീകരര്‍ നഗരത്തില്‍ കടന്നിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ, ഭീകരര്‍ കിഴക്കന്‍ നഗരമായ ജലാലാബാദിനെ ഒരു പോരാട്ടവുമില്ലാതെ പിടിച്ചടക്കി. ഇതോടെ അഫ്ഗാനിസ്ഥാനിലെ പ്രധാന ഹൈവേയുടെ നിയന്ത്രണം ഭീകരര്‍ക്കു ലഭിച്ചു. ജലാലാബാദ് ഗവര്‍ണര്‍ താലിബാന് കീഴടങ്ങുകയായിരുന്നു. സാധാരണക്കാരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ കീഴടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പാകിസ്ഥാനിലേക്കുള്ള തൊര്‍ഖാം അതിര്‍ത്തി പോസ്റ്റും ഭീകരരുടെ നിയന്ത്രണത്തിലാണ്. വടക്കന്‍ നഗരമായ മസാര്‍-ഇ-ഷെരീഫ് ചെറിയ പോരാട്ടത്തിലൂടെയാണ് ഭീകരര്‍ പിടിച്ചത്.
അഫ്ഗാന് ജനതയും വിദേശികളും രാജ്യത്ത് സുരക്ഷിതരാണെന്ന് ശനിയാഴ്ച വൈകി ഒരു പ്രസ്താവനയില്‍ താലിബാന് ഉറപ്പുനല്‍കി. ഇതേസമയം, ഭീകരര്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ കാബൂളിലേക്കു പലായനം ചെയ്യുകയാണ്.
COMMENTS