The Kerala High Court Division Bench stays decision to close dairy farms in Lakshadweep and exclude chicken and beef from children's lunch
സ്വന്തം ലേഖകന്‍
കൊച്ചി: ലക്ഷദ്വീപില്‍ ഡെയറി ഫാമുകള്‍ അടച്ചുപൂട്ടാനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ഒഴിവാക്കാനുമുള്ള തീരുമാനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തതോടെ ഭരണകൂടം സ്റ്റേ മറികടക്കാനുള്ള വഴിയെക്കുറിച്ച് ആലോചന തുടങ്ങി.
ഇതിനെതിരേ സുപ്രീം കോടതിയില്‍ പോകുന്നതിനെക്കുറിച്ചും ആലോചന ഉയര്‍ന്നിട്ടുണ്ട്. ലക്ഷദ്വീപ് സ്വദേശിയായ അജ്മല്‍ അഹമ്മദ് ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവ് എങ്ങനെ അതിജീവിക്കാമെന്ന ആലോചന ശക്തമാണ്. ഇതിന്റെ നിയമവശങ്ങളെക്കുറിച്ചും ദ്വീപ് ഭരണകൂടവും കേന്ദ്ര സര്‍ക്കാരും ആലോചന തുടങ്ങിയതായാണ് അറിയുന്നത്.
ലക്ഷദ്വീപിലെ ഭക്ഷണത്തില്‍ പൊതുവേ മത്സ്യവും മാംസവും കൂടുതലുള്ളതിനാല്‍ നല്ല പച്ചക്കറികള്‍ ഭക്ഷണത്തില്‍ അത്യാവശ്യമുണ്ടെന്നും അതു പോഷക സമൃദ്ധി കുട്ടികള്‍ക്കു നല്‍കുമെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഇതു പക്ഷേ, ഹൈക്കോടതിയെ വേണ്ടവിധം ബോധിപ്പിക്കാന്‍ കഴിയാതെ പോയതും ഇപ്പോഴത്തെ ഉത്തരവിനു കാരണമായിട്ടുണ്ട്.
ഇതിനിടെ, ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ ഭരണ പരിധിയില്‍ നിന്നു മാറ്റി കര്‍ണാടകത്തിലേക്കു കൊണ്ടുപോകാന്‍ ആലോചന നടക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.
കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളെ ആശ്രയിക്കുന്നതിനു പകരം ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കു മംഗലാപുരത്തെ ആശ്രയിക്കാനും നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Summary: The Kerala High Court Division Bench stays decision to close dairy farms in Lakshadweep and exclude chicken and beef from children's lunch. It is learned that the island administration and the central government have started consultations on the legal aspects of this.
COMMENTS