എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ നാലു ഭിന്നലിംഗക്കാരെ സ്ത്രീവേഷം മാറ്റാത്തതുകാരണം പൊലീസ് തിരിച്ചയച്ചു. അനന്യ, രഞ്ജു, അവന്തിക, തൃപ്തി ...
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ നാലു ഭിന്നലിംഗക്കാരെ സ്ത്രീവേഷം മാറ്റാത്തതുകാരണം പൊലീസ് തിരിച്ചയച്ചു.
അനന്യ, രഞ്ജു, അവന്തിക, തൃപ്തി എന്നിവരാണ് കൊച്ചിയില്‍ നിന്ന് സന്നിധാനത്തേയ്ക്കു കെട്ടുംകെട്ടി എത്തിയത്. പമ്പയിലേക്കു പോകാന്‍ ശ്രമിച്ച ഇവരെ എരുമേലിയിലാണ് പൊലീസ് തടഞ്ഞത്.
പിന്നീട് ഇവരെ എരുമേലി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു. കോട്ടയം, കൊച്ചി സ്വദേശികളാണ് ഇവര്‍. അവിടെനിന്നു വനിതാ പൊലീസിന്റെ അകമ്പടിയോടെ ഇവരെ കോട്ടയത്തേയ്ക്കു തിരിച്ചയച്ചു.
വ്രതമെടുത്തു കെട്ടും കെട്ടി എത്തിയ തങ്ങളെ തിരിച്ചയച്ചത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും തിരിച്ചെത്തുമെന്നും ഇവര്‍ പറഞ്ഞു. ആവശ്യമെന്നു വന്നാല്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോടു സഹായം ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു.
എരുമേലിയില്‍ തടഞ്ഞ പൊലീസ് വളരെ മോശമായി പെരുമാറിയെന്നും ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ടു വരാന്‍ പൊലീസ് പറഞ്ഞുവെന്നും ഇവര്‍ ഫേസ് ബുക്ക് ലൈവില്‍ പറയുന്നു.
ഇതിനിടെ, വിശ്വാസികളായ ഭിന്നലിംഗക്കാര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിനു തടസ്സമില്ലെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും ശബരിമല കര്‍മ്മസമിതി പറഞ്ഞു. ഭിന്നലിംഗക്കാര്‍ പ്രവേശിക്കുന്നത് ആചാര ലംഘനമാകില്ലെന്നും സമിതി വ്യക്തമാക്കി.
ഇതിനിടെ, തിരുച്ചിറപ്പള്ളി, ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 15 പേരും ഒഡിഷ, കര്‍ണാടക, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ നിന്ന് 25 പേരും വരുന്ന 23ന് കോട്ടയത്തെത്തി ശബരിമലയിലേക്കു തിരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനോടു സുരക്ഷ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ സുരക്ഷ ഉറപ്പു നല്കിയെന്നും മനിതി എന്ന സംഘടന പറയുന്നു.
Keywords: Sabarimala, Lord Ayyappa, Sannidhanam, Erumely, Transgenders in Sabarimala
COMMENTS