ജോര്‍ജ് മാത്യു ഇന്ത്യന്‍ കറന്‍സിക്കു നേരേ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം രാജ്യത്തിനു സംഭവിച്ചതെന്താണ്, ഞെട്ടിക്കുന്ന സത്യങ്ങള...
ജോര്‍ജ് മാത്യു
ഇന്ത്യന്‍ കറന്‍സിക്കു നേരേ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം രാജ്യത്തിനു സംഭവിച്ചതെന്താണ്, ഞെട്ടിക്കുന്ന സത്യങ്ങളിലൂടെ ഒരു യാത്ര
ഇന്ന് നവംബര്‍ എട്ട്. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ ദുരന്തം സംഭവിച്ചത്. ഇന്ത്യയുടെ വിനിമയ മാധ്യമമായ കറന്‍സിയില്‍ നിന്ന് 85 ശതമാനം വരുന്ന 500, 1000 രൂപ നോട്ടുകള്‍ ഒരു സര്‍ജറിക്കല്‍ സ്‌ട്രൈക്കിലൂടെ പ്രധാനമന്ത്രി ന്രരേന്ദ്ര മോഡി അസാധുവാക്കി. ഒരുപാട് ന്യായീകരണങ്ങള്‍ അദ്ദേഹത്തിനുവേണ്ടി, ഈ സംഭവത്തില്‍ മാപ്പുസാക്ഷിയായി നിന്ന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വായ്ത്താരിയിട്ടു. ഇന്ന് പ്രധാന ദിനപത്രങ്ങളില്‍ പലതും ഓര്‍ത്തുവച്ച് ഡിമോണിട്ടൈസേഷന്റെ രണ്ടാം ചരമദിനം ആചരിക്കുന്നു.
അരുണ്‍ ജയ്റ്റ്‌ലിയുടെ വായ്ത്താരികള്‍ പലതും ഫലിക്കാതെ വന്നപ്പോള്‍ പ്രയോഗിച്ച അവസാന തമാശയായിരുന്നു കാഷ്‌ലെസ് സൊസൈറ്റി. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ആര്‍.ബി.ഐയുടെ കണക്കുപ്രകാരം 2016 നവംബര്‍ നാലിന് 17.9 ലക്ഷം കോടി രൂപ പൊതുധാരയില്‍ ഉണ്ടായിരുന്നെങ്കില്‍ 2018 ഒക്ടോബര്‍ 26 ലെ കണക്കുപ്രകാരം അത് 19.6 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുന്നു. അതായത് 9.5 ശതമാനം വര്‍ദ്ധന. ഒക്ടോബര്‍ 2016 ല്‍ 2.54 ലക്ഷം കോടി രൂപയാണ് എ.ടി.എമ്മിലൂടെ വിനിമയം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്നത് എട്ടു ശതമാനം വര്‍ദ്ധിച്ച് 2.75 ലക്ഷം കോടിയായി വളര്‍ന്നിരിക്കുന്നു. അങ്ങനെ വര്‍ദ്ധിതവീര്യത്തോടെ കറന്‍സിയും എ.ടി.എമ്മുകളും രാജ്യം അടക്കിവാഴുന്നു.
രസകരമായ മറ്റൊരു കാര്യം, കഴിഞ്ഞ ആറ് ആഴ്ചകളില്‍ ദേശീയ-ഇംഗ്ലീഷ് ചാനലുകളിലെ മുഖ്യ അജന്‍ഡ റാഫേല്‍ യുദ്ധ വിമാനങ്ങളോടൊപ്പമായിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ മോഡിക്ക് ഏറ്റ കടുത്ത പ്രഹരമായിരുന്നു. അദ്ദേഹം കഴിവതും പൊതുവേദികളിലും പരസ്യങ്ങളില്‍ പോലും പ്രത്യക്ഷപ്പെടാതായി. പകരം ആ സ്‌പേസില്‍ അവജ്ഞയോടെ മോഡിജി വിളിച്ചിരുന്ന പപ്പു രാഹുല്‍ നിറഞ്ഞു. ആദ്യം പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പ്രതിരോധ പരിച തീര്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ ഒരു വക്കീല്‍ എന്ന നിലയില്‍ കള്ളജല്പനങ്ങളില്‍ പി.എച്ച്ഡിയുള്ള അരുണ്‍ ജയ്റ്റ്‌ലി തന്നെ രംഗത്തിറങ്ങി. രവിശങ്കര്‍ പ്രസാദും തുണയ്‌ക്കെത്തി. പക്ഷേ, റാഫേല്‍ നിരന്തരം ഇതള്‍വിരിയുന്ന നുണകളുടെ താമരപോലെയായി. നിരന്തരം ബി.ജെ.പിയുടെ സൈബര്‍ മാനേജുമെന്റ് തലച്ചോറുകള്‍ക്ക് സ്വന്തം അജണ്ടകള്‍ക്ക് പകരം റാഫേലിന്റെ ന്യായീകരണങ്ങളുടെ മേച്ചില്‍പ്പുറങ്ങളില്‍ അലയേണ്ടിവന്നു. തക്കംപാര്‍ത്തിരുന്ന പഴയ രണ്ട് ബി.ജെ.പി പടക്കുതിരകള്‍ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിലൂടെ വിഷയം സുപ്രീംകോടതിയില്‍ എത്തിച്ചു. റാഫേല്‍ ഒരു കോടതിയുടെ വിഷയമായി ഏതാണ്ട് മാറിയപ്പോഴാണ് മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മോഡിജി സി.ബി.ഐ എന്ന സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തെ നെടുകെ പിളര്‍ന്നത്. വളഞ്ഞവഴികളിലൂടെ രണ്ടാമനായി കൊണ്ടുവന്ന അസ്താനയ്‌ക്കെതിരെയും ഒന്നാമനായ വര്‍മ്മ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം മുറുകിയപ്പോഴുണ്ടായ പരിഭ്രാന്തിയാണ് ഈ കടുത്ത പ്രയോഗത്തിന് പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കാന്‍ അമിത് ഷാ പ്രേരിപ്പിച്ചത്. ഉടന്‍ വന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. അതും തുടര്‍ന്നുകൊണ്ടേയിരുന്നു എന്നു മാത്രമല്ല സി.ബി.ഐ രണ്ടായി പിളര്‍ന്ന് ഉദ്യോഗസ്ഥര്‍ പക്ഷംചേരുകയും കഥകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും ചെയ്യുന്ന പരിപാടിയും ആരംഭിച്ചിരിക്കുന്നു.
ഇത്രയും ഭീകരമായ അസ്വസ്ഥതകള്‍ക്കിടയിലാണ് മറ്റൊരു സ്വതന്ത്ര സ്ഥാപനമായ ആര്‍.ബി.ഐ്ക്കു മോഡി സര്‍ക്കാര്‍ സെക്ഷന്‍ 7 വകുപ്പു പ്രകാരം നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ തുടങ്ങിയത്. ഗുജറാത്ത് ദേശക്കാരനായ ഡോക്ടര്‍ ഊര്‍ജിത് പട്ടേല്‍ മോഡി- അമിത് ഷാ സിന്‍ഡിക്കേറ്റിന്റെ മാനസപുത്രനായിരുന്നു. രഘുറാം രാജന്‍ ഗുഡെബൈ പറഞ്ഞത് പിരിഞ്ഞത് ഈ സിന്‍ഡിക്കേറ്റിന്റെ തോന്ന്യാസങ്ങള്‍ക്ക് വഴങ്ങാനാവില്ലെന്നു പ്രഖ്യാപിച്ചു തന്നെയായിരുന്നു. ഊര്‍ജിത് ഡിമോണിട്ടൈസേഷന്‍ നാവില്‍ തൊടാതെ വിഴുങ്ങുകയായിരുന്നു. എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നു തന്നെ പാവം വിശ്വസിച്ചു. അത്രയ്ക്കു കേമമായിരുന്നു വിത്തമന്ത്രിയുടെ അന്നാളുകളിലെ കത്തിവേഷം. പിന്നീട് പിന്‍വലിച്ച നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ ആര്‍.ബി.ഐയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായി. 21 മാസം ഊര്‍ജിത് അസുഖകരമായ ആ കണക്കു പുസ്തകവുമായി മല്ലിട്ടു. പിന്നീട് മറ്റു മാര്‍ഗ്ഗമില്ലാതെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ 99.3 ശതമാനം കറന്‍സിയും ഖജനാവില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞിരുന്നു. പകരം അടിച്ചിറക്കിയ നോട്ടുകളുടെ മതിപ്പ് ചെലവ് ഏതാണ്ട് 10000 കോടി രൂപ. മടങ്ങി വരാനുള്ളത് 0.70 ശതമാനം അഥവാ 10000 കോടിയില്‍ താഴെ. അപ്പോഴേക്കും 117 പേര്‍ ക്യൂവുകളിലും ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ നിന്നുമൊക്കെയായി മൃത്യു വരിച്ചിരുന്നു.
സെക്ഷന്‍ 7 ന് കീഴ്‌പ്പെട്ടു വിനീതവിധേയനായി തുടരാന്‍ ഊര്‍ജിതിന് കഴിയുമോ? നവംബര്‍ 19 ന് ബോര്‍ഡ് യോഗം അത്ര സുഖകരമാവുമെന്ന് തോന്നുന്നില്ല. കാരണം രഘുരാം രാജന്‍ ഇന്നലെ ഒരു താക്കീതുമായി എത്തിയിരുന്നു. ആര്‍.ബി.ഐ എന്ന രാജ്യത്തിന്റെ പൊതു ഖജനാവ് സ്വതന്ത്രമായി നില്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നുവരികില്‍ രാഷ്ട്രത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഗവണ്‍മെന്റ് ഡ്രൈവര്‍ ആയിരിക്കാം, എന്നാല്‍ ഡ്രൈവര്‍ നിര്‍ബന്ധമായും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരിക്കണം. അല്ലെങ്കില്‍ ഒരപകടത്തിന്റെ ആഘാതത്തെ ഡ്രൈവര്‍ക്ക് അതിജീവിക്കാനായെന്നുവരില്ല എന്നായിരുന്നു താക്കീത്.
അങ്ങനെ റാഫേല്‍, സിബിഐ, ആര്‍ബിഐ എന്നീ മേജര്‍ സെറ്റ് കഥകളികള്‍ അരങ്ങുവാഴുന്ന ഈ നാളുകളില്‍ 2019ലേക്കുള്ള അജന്‍ഡ പോയിട്ട്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ അജന്‍ഡ പോലും ബിജെപിക്കു കണ്ടെത്താനാകാതെ വരുന്ന പരുങ്ങലിലില്‍ നിന്നാണ് യോഗി ആദിത്യനാഥ് എന്ന യുപി മുഖ്യമന്ത്രിയുടെ അവതാരം. രാജ്യഭരണമൊഴികെ എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത യോഗ്യന്‍. ആശുപത്രികളിലെ ശിശുമരണമോ അനാഥാലയങ്ങളിലെ ശിശുഹത്യയോ അദ്ദേഹം ശ്രദ്ധിക്കാറില്ല. സ്ഥലനാമങ്ങള്‍ മാറ്റുക എന്നതാണ് അടിയന്തര ആവശ്യമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നതും പ്രയോഗിക്കുന്നതും. അയോദ്ധ്യ ഒരു ഒന്നാന്തരം വോട്ടുബാങ്കാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. മാധ്യമങ്ങള്‍ ഇപ്പോള്‍ പൂര്‍വാധികം ഉത്സാഹത്തോടെ ഈ യോഗിക്കൊപ്പം കൂടിയിട്ടുമുണ്ട്. വരും നാളുകളില്‍ അയോദ്ധ്യയും റാം മന്ദിറും ആയിരിക്കും അജന്‍ഡയെന്നവര്‍ നിരന്തരം നമ്മളെ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ വേരോട്ടമുള്ള ഏക സംസ്ഥാനമായ കര്‍ണാടകത്തില്‍ രണ്ടുനാള്‍ മുന്‍പ് ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ചു നിയോജകമണ്ഡലങ്ങളില്‍ (മൂന്നു പാര്‍ലമെന്റും രണ്ട് അസംബഌയും) നാലും ബിജെപിയെ കൈവിട്ടു. മൂന്നുലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ സാക്ഷാല്‍ യദിയൂരപ്പ വിജയിച്ച ശിവമോഗ പാര്‍ലമെന്റ് സീറ്റില്‍ അറുപതിനായിരത്തില്‍ താഴെയായി ഭൂരിപക്ഷം ചുരുങ്ങി. അങ്ങനെ ദക്ഷിണേന്ത്യയുടെ ഭൂപടത്തില്‍ നിന്നു ബിജെപി പതിയെ മാഞ്ഞിരിക്കുന്നു.
ഇനി ഡിസംബര്‍ 11ന് ഹിന്ദി ഹൃദയഭൂമിയുടെ മനസ്സിലിരിപ്പു പുറത്തുവരും. ഒരു കാര്യം തീര്‍ച്ച. എത്ര ദേഹണ്ഡിച്ചാലും നിലവിലുള്ളതിന്റെ മൂന്നില്‍ രണ്ടില്‍ ചെന്നെത്തില്ല. ഒന്നിലേറെ സംസ്ഥാനങ്ങള്‍ കൈവിട്ടുവെന്നും വരാം. അതിനുശേഷമായിരിക്കും അയോദ്ധ്യയുടെ പ്രസക്തിയും അപ്രസക്തിയും തീര്‍ച്ചയാക്കുക.
ലേഖകന്റെ ഫോണ്‍: 98479 21294
ജോര്‍ജ് മാത്യു
രണ്ട് അമ്പോറ്റി പിള്ളാര്‍. പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ ഇഷ്ടം തോന്നി. വാര്‍ത്ത നേരത്തെതന്നെ ചാനലുകളില്‍ വന്നിരുന്നു. രണ്ടുപേരും അവരുടെ കൗമാരം പിന്നിട്ടിട്ടില്ല. കഥാനായകന്‍ ഹനീസിനു പ്രായം 18. കൂട്ടുകാരി റിഫാന റിയാദിന് ഉടന്‍ ടീന്‍സ് പദവി നഷ്ടപ്പെടുന്ന 19.
Keywords: India, Currency, Surgical Strike, Yogi Adityanath, George Mathew, Narendra Modi, Urjit Patel, Raghuram Rajan
COMMENTS