Search

ജുഡിഷ്യറി: പൗരന്റെ ഏക സമാശ്വാസം!

ജോര്‍ജ് മാത്യു

രണ്ട് അമ്പോറ്റി പിള്ളാര്‍. പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ ഇഷ്ടം തോന്നി. വാര്‍ത്ത നേരത്തെതന്നെ ചാനലുകളില്‍ വന്നിരുന്നു. രണ്ടുപേരും അവരുടെ കൗമാരം പിന്നിട്ടിട്ടില്ല. കഥാനായകന്‍ ഹനീസിനു പ്രായം 18. കൂട്ടുകാരി റിഫാന റിയാദിന് ഉടന്‍ ടീന്‍സ് പദവി നഷ്ടപ്പെടുന്ന 19.

ഇരുവരും ഇപ്പോഴും അത്ഭുതലോകത്താണ്. ഇങ്ങനെ ഒരു അനുകൂല വിധി, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന്‌, അവര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചരിത്രം അതാണല്ലോ!

കഷ്ടിച്ച് ഒരു വര്‍ഷമേ ആകുന്നുള്ളൂ ഇരുവരും ആലപ്പുഴയിലെ സെന്റ് മേരീസ് അക്കാദമിയില്‍ പ്ലസ് ടുവിന് സഹപാഠികള്‍ ആയിട്ട്. മുജ്ജന്മ സൗഹൃദമാണോ എന്നറിയില്ല, അവര്‍ ആ 'ഭാരിച്ച' തീരുമാനം ആദ്യം തന്നെ എടുത്തു; ഒന്നിച്ചു ജീവിക്കുക. സാഹസികതകള്‍ക്കൊന്നും മുതിരാതെ വിവരം വീട്ടുകാരെ അറിയിച്ചു. കാരണം ഹാദിയ കേസ് അവര്‍ ഹൃദിസ്ഥമാക്കിയിരുന്നു. ഹനീസിന്റെ വീട്ടുകാര്‍ മിതത്വം പാലിച്ചു.

നല്ല മൊഞ്ചുള്ള ആ കുട്ടിയെ വേദനിപ്പിക്കണ്ട എന്നവര്‍ കരുതിക്കാണും. എന്നാല്‍ റിഫാനയുടെ കുടുംബം ആശങ്കയിലായിരുന്നു. ഈ കുട്ടിക്കളി അവളുടെ ജീവിതത്തെ താറുമാറാക്കുമോ എന്നവര്‍ കരുതിക്കാണണം. അതിനാല്‍ ഒരനുനയ വ്യവസ്ഥയാണവര്‍ മുന്നോട്ടുവച്ചത്. ഹനീസിന് വിവാഹപ്രായമാകട്ടെ, അപ്പോള്‍ ആലോചിക്കാം.

റിഫാനയ്ക്ക് അത് അത്ര പന്തിയായി തോന്നിയില്ല. അവള്‍ തന്റെ സുഹൃത്തിന്റെ കയ്യും പിടിച്ച് അവന്റെ വീട്ടിലേക്ക് പോയി.

റിഫാനയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് (ബലപ്രയോഗ തടങ്കല്‍) ഫയല്‍ ചെയ്ത് ഉദ്ദേശ്യം വ്യക്തമാക്കി.

മാസങ്ങള്‍ക്കുശേഷം കോടതി വാദം കേട്ടു. കോടതി ഒരുപക്ഷേ ഹാദിയ കേസ് ഓര്‍ത്തിരിക്കണം. ഹാദിയയെ പിതാവിനൊപ്പം വിട്ടതിന്റെ പേരില്‍ ബഹു. സുപ്രീംകോടതിയില്‍ നിന്ന് എത്തിയ ടണ്‍ കണക്കിന് ശകാരം കോടതി ഓര്‍ത്തിട്ടുണ്ടാവാം. ഹൈക്കോടതി ഹേബിയസ് കോര്‍പ്പസ് തള്ളി. പ്രായപൂര്‍ത്തിയായവര്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ. ഊന്നല്‍ വ്യക്തം: പ്രായപൂര്‍ത്തിയായ, പത്തൊന്‍പതുകാരിയുടെ വ്യക്തിസ്വാതന്ത്ര്യം ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. കോടതി പരീക്ഷണത്തിന് മുതിര്‍ന്നില്ല.

വിയര്‍ത്തൊലിച്ച് ഹൈക്കോടതിയുടെ പടവുകള്‍ കയറിപ്പോയ കുട്ടികള്‍ കൈകോര്‍ത്തു, പുഞ്ചിരിയോടെ കോടതിയുടെ പടവുകള്‍ ഇറങ്ങിയിട്ടുണ്ടാവണം. ഒരു നിമിഷം നിന്ന് ഒരു സെല്‍ഫിയും എടുത്തിട്ടുണ്ടാവും. ശുഭം!

എന്നാല്‍ ഇനിയാണ് എന്നെപ്പോലുള്ള ദോഷൈകദൃക്കുകളുടെ ആധി! ഈ അമ്പോറ്റി പിള്ളാര്‍ കോഴിക്കോട് ബീച്ചിലോ, പഴയ (ചുംബന സമര) കഫറ്റേറിയയിലോ അല്ലെങ്കില്‍ കൊച്ചിന്‍ മറൈന്‍ ഡ്രൈവിലോ അതുമല്ലെങ്കില്‍ ഇങ്ങ് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരവളപ്പിലോ ഒന്നു ചേര്‍ന്നിരുന്ന് സല്ലപിച്ചാല്‍, 'സദാചാരബജ്രംഗികള്‍' എങ്ങനെ അവരോട് പെരുമാറും! ഒന്നും ചോദിക്കാതെ പാവം ഹനീസിനെ പൊതിരെ തല്ലുമോ? വാനിറ്റി ബാഗില്‍ നിന്ന് കോടതിവിധിയുടെ പകര്‍പ്പ് എടുത്തുകാട്ടാനുള്ള സാവകാശം റിഫാനയ്ക്ക് കിട്ടുമോ? ജനമൈത്രിക്ക് പ്രസിദ്ധിനേടിയ പൊലീസ് 'മൈത്രി'യോടെ ശകാരവര്‍ഷം ചൊരിയുമോ?
അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ, ഈശ്വരാ!

അടിക്കുറിപ്പ്: കോടതിയുടെ അനുകൂല വിധിക്ക് ശേഷം റിഫാന അവളുടെ ആലപ്പുഴയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. എല്ലാം ശരിയാകുമെന്ന് ആ ഹൂറി പ്രത്യാശിക്കുന്നുമുണ്ട്. എന്നാലും അവള്‍ ഹനീസിനൊപ്പം അവന്റെ തൊടുപുഴയിലെ വീട്ടിലേക്കു തന്നെ പൊറുതി മാറ്റിയിരിക്കുന്നു.

ലേഖകന്റെ ഫോണ്‍: 98479 21294 keywords: Rifana Riyadh, Haneez,vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജുഡിഷ്യറി: പൗരന്റെ ഏക സമാശ്വാസം!