Actress Assault Case: Six Accused Sentenced to 20 Years in Prison and Rs 50,000 Fine
കൊച്ചി : നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50,000 പിഴയും ശിക്ഷ.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, ണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് 20 വര്‍ഷം കഠിന തടവ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു.
ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഐ.ടി. ആക്ട് പ്രകാരം അഞ്ചു വര്‍ഷം കൂടി തടവുണ്ട്. എന്നാല്‍, ഈ ശിക്ഷ 20 വര്‍ഷത്തെ കഠിന തടവിനൊപ്പം അനുഭവിച്ചാല്‍ മതിയാകും. ആറു പ്രതികളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ജയില്‍ മാറ്റം വേണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്കണം.
പ്രതികള്‍ റിമാന്‍ഡ് കാലയളവില്‍ അനുഭവിച്ച തടവ് ശിക്ഷയില്‍ ഇളവ് ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനി 7.5 വര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാല്‍ ഇനി 12.5 വര്‍ഷം കൂടി തടവ് അനുഭവിച്ചാല്‍ മതി.
രണ്ടാം പ്രതി മാര്‍ട്ടിന്‍ 13.5 വര്‍ഷം കൂടി തടവില്‍ കഴിയണം. ാക്കിയുള്ള നാല് പ്രതികള്‍ 15 വര്‍ഷം കൂടി തടവില്‍ കഴിയേണ്ടി വരും.
3:30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധി പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4:45 നാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ദിലീപിനെതിരെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു.
പ്രോസിക്യൂഷന്‍ ജീവപര്യന്തം തടവാണ് പ്രതികള്‍ക്ക് ആവശ്യപ്പെട്ടിരുന്നതെങ്കിലും, പ്രതികളുടെ പ്രായം (എല്ലാവരും 40 വയസ്സിന് താഴെയുള്ളവര്‍) കൂടി പരിഗണിച്ചാണ് 20 വര്‍ഷം കഠിന തടവായി ശിക്ഷ കുറച്ചത്. വിധി പ്രസ്താവം കേട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.
Summary: In the case involving the abduction of an actress in a vehicle, brutal sexual assault, and filming the visuals, the six accused found guilty have been sentenced to 20 years of imprisonment and a fine of Rs 50,000 each. The convicts are N.S. Sunil alias Pulsar Suni, Martin Antony, B. Manikandan, V.P. Vijeesh, H. Saleem, and Pradeep.


COMMENTS