അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവവും ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തില്‍ സനാതന്‍ സന്‍സ്തയുടെ തോലു...
അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവവും ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തില്‍ സനാതന്‍ സന്‍സ്തയുടെ തോലുരിയുന്നതും തമ്മില്‍ കൂട്ടിവായിക്കാം. അതുപോലെ നോട്ടു പിന്‍വലിക്കല്‍ പദ്ധതി വന്‍ദുരന്തമായിരുന്നുവെന്ന ആര്‍ബിഐ റിപ്പോര്‍ട്ടിനു തൊട്ടു മുന്‍പ് ധനമന്ത്രി റാഫേല്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചതിനും ഒരു വേഷം മാറി രക്ഷപ്പെടല്‍ തന്ത്രത്തിന്റെ ഛായയുണ്ട്...
ജോര്‍ജ് മാത്യു
2018 ആഗസ്റ്റ് 29 ഇന്ത്യന്‍ ജുഡിഷ്യറിയിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. ഒരൊറ്റ കേസ്; ഒരു ദിവസം പല സമയങ്ങളിലായി കീഴ്‌ക്കോടതിയിലും (ശിവാജി നഗര്‍ സെഷന്‍സ് കോര്‍ട്ട്, പുണെ) ഡല്‍ഹി ഹൈക്കോര്‍ട്ടിലും, പിന്നെ, കോടതി സമയത്തിനുശേഷം (വൈകിട്ട് അഞ്ചിന്) ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എ.എം ഖല്‍വില്‍ക്കറും അടങ്ങുന്ന അപ്പര്‍ കോര്‍ട്ടും വാദം കേട്ടു.ആറ് സംസ്ഥാനങ്ങളിലായി പാതിരാത്രി നടന്ന പുണെ പൊലീസിന്റെ റെയ്ഡിലൂടെ അഞ്ച് പ്രമുഖ പൗരാവകാശപ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി. ഹൈദരാബാദില്‍ നിന്നു കവി വരവരറാവു, സുധാ ഭരദ്വാജ് (പ്രൊഫസര്‍, ലോയര്‍ - ചണ്ഡീഗഡ്ഡ്), ഗൗതം നവ്‌ലഖ (പത്രപ്രവര്‍ത്തകന്‍ - ഡല്‍ഹി), വെര്‍റോണ്‍ ഗോണ്‍സാല്‍വസ് (താനെ, മഹാരാഷ്ട്ര), അരുണ്‍ ഫെറെയ്‌റ (അദ്ധ്യാപകന്‍- ത്ധാര്‍ഖണ്ഡ്) എന്നിവര്‍ പിടിയിലായപ്പോള്‍, സ്ഥലത്തില്ലായിരുന്നതിനാല്‍ പ്രൊഫ. ആനന്ദ് തെല്‍മുഡേയെ ഗോവയില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞില്ല.
ഈ അറസ്റ്റുകള്‍ക്ക് അടിസ്ഥാന കാരണം ഭീമ-കോരഗാവ് സമരമാണ്. 1818 ല്‍ നടന്ന ഐതിഹാസിക സമരത്തില്‍ (പുണെ ഡിസ്ട്രിക്ട്) ദളിത് വിഭാഗക്കാര്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഇരുനൂറാം വാര്‍ഷികാചരണമായിരുന്നു ഡിസംബര്‍ 31, 2017 ല്‍ പുണെയില്‍ നടന്നത്. എല്‍ഗാര്‍-പരിഷത്ത് എന്നീ സംഘടനകള്‍ സംയുക്തമായാണ് ആ ആചരണം സംഘടിപ്പിച്ചത്. സുപ്രീം കോടതി ജഡ്ജിയായിരുന്ന പി.ബി സാവന്ത്, ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.ജി കോല്‍സെ പാട്ടീല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത ഈ സമ്മേളനത്തിനെ വലതുപക്ഷ തീവ്രവാദ സംഘടനകള്‍ അലങ്കോലപ്പെടുത്തി. പ്രതിഷേധസൂചകമായി പിറ്റേന്ന് (ജനുവരി ഒന്ന്, 2018) ഭീമാ-കോരഗാവിലേക്ക് നടത്തിയ ജാഥയും ആക്രമിക്കപ്പെടുകയും ഒരാള്‍ക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു. ആക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണവിധേയരായവരില്‍ ചിലരും അഞ്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും 2018 ജൂണില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതിലൂടെ നീണ്ട അന്വേഷണമാണ് ആഗസ്റ്റ് 29 ന് വെളുപ്പിന് നടന്ന അറസ്റ്റുകള്‍. മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലായി. പക്ഷേ, ഗൗതം നവ്‌ലഖ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. അതിനിടെ രാഷ്ട്രം ഉണര്‍ന്നു. റൊമിലാ ഥാപര്‍, പ്രഭാത് പട്‌നായ്ക്, ദേവകി ജെയ്ന്‍, സതീഷ് ദേശ്പാണ്ഡെ, മാജദാരുവാല എന്നിവര്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. ഗൗതമിനെ പുണെയിലേക്ക് നീക്കാനുള്ള മജിസ്‌ട്രേറ്റിന്റെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഹൈക്കോടതി റദ്ദു ചെയ്തു. ഹേബിയസ് കോര്‍പ്പസ് 3.30 ന് വീണ്ടും വിചാരണയ്‌ക്കെടുക്കാന്‍ മാറ്റിവച്ചു.
ഇതിനിടെ ഒരുകാര്യം വെളിവായി. അറസ്റ്റിനായി പുണെ പൊലീസ് കൊണ്ടുവന്നിരുന്ന ചാര്‍ജ്ഷീറ്റ് മറാത്തിയിലായിരുന്നു. കുറ്റാരോപിതര്‍ക്ക് മറാത്തി വശമില്ലതാനും. ഇംഗ്ലീഷ് പരിഭാഷ മജിസ്‌ട്രേറ്റ് കോടതിയില്‍ ലഭ്യമാക്കാതിരുന്നിട്ടും ധൃതിപിടിച്ച് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ നല്‍കിയതിനെ ഹൈക്കോടതി നിശതമായി വിമര്‍ശിച്ചു.
സുപ്രീം കോടതി ഈ വീഴ്ച അതിലും ഗൗരവമായി കണ്ടു. അവര്‍ ഉടന്‍ പരിഭാഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലഖി വിയര്‍ത്തു. ഉടന്‍ തന്നെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും നോട്ടീസ് നല്‍കി. മറുപടി സെപ്തംബര്‍ ആറിന് മുന്‍പ് സമര്‍പ്പിക്കാന്‍ ശക്തമായി ഉത്തരവായി. ഇതിനിടെ യു.എ.പി.എ ചുമത്താനുള്ള കാരണവും ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. രാജ്യദ്രോഹകുറ്റവും നക്‌സലുകളെ സഹായിക്കാന്‍ ഫണ്ടുപിരിവുമാണ് ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍, കോടതി ഇതിനെ കണ്ടത് മറ്റൊരു രീതിയിലായിരുന്നു. 'എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുവാനുള്ള ശ്രമം. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാനാളമാണെന്നും' ജസ്റ്റിസ് ചന്ദ്രചൂഡ് വിലയിരുത്തി. തന്മൂലം അഞ്ചുപേരേയും അവരവരുടെ വീടുകളില്‍ സുരക്ഷിതരായി എത്തിക്കുവാനും വേണമെങ്കില്‍ ഹൗസ് അറസ്റ്റായി പരിഗണിക്കുവാനും ആവശ്യപ്പെട്ടു.
തുടര്‍ന്ന് പുണെ കോടതി, സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കുവാന്‍ അറസ്റ്റിലായ മൂന്നുപേരെയും മടക്കി അയയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി ഹൈക്കോടതി സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് നടപടികള്‍ നിറുത്തിവച്ചു.
എന്തിനായിരുന്നു പെട്ടെന്നുള്ള ഈ അറസ്റ്റുകള്‍? ഇത് ഒരുതരം പ്രതിരോധമാണ്; ഡിഫന്‍സ് മെക്കാനിസം. സനാതന്‍ സന്‍സ്ത എന്ന വലതുപക്ഷ തീവ്രവാദ സംഘടനയുടെ അടിവേരു വരെ ഗൗരി ലങ്കേഷ് കേസ് തോണ്ടിയെടുത്തു തുടങ്ങിയിരിക്കുന്നു. ഏറെക്കുറെ പാന്‍സാര, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലേക്ക് അന്വേഷണം എത്തിക്കഴിഞ്ഞിരിക്കുന്നു. ഉടന്‍തന്നെ കര്‍ണ്ണാടക ഗവണ്‍മെന്റ് കല്‍ബുര്‍ഗി വധവും ഈ എസ്.ഐ.ടിയെ ഏല്പിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തെ ചെറുത്തുനില്‍പ്പിന് ശേഷം സഘ് പരിവാറിന്റെയും ഗുണഭോക്താക്കളായ ബി.ജെ.പിയുടെയും മുഖം ഈ കേസുകളില്‍
വല്ലാണ്ട് വികൃതമായിക്കൊണ്ടിരിക്കുന്നു.
ഇന്ന് രാവിലെ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവന്നു. ആര്‍.ബി.ഐയുടെ ഡീമോണിട്ടൈസേഷന്‍ റിപ്പോര്‍ട്ട്. വളരെ ദുര്‍ഘടം പിടിച്ച നിഗമനങ്ങളാണ് ആര്‍.ബി.ഐ പുറത്തുവിട്ടിരിക്കുന്നത്.
നോട്ടു നിരോധന കാലത്ത് എടിഎമ്മില്‍ കയറാനുള്ള ക്യൂ
ആറുമാസം ഈ രാജ്യം രണ്ട് ധനകാര്യമന്ത്രിമാരുടെ സുരക്ഷിതവലയത്തിലായിരുന്നല്ലോ, എക്കാലത്തെയും മിടുക്കനായ ധനമന്ത്രി ജറ്റ്‌ലിയും പിന്നെ പിയുഷ് ഗോയലും. മിനിഞ്ഞാന്ന് പീയൂഷ് ഗോയലിനെ മടക്കി അയച്ചു. ജെറ്റ്‌ലി ഇന്നലെ മണിക്കൂറുകളോളം റാഫേല്‍ യുദ്ധ വിമാന ഡീലിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. 2007 ല്‍ തുടങ്ങി, 2011 ല്‍ ഡീലില്‍ നിന്നു പിന്മാറിയ യു.പി.എ സര്‍ക്കാരിനെ വെല്ലുവിളിച്ചു അദ്ദേഹം. പക്ഷേ, ആര്‍.ബി.ഐ രാവിലെ പുറത്തുവിട്ട ഡീമോണിട്ടൈസേഷന്‍ ഡാമേജിനെക്കുറിച്ച് ഒരക്ഷരംമിണ്ടിയില്ല.
ഇതാണ് ഡിഫന്‍സ് മെക്കാനിസത്തിന്റെ തന്ത്രം. രണഭൂമിയില്‍ കാമഫ് ളാഷ്
എന്നൊരു തന്ത്രമുണ്ട്. വേഷംമാറി രക്ഷപ്പെടല്‍. എല്ലാ രാഷ്ട്രീയക്കാരും ഇതു പയറ്റാറുണ്ട്. അതുപക്ഷേ, താത്ക്കാലിക വിജയം മാത്രമായാണ് കലാശിക്കാറുള്ളത്.
മറ്റൊന്നുകൂടി സംഭവിച്ചു. കൊല്‍ക്കത്തയില്‍ പോയി മമതാ ബാനര്‍ജിയെയും അനന്തരവനെയും അനാവശ്യം പറഞ്ഞതിന് അമിത് ഷായ്ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നു. ഇന്നലെ കോടതി മുറ്റത്ത് അമിത് ഷായെ കണ്ടവരുണ്ട്. സുധാ ഭരദ്വാജും ഗൗതം നവ്‌ലഖയും ആകട്ടെ അവരുടെ ഗൃഹങ്ങളില്‍ തന്നെ അന്തിയുറങ്ങുകയും ചെയ്യും.
Keywords: Police raid, Elgaar Parishad, conclave, December 31, violence, Pune, Telugu poet Varavara Rao, Hyderabad, trade union activist, Sudha Bhardwaj, Faridabad, civil liberties activist, Gautam Navalakha, New Delhi, writer, Anand Teltumbde, Goa, Vernon Gonsalves, Arun Ferreira , Mumbai, Jesuit Priest Stan Swamy, Ranchi , Jharkhand police, FIR, Scheduled Tribes , Demonetisation, Arun Jaitley
COMMENTS