Search

മകരസംക്രമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നുജോര്‍ജ് മാത്യു

2018 മേയ് 15 ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മകരസംക്രമ ദിനമായി ഓര്‍മ്മപ്പെടാന്‍ എല്ലാ സാധ്യതകളുമുണ്ട്. 2024 വരെ മോഡിക്കും ബി.ജെ.പിക്കും തീറെഴുതിക്കൊടുത്തു എന്നു കരുതപ്പെട്ടിരുന്ന നാടാണ് നമ്മുടെ ഭാരതം. പെട്ടെന്ന് ചുവരെഴുത്തുകള്‍ മാറ്റിയെഴുതപ്പെടുന്ന കാഴ്ച.

ഞാനൊരു രാഷ്ട്രീയകാര്യ വിദ്യാര്‍ത്ഥിയല്ല. ആകെ അതിനുള്ള യോഗ്യത ഒരു ശരാശരി മലയാളിയുടെ രാഷ്ട്രീയബോധം മാത്രം! ഇപ്പോള്‍ ഈ കുറിപ്പിന് ആധാരം ജൂണ്‍ 1 ന്‌  CNN News 18 ചാനലില്‍ കണ്ട ഒരു വാര്‍ത്തയാണ്. സ്‌ക്രോള്‍ ഇങ്ങനെ: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.എസ്.പി - എസ്.പി സഖ്യത്തിന് കോണ്‍ഗ്രസ് 50 സീറ്റുകള്‍ നല്‍കുന്നതായിരിക്കും, അതും ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അതിര്‍ത്തി മണ്ഡലങ്ങളില്‍.

നമുക്കറിയാം, മധ്യപ്രദേശ് - രാജസ്ഥാന്‍ - ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരം ബി.ജെ.പിയും കോണ്‍ഗ്രസും ഏറെക്കുറെ നേര്‍ക്കുനേരെയാണ്. മറ്റു പാര്‍ട്ടികള്‍ തീരെ അപ്രസക്തം.

മധ്യപ്രദേശിലെ 230 ല്‍ 50 സീറ്റുകള്‍ ബി.എസ്.പി - എസ്.പി സഖ്യത്തിന് നല്‍കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് പതിനൊന്നു മാസങ്ങള്‍ക്കു മുന്‍പു തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. 2013 ല്‍ ബി.എസ്.പിയുടെ വോട്ട് ശതമാനം 6.2 ആയിരുന്നു. 4 സീറ്റുകളില്‍ വിജയവും 11 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തും. അപ്പോള്‍ ബി.എസ്.പിക്ക് ന്യായമായും അവകാശപ്പെടാവുന്ന സീറ്റുകള്‍ 15 മാത്രം. ഇപ്പോഴത് ഇരുപതിനോ അതിനു മുകളിലോ ആയിരിക്കുന്നു.

ഇത്രയും നല്ല ഓഫര്‍ സ്വപ്‌നങ്ങളില്‍ മാത്രം. ഇതു തന്നെയാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന മേയ് 12 ന് ഉച്ചയ്ക്ക് ശേഷം 2 നും 4 നും ഇടയ്ക്ക് ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും കോണ്‍ഗ്രസ് ചാണക്യന്‍ ഗുലാം നബി ആസാദും തമ്മില്‍ നടന്നതും. എങ്ങാനും ഭരണം നഷ്ടപ്പെട്ടാല്‍ മുഖ്യമന്ത്രി പദം ജെ.ഡി.എസ്സിന്. ഇതിലും മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം. അന്ന് വൈകിട്ട് ആറു മണിയോടെ സോണിയ ഗാന്ധി ദേവഗൗഢയെ നേരിട്ട് വിളിപ്പിച്ച് ഡീല്‍ ഉറപ്പിച്ചു. ബാക്കിയൊക്കെ ചരിത്രം!

മേയ് 15 ന് തെരഞ്ഞെടുപ്പ് ഫലം വന്ന അന്നു മുതല്‍ നാളിതുവരെ ചാനല്‍ ചര്‍ച്ചകളില്‍ - മലയാളത്തിലും ഇംഗ്ലീഷിലും - ഉപയോഗിക്കപ്പെടുന്ന രണ്ട് പദങ്ങളാണ് അരിത്തമെറ്റിക്, കെമിസ്ട്രി. അതായത് ഉരുത്തിരിഞ്ഞിരുന്ന മഹാഗഡ്ബന്തന്‍ (മഹാസഖ്യം) ന്റെ ശതമാന കണക്കും ജൈവപരമായ ഇഴയടുപ്പവും. ശരിയാണ്, ചരിത്രം പഠിപ്പിച്ചിരിക്കുന്നത്, A+B= AB എന്നത് കണക്കാണ്. പക്ഷേ, അത് മോരും മുതിരയും പോലെ വേറിട്ട് നില്‍ക്കുന്നതാണെന്നാണ് കെമിസ്ട്രി കൊണ്ട് വിവക്ഷിക്കുന്നത്.

കര്‍ണ്ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രി പദം ഏറ്റെടുത്ത് പത്തു നാള്‍ കഴിഞ്ഞിട്ടും മന്ത്രിസഭാംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലിയിട്ടില്ല. വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല. രണ്ടു പാര്‍ട്ടികളുടെ ഒരു സംവിധാനത്തില്‍ പോലും വരുന്ന ഇഴയടുപ്പക്കുറവ്.

എന്നാല്‍ കോണ്‍ഗ്രസ് ചിലപ്പോഴൊക്കെ പാഠം പഠിപ്പിക്കാന്‍ തുനിയാറുണ്ട്. ഇപ്പോള്‍ അവിടെ മുതിര്‍ന്ന അഹങ്കാരികള്‍ മൂലയ്ക്കിരുത്തപ്പെടുന്നുണ്ട് എന്നാണ് സൂചന! അതാണ് 230 ല്‍ 50 എന്ന കാലേക്കൂട്ടിയുള്ള പ്രവചനം.

ഇനി മറുപക്ഷത്തേക്ക് ഒന്നു നോട്ടം പായിക്കാം. എന്‍.ഡി.എ തുടക്കത്തില്‍ 24 പാര്‍ട്ടികളുടെ ഒരു മഹാഗഡ്ബന്തന്‍ (jumbo Coalition) ആയിരുന്നല്ലോ. 2014 ലെ പല പ്രമുഖ 'ചങ്ങായി'കളും ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നു. റ്റി.ഡി.പി, ശിവസേന മുതല്‍പേര്‍.  നിതീഷ് കുമാര്‍ സ്വന്തം തട്ടകത്തില്‍ കടപുഴകി ണിരിക്കുന്നു (Jokihat - Bihar).

കൂറുമാറ്റത്തില്‍ പി എച്ച്ഡിയുള്ള റാം വിലാസ് പാസ്വാന്‍ വെളിപാട് ഉണ്ടായതുപോലെ ഇന്നലെ പെട്രോള്‍ വിലവര്‍ദ്ധനവിനെക്കുറിച്ച് വായ് തുറന്നു. നാലില്‍ ഒരു പാര്‍ലമെന്റ് സീറ്റും പതിനൊന്നില്‍ ഒരു അസംബ്ലി സീറ്റും ബി.ജെ.പിക്കു മുന്നില്‍ നില്‍ക്കുന്ന കൂറ്റന്‍ signboard ആണ്.

ഇവിടെയാണ് ഞാന്‍ 230 ല്‍ 50 എന്നത് വരികള്‍ക്കിടയില്‍ വായിക്കാന്‍ ശ്രമിക്കുന്നത്.

ഇതൊരു സൈക്കോളജിക്കല്‍ വാര്‍ ആണ്.  ബി.ജെ.പിക്കാരനായ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, മുഖ്യമന്ത്രി ഉള്‍പ്പടെ തോറ്റ് 13 സീറ്റില്‍ എത്തിയിട്ടും കോണ്‍ഗ്രസ്സിന് 17 സീറ്റ് ഉണ്ടായിട്ടും ഡല്‍ഹിയില്‍ ഇരുന്നു പ്രഖ്യാപിച്ചു; അടുത്തയാഴ്ച ഗോവയില്‍ ബി.ജെ.പി മന്ത്രിസഭ അധികാരത്തില്‍ വരും. ആ ചരിത്രം അത്ര പഴയതല്ലല്ലോ! കോണ്‍ഗ്രസ് അതില്‍ വീണു. പരീക്കര്‍ നിലവില്‍ ഗോവ മുഖ്യമന്ത്രിയുമാണ്. അമിത് ഷാ ബംഗളൂരുവില്‍ ഇതുപറഞ്ഞു നോക്കി, വിലപ്പോയില്ല.

ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ വെല്ലുവിളിക്കുന്നു: ഞങ്ങള്‍ 50 നല്‍കുന്നു, ബി.എസ്.പിയും എസ്.പിയും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ നിങ്ങളെക്കാള്‍ ഏഴ് ശതമാനം മുന്നിലാണ് കണക്കിന്റെ കാര്യത്തില്‍. എന്താ വാതുവയ്ക്കുന്നോ?

വല്ലാതെ വിയര്‍ക്കുന്ന അമിത് ഷായാണ് എന്റെ മുന്‍പില്‍!

കേരളത്തില്‍ നമുക്കറിയാമല്ലോ; ചരിത്രത്തിലെ ഏക ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലാണ്. 140 ഒ.രാജഗോപാലന്മാരെ സൃഷ്ടിക്കാനാവില്ലല്ലോ! ചെങ്ങന്നൂരില്‍ ഇപ്പോള്‍ അത് കണ്ടതേയുള്ളല്ലോ! 541 മോഡിമാര്‍ ബി.ജെ.പിക്ക് ഇന്ത്യയിലില്ല. തന്മൂലം 2019 ല്‍ കോണ്‍ഗ്രസ്സിനും താഴെയായിരിക്കും ബി.ജെ.പിയുടെ നില.

120 ന് മുകളില്‍ സീറ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. യു.പി.എയിലും മഹാസഖ്യത്തിലും ഒറ്റയ്ക്ക് ഒരു കക്ഷിക്കും 30 ന് മുകളില്‍ സീറ്റുകള്‍ അസാദ്ധ്യം! അപ്പോള്‍ മുറുമുറുപ്പുകള്‍ കൂടാതെ 'പപ്പു രാഹുല്‍' സ്ഥാനം ഉറപ്പിക്കും.

ദോഷം പറയരുതല്ലോ, മോഡിക്ക് പ്രതിപക്ഷ കസേര ഒത്തുകിട്ടിയെന്നു വരും, subject to RSS approval!

ലേഖകന്റെ ഫോണ്‍: 98479 21294
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മകരസംക്രമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നു