സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ ഇടതു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ കേരളത...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ ഇടതു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ കേരളത്തില്‍ വീണ്ടും സമരപരമ്പരകള്‍ക്കു കളമൊരുങ്ങുന്നു. കത്തോലിക്കാ സഭ സര്‍ക്കാരിനെതിരേ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു പല സംഘടനകളും സമരരംഗത്തിറങ്ങാന്‍ തയ്യാറെടുക്കുകയാണ്.
ഇതേസമയം, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഈ തീരുമാനത്തിനെതിരേ രംഗത്തു വരുന്നുമില്ല. മദ്യലോബിയുടെ പണക്കൊഴുപ്പു തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രത്യക്ഷ സമര പരിപാടികളില്‍ നിന്നു പിന്നാക്കം വലിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെപ്പോലെ ചുരുക്കം ചിലര്‍ മാത്രമാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. മറ്റു നേതാക്കളില്‍ പലരും പേരിനു പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പൂട്ടിയ ബാറുകള്‍ തുറക്കുക മാത്രമാണ് ചെയ്യുന്നതെന്നും പുതിയ ബാറുകള്‍ ഒന്നും തന്നെ തുറക്കില്ലെന്നുമാണ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്നു വിശദീകരണം നല്കിയിരിക്കുന്നത്.
നേരത്തേ വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമാണ് തുറക്കുക. ഇതിനായി 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിനോദ സഞ്ചാര മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി ബാറുകള്‍ തുറക്കാം.
ഇതേസമയം, ബാര്‍ തുറക്കാനുള്ള തീരുമാനം ചെങ്ങന്നൂരിലെ ജനവിധി സര്‍ക്കാരിന് എതിരാക്കുമെന്ന് താമരശേരി രൂപതാ ബിഷപ്പും കെ.സി.ബി.സി മദ്യവിരദ്ധ സമിതി അധ്യക്ഷനുമായ റിമിജിയോസ് ഇഞ്ചനാനി പറഞ്ഞു.
പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ് പിണറായി. സര്‍ക്കാരിന് പ്രകടനപത്രികയോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടാവണം. കെ.സി.ബി.സി ഏപ്രില്‍ രണ്ടിന് മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ഒരു ബാറും തുറക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി ഉറപ്പു പറഞ്ഞിട്ടുണ്ട്. മദ്യവര്‍ജ്ജനമാണ് നയമെന്ന് സിപിഎം പറയുന്നു. മദ്യത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
പക്ഷേ, സുപ്രീം കോടതി വിധിയുടെ മറവില്‍ ബാറുകള്‍ തുറക്കാനാണ് നീക്കം. മറ്റൊരു ഓഖി ദുരന്തമാണ് കേരള സര്‍ക്കാരിന്റെ മദ്യനയം. മദ്യനയത്തിനു ശേഷം വരുന്ന ഹിതപരിശോധനയാണ് ചെങ്ങന്നൂരിലേത്. കത്തോലിക്കാ സഭയുടെ വികാരം അവിടെ കാണാമെന്നും റിമിജിയോസ് ഇഞ്ചനാനി പറഞ്ഞു.
എന്നാല്‍, സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നാണ് ആനത്തലവട്ടം ആനന്ദന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ റിമിജിയോസ് ഇഞ്ചനാനിക്കു മറുപടി കൊടുത്തത്. സഭയുടെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുകയാണെന്നും ചെങ്ങന്നൂരില്‍ കാണാമെന്നും ആനത്തലവട്ടം പറഞ്ഞു.
അരമനകളിലും പള്ളിയിലും മദ്യപിച്ചെത്തുന്നവരെ കയറ്റില്ലെന്നു പറയാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം കെസിബിസിയോടു ചോദിച്ചു.
പുതിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ മൂന്നു ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് തുറക്കാന്‍ പോകുന്നത്.
ദേശീയ, സംസ്ഥാന പാതകഴളില്‍ നിന്ന് 500 മീറ്റര്‍ ഉള്ളില്‍ ബാറുകള്‍ പാടില്ലെന്ന ആദ്യ വിധിയില്‍ സുപ്രീം കോടതി തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇത്തരം പാതകളില്‍ നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ വേണമെങ്കില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഇതിന്റെ മറ പിടിച്ച് സര്‍ക്കാര്‍
മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ തുറക്കാന്‍ നേരത്തേ അനുമതി കൊടുത്തിരുന്നു.
ഇപ്പോള്‍, പഞ്ചായത്തുകളില്‍ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കാനാണ് വഴിയൊരുങ്ങുന്നത്. പതിനായിരം ജനസംഖ്യ എന്ന കണക്കു വന്നാല്‍ എല്ലാ ഗ്രാമങ്ങളിലും ബാര്‍ തുറക്കുന്നതിനു തടസ്സമുണ്ടാവില്ല. ത്രീ സ്റ്റാറിനും അതിനു മുകളിലും സൗകര്യമുള്ള ബാറുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതി കൊടുക്കുകയുള്ളൂ.
ഫലത്തില്‍ പാതയോരത്തു ബാര്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ ആദ്യ വിധി, കോടതിയുടെ തന്നെ രണ്ടാം വിധിയെ മറയാക്കി തിരുത്തുകയാണ് കേരളം.
Keywords: Bar Hotel, Supreme Court, Bar, Oommen Chandy, Pinarayi Vijayan
COMMENTS