റോയ് പി തോമസ് കൊച്ചി: നടന്‍ ദിലീപിനെ നിരപരാധിയായി ചിത്രീകരിച്ച് ഏതു വിധത്തിലും പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിനിമാക്കാ...
റോയ് പി തോമസ്
കൊച്ചി: നടന്‍ ദിലീപിനെ നിരപരാധിയായി ചിത്രീകരിച്ച് ഏതു വിധത്തിലും പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിനിമാക്കാര്‍ നിരനിരയായി താരത്തെ കാണാന്‍ ജയിലിലെത്തിയതെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പു നല്കി.
കൃത്യമായ തെളിവുകള്‍ സഹിതം കോടതിക്കു മുന്നില്‍ പ്രതിയെ എത്തിച്ചിട്ടും കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നതില്‍ അന്വേഷണ സംഘത്തിനും ആശങ്കയുള്ളതായാണ് അറിയുന്നത്.
ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റുന്നതിനും പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്നതിനും ശക്തമായ നീക്കം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഭാഗമായി രാഷ്ട്രീയ ബന്ധമുള്ളവരടക്കം സിനിമയിലെ ഉന്നതര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ജയിയിലെത്തി ദിലീപിനെ കണ്ടതു മുതലാണ് ഇത്തരം സംശയങ്ങള്‍ ബലപ്പെട്ടത്. നിയമപോരാട്ടത്തില്‍ ഓപ്പമുണ്ടെന്ന മോഹന്‍ ലാലിന്റെ സന്ദേശം ദിലീപിനു കൈമാറാനാണ് ആന്റണി എത്തിയതെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ തുടക്കം മുതല്‍ നിഷ്പക്ഷ നിലപാടെടുത്തിരുന്ന ലാല്‍ ദിലീപിനെ അന്ധമായി പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
മമ്മൂട്ടി മനസ്സിലിരിപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ദിലീപുമായി വളരെ നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. ദിലീപ്-കാവ്യാ മാധവന്‍ വിവാഹ വേളയിലും മമ്മൂട്ടി നേരിട്ടെത്തി ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിരുന്നു.
സേവ് ദിലീപ് ഫോറം രൂപീകരിച്ച് നടനെ പുറത്തെത്തിക്കാനുള്ള ശ്രമത്തെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ താരസംഘടന പിളരാനും അതിടയാക്കിയേക്കും.
പൃഥ്വിരാജില്‍ തുടങ്ങി യുവനിരയിലെ വലിയൊരു വിഭാഗം താരങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഓണാശംസ പോലും നേരാന്‍ മറന്നവര്‍ ഓണക്കോടിയുമായി ജയിലില്‍ കയറിയിറങ്ങുന്നതില്‍ ഇക്കൂട്ടര്‍ അസ്വസ്ഥരാണ്. ദിലീപിനെ പരസ്യമായി പിന്തുണച്ചുകൊണ്ടു സൂപ്പര്‍ താരങ്ങള്‍ രംഗത്തുവന്നാല്‍ താരസംഘടനയായ അമ്മ പിളരുമെന്ന് ഒരുവിഭാഗം താരങ്ങള്‍ മുതിര്‍ന്ന നടീനടന്മാര്‍ക്ക് മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.
ഇതേസമയം, സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയിലുമാണ്. അന്വേഷക സംഘത്തെ ഈ ഘട്ടത്തില്‍ മാറ്റിയാല്‍ കോടതി പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കുഴപ്പമുണ്ടാകുമെന്ന നിയമോപദേശമാണ് സര്‍ക്കാരിനു കിട്ടിയിട്ടുള്ളത്. മാത്രമല്ല, പൊതു ജനത്തിനിടയിലും സര്‍ക്കാരിനു മോശം പ്രതിച്ഛായയുണ്ടാക്കാന്‍ ഇതിടയാക്കും. ഇതെല്ലാം തിരിച്ചറിഞ്ഞു മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ. ഇതുവരെ, അന്വേഷക സംഘത്തിന് മുഖ്യമന്ത്രി പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്.
വിചാരണക്കോടതിയും ഹൈക്കോടതിയുമെല്ലാം ജാമ്യം നിഷേധിക്കുകയും നിര്‍ഭയ കേസിലും ക്രൂരമെന്നു കോടതി വിലയിരുത്തുകയും ചെയ്ത കേസിലെ പ്രതിക്കു വേണ്ടി എന്തു നിലപാടായിരിക്കും മുഖ്യമന്ത്രി സ്വീകരിക്കുക എന്നറിയാനും കൗതുകത്തോടെ കാത്തിരിക്കുകയാണ് പൊതു സമൂഹം.
COMMENTS