കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ മധ്യപ്രദേശ...
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ മധ്യപ്രദേശ് പൊലീസ് മുൻകൂർ ജാമ്യ ഹർജിയെ എതിർത്തു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു. എന്നാൽ തനിക്ക് പ്രായപൂർത്തിയായി എന്ന നിലപാടാണ് പെൺകുട്ടി കോടതിയിൽ സ്വീകരിച്ചത്. തുടർന്ന് ഹർജിയിൽ വിധി പറയുന്നത് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് നാളേക്ക് മാറ്റുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവരെ വിവാഹം കഴിച്ചിരിക്കുന്ന മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദങ്ങളാണ് മധ്യപ്രദേശ് പൊലീസ് കോടതിയിൽ ഉന്നയിച്ചത്. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കൈക്കലാക്കാൻ രേഖകളിൽ തിരുത്തൽ വരുത്തിയെന്നും ജനന റജിസ്ട്രാർക്ക് മുന്നിൽ പെൺകുട്ടി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും പൊലീസ് വാദിച്ചു. ബിഎൻഎസ് പ്രകാരം വ്യാജരേഖ ചമച്ചതിന് ഇവർക്കെതിരെ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തിൽ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാൽ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും മധ്യപ്രദേശ് പൊലീസ് വാദിച്ചു. തുടർന്ന് റജിസ്റ്റർ ചെയ്ത വിവാഹവും നിയമപരമായി നിലനിൽക്കില്ല. പെൺകുട്ടിയെ കേസിൽ ഒരു ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നൽകാൻ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടി കോടതിയിൽ വാദിച്ചത്.
Key Words : Kumbhmela Viral Girl, Birth Certificte Case

COMMENTS