ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. വിജയ് നയിക്കുന്ന തമിഴക വെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നൽകുന്ന കാര്യത്തിൽ വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) ഇന്ന് വൈകിട്ട് നാല് മണിക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കും. പാർട്ടി ആസ്ഥാനത്ത് നടക്കുന്ന നിർണ്ണായക യോഗത്തിന് ശേഷമായിരിക്കും തീരുമാനം അറിയിക്കുക.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത്, 108 സീറ്റുകൾ നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2) എന്നീ പാർട്ടികളുടെ പിന്തുണയോടെ നിലവിൽ ടിവികെ സഖ്യത്തിന് 117 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കൂടി ആവശ്യമായ സാഹചര്യത്തിൽ രണ്ട് എംഎൽഎമാരുള്ള വിസികെയുടെ നിലപാട് സർക്കാരിന്റെ നിലനിൽപ്പിന് അതിനിർണ്ണായകമാണ്.
ഭരണത്തിൽ പങ്കാളിത്തം വേണമെന്നതാണ് വിസികെയുടെ പ്രധാന ആവശ്യം. ഉപമുഖ്യമന്ത്രി പദം വിസികെ ആവശ്യപ്പെടുമ്പോൾ, നഗരവികസന മന്ത്രിസ്ഥാനം നൽകാമെന്നാണ് ടിവികെയുടെ വാഗ്ദാനം. ചർച്ചകൾ നീളുന്ന സാഹചര്യത്തിൽ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിസികെയുടെ തീരുമാനം പുറത്തുവന്നാലുടൻ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാൻ വിജയ് ഗവർണറെ കാണുമെന്നാണ് സൂചന.
Key Words : VCK, TVK, Vijay

COMMENTS