തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് (Train No. 12431) വൻ തീപിടിത്ത...
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് (Train No. 12431) വൻ തീപിടിത്തം. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 5:15-ഓടെയാണ് അപകടം സംഭവിച്ചത്. എന്നാൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം മലയാളി യാത്രക്കാരടക്കം ട്രെയിനിലുണ്ടായിരുന്ന മുഴുവൻ പേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
എഞ്ചിൻ കാബിൻ, ഗാർഡ് റൂമുള്ള എസ്.എൽ.ആർ (SLR) കോച്ച്, യാത്രക്കാരുണ്ടായിരുന്ന ബി1 (B1) എസി കോച്ച് എന്നിവയിലേക്കാണ് തീ പടർന്നത്. ഇതിൽ രണ്ട് ബോഗികൾ പൂർണ്ണമായി കത്തിനശിച്ചു. മുൻഭാഗത്തെ കോച്ചുകളിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എമർജൻസി ബ്രേക്ക് ഇട്ട് തീവണ്ടി നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരെ അതിവേഗം പുറത്തിറക്കിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.കോട്ടയിൽ നിന്ന് അഗ്നിശമനസേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായി സംശയിക്കുന്നത്. അപകടത്തെ തുടർന്ന് ഈ റൂട്ടിലെ റെയിൽവേ ലൈനിലെ വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചതിനാൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ട്രെയിൻ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്.
Key Words : Thiruvananthapuram - Delhi Rajdhani Express, Train Catches Fire

COMMENTS