തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി. പിണറായി വിജയൻ പ്രതിപക്ഷ ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്ന് സിപിഎം കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ചേർന്ന യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രാദേശിക നേതാക്കൾ കടുത്ത വിമർശനങ്ങളുമായി പരസ്യമായി രംഗത്തുവന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് വെറും ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കെതിരെയുള്ള ജനവികാരമാണെന്ന് കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും കുറ്റപ്പെടുത്തി. ഇരുവരും സ്വയം പദവികൾ ഒഴിഞ്ഞില്ലെങ്കിൽ പാർട്ടി അവരെ ചുമതലകളിൽ നിന്ന് നീക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
62 വയസ്സുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ, പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമുള്ള 80 കഴിഞ്ഞ പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. പിണറായി വിജയന്റെ പഴയകാല ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങൾ ജനങ്ങളിൽ ഉണ്ടാക്കിയ അതൃപ്തിയാണ് തോൽവിക്ക് പ്രധാന കാരണം. മുൻപ് എ. വിജയരാഘവൻ തന്റെ ഭാര്യയെ മത്സരിപ്പിച്ചു മന്ത്രിയാക്കിയതുപോലെ, ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചു മന്ത്രിയാക്കാൻ ശ്രമിച്ചുവെന്നും ഇത് പാർട്ടി അണികളിൽ വലിയ വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും വിമർശനമുയർന്നു.
നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണത തുടർന്നാൽ ഭരണം നഷ്ടപ്പെട്ട പഴയ സി.പി. രാമസ്വാമി അയ്യരുടെ ഗതിയാകും പാർട്ടിക്കുണ്ടാകുകയെന്ന് പുനലൂരിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലും സമാനമായ രീതിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. പിണറായി വിജയന് പ്രായപരിധിയിൽ പ്രത്യേക ഇളവ് നൽകിയത് പാർട്ടിക്ക് തുടർച്ചയായ ഭരണം നേടി മുഖ്യമന്ത്രിയാകാനായിരുന്നുവെന്നും, അല്ലാതെ തിരഞ്ഞെടുപ്പ് തോറ്റ ശേഷം പ്രതിപക്ഷ നേതാവായി ഇരിക്കാനല്ലെന്നും അംഗങ്ങൾ തുറന്നടിച്ചു.
പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജയെ വ്യക്തിപരമായ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും, ധീരതയുണ്ടായിരുന്നെങ്കിൽ ആ സീറ്റിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങിയ പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന മറ്റ് 12 ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഈ നേതൃത്വ വിരുദ്ധ വികാരം കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Key Words : Pinarayi Vijayan , M.V. Govindan

COMMENTS