ഗാസ സിറ്റി: ഹമാസ് സൈനിക വിഭാഗത്തിന്റെ ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്...
ഗാസ സിറ്റി: ഹമാസ് സൈനിക വിഭാഗത്തിന്റെ ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹദ്ദാദിന്റെ ഭാര്യയും മകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച ഗാസയിൽ ഇവരുടെ ശവസംസ്കാര ചടങ്ങുകൾ നടന്നു.
മുൻ കമാൻഡർ മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഹദ്ദാദ് ഹമാസ് സായുധ വിഭാഗത്തിന്റെ കമാൻഡർ പദവി ഏറ്റെടുത്തത്. ഒക്ടോബർ 7-ലെ ഇസ്രയേൽ വിരുദ്ധ ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായ ഇദ്ദേഹം, ഇസ്രയേലിന്റെ നിരവധി വധശ്രമങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ളതിനാൽ 'ദി ഗോസ്റ്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
ഹമാസ് സൈനിക നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഹദ്ദാദിന്റെ മരണം. ഈ സംഭവം നിലവിലുള്ള വെടിനിർത്തൽ ചർച്ചകളെയും സമാധാന ശ്രമങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Key Words : Hamas military commander , Izz al-Din al-Haddad

COMMENTS